Friday, November 28, 2014

തനിച്ച്‌...

തനിച്ച്‌... തലക്കെട്ട്‌ വായിച്ചിട്ടു വിഷയം ഒറ്റയ്ക്കാവുന്നതിന്റെ സങ്കടങ്ങളെ കുറിച്ചും ഏകാന്തതയുടെ അപാരത്തീരങ്ങളെ കുറിച്ചുമൊക്കെയാണെന്നു വിചാരിച്ചു പോകല്ലേ.. വല്ലപ്പോഴും എഴുതുന്നതാണീ എഴുത്തെങ്കിലും ഇപ്പോൾ വളരെയധികം കാലമായി എഴുതിയിട്ട്... ഈ പേജിലൂടെ കണ്ണോടിച്ചിരുന്നിട്ട് പുതിയതെന്തെങ്കിലും എഴുതണമല്ലോ എന്നൊക്കെ വിചാരിയ്ക്കും .. പിന്നെ എന്താ എഴുതാ, എന്തിനെ കുറിച്ചാ എഴുതാ എന്നൊക്കെ ആലോചിയ്ക്കുമ്പോൾ മനസ്സും ബുദ്ധിയുമൊക്കെ മരവിച്ചു പോകും.. എന്താണ് കാരണമെന്ന് ആലോചിച്ചിട്ടൊന്നും പിടികിട്ടിയതുമില്ല..

അങ്ങനെയിരിക്കെ, ഇന്നാളൊരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഓഫീസിനു പുറത്തിട്ടിട്ടുള്ള കസേരകളിൽ ഒന്നിൽ പോയിരുന്നു.. അത്യാവശ്യം മരങ്ങളും കാഴ്ച്ചകളുമൊക്കെയുള്ള തിരക്കു കുറഞ്ഞൊരു സ്ഥലമായിരുന്നു അത്.. അപ്പുറത്തും ഇപ്പുറത്തുമുള്ള മേശകളിൽ ആളുണ്ടായിരുന്നെങ്കിലും കൂടെയാരുമില്ലായിരുന്നു.. ചുറ്റുപാടും ഇങ്ങനെ നോക്കിയിരിയ്ക്കെ പെട്ടെന്ന് മനസ്സിലൊരു സന്തോഷം.. അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്, ഞാൻ തികച്ചും തനിച്ചാണെന്ന്.. കൂട്ടിനൊരു മനുഷ്യജീവിയുടെ അഭാവമല്ല എന്നെ അത്ഭുതപ്പെടുത്തിയത്, ഞാനെന്റെ ഫോണ്‍ എടുക്കാൻ മറന്നു പോയിരിയ്ക്കുന്നു...



വിളികളോ സന്ദേശങ്ങളോ ഇമെയിലുകളോ ഫേസ്ബുക്കോ വാർത്തകളോ ചിത്രങ്ങളോ ബ്ലോഗുകളോ ഒന്നുമില്ലാതെ തികച്ചും തനിച്ച്.. ഹായ് .. എന്തൊരു പുതുമ.. മനസ്സ് തണുക്കുന്ന പോലെ.. ലോകത്തും മറ്റുള്ളവരുടെ ജീവിതത്തിലും എന്ത് നടക്കുന്നുവെന്നറിയേണ്ടാത്ത, അതിനെ കുറിച്ച് വേവലാതിപ്പെടെണ്ടാത്ത കുറച്ചു നിമിഷങ്ങൾ !! ചുറ്റുപാടുമുള്ള മരങ്ങളും പൂക്കളും കിളികളും കാറ്റും വെളിച്ചവും എല്ലാം മനോഹരം..

അപ്പോഴുണ്ട്, ഭയങ്കരമായി കലപില കലപില പറഞ്ഞ് രണ്ടു കുഞ്ഞു കുരുവികൾ.. രണ്ടിനേം കാണാനൊരേ നിറവും രൂപവുമൊക്കെയാണെങ്കിലും അതൊരു അമ്മക്കുരുവിയും കുഞ്ഞുക്കുരുവിയുമാണെന്നാണ്‌ എനിയ്ക്കു തോന്നിയത്.. കാരണം ഒന്നിനു മറ്റതിനേക്കാളും കുറച്ചു വലുപ്പമുണ്ടായിരുന്നു.. സാധാരണ ഇത്തരം കുഞ്ഞിപക്ഷികൾക്ക് ഒരേ വലുപ്പമാണ് തോന്നാറുള്ളത്.. മാത്രമല്ല, എനിയ്ക്കത് അമ്മയും കുഞ്ഞുമാണെന്ന് തോന്നിയത് ചെറിയ ആൾടെ പ്രകടനം കണ്ടിട്ടു കൂടിയാണ്..

അതൊരു നിമിഷാർദ്ധം പോലും ഒതുങ്ങിയിരിയ്ക്കുന്നുണ്ടായിരുന്നില്ല.. (പൊതുവെ, കിളികൾ അങ്ങനെയാണെങ്കിലും, ഇതിങ്ങനെ നിലത്ത് അങ്ങട്ടുമിങ്ങട്ടും പെട്ടെന്ന് പെട്ടെന്ന് ചാടിക്കൊണ്ടിരിയ്ക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു..) അമ്മക്കിളി അതിന്റെ അടുത്തെത്താൻ നോക്കുമ്പോഴേയ്ക്കും അതു വേറൊരു സ്ഥലത്തെത്തി കാണും.. അവസാനം കലപില കലപില പറഞ്ഞ് രണ്ടുപേരും ഒരു സ്ഥലത്തെത്തി.. അമ്മക്കിളി കൊക്കിൽ നിന്നും കുഞ്ഞിക്കിളിയുടെ വായിലേക്കു ഭക്ഷണം കൊടുത്തു.. അത് കിട്ടിയ പാടെ, കുഞ്ഞിക്കിളി വീണ്ടും പറന്ന് വേറൊരിടത്ത് പോയി.. അമ്മക്കിളി മണ്ണിൽ എന്തൊക്കെയോ ചികഞ്ഞെടുത്ത് വീണ്ടും പിന്നാലെ പായുക തന്നെ.. വീണ്ടും ഒരു വായ കൂടി ഭക്ഷണം കുഞ്ഞുക്കുരുവിയ്ക്ക്.. വീണ്ടും ഓട്ടം തന്നെ.. "ഇവിടെ വാ.. ഇവിടെ വാ.. " എന്ന് കിളി ഭാഷയിൽ പിന്നാലെ അമ്മയും.. അതിങ്ങനെ കുറച്ചു നേരം തുടർന്നു .. പിന്നെ എനിയ്ക്കു കാണാൻ പറ്റാത്ത എവിടെയ്ക്കോ പറന്നു പോയി രണ്ടാളും..




ഇതിലെന്തിരിയ്ക്കുന്നു, ഇതിത്ര വിസ്തരിയ്ക്കാൻ മാത്രമെന്തുണ്ട്, എന്നൊക്കെ ചിലർ കരുതുന്നുണ്ടാവും.. ലോകത്തെമ്പാടും അമ്മയോ അച്ഛനോ (ഏതു വർഗ്ഗത്തിലാണെങ്കിലും ) കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം കൊടുക്കുന്നുണ്ടാവും.. കൊടുത്തു കൊണ്ടെയിരിയ്ക്കുന്നുമുണ്ടാവും.. തികച്ചും സാധാരാണമാണിതെങ്കിലും ആ കുഞ്ഞുക്കുരുവിയുടെ കുസൃതി കണ്ടപ്പോൾ ഞാനെൻറെ ഉണ്ണിയെക്കുറിച്ചുമാലോചിച്ചു ... ഓരോ വായ കഴിച്ചിട്ട് കുസൃതികളൊപ്പിച്ചു  അടങ്ങിയൊതുങ്ങി ഇരിയ്ക്കാത്ത അവന്റെയും, ഭക്ഷണം കഴിപ്പിയ്ക്കാൻ പിന്നാലെ പാഞ്ഞിരുന്ന എന്റെയും ചിത്രം മനസ്സിൽ കണ്ടു....  ഉള്ളിൽ വീണ്ടുമൊരു സന്തോഷം.. ഒരു കുളിർമ.... ഒരു ആർദ്രത ... മനസ്സിങ്ങനെ തനിച്ച്...

യാദൃശ്ചികമെന്നെനിയ്ക്കു തോന്നിയ ഈ കാഴ്ച്ച എന്റെ കൈയ്യിൽ ഫോണ്‍ ഉണ്ടായിരുന്നെങ്കിൽ ഞാൻ കാണില്ലായിരുന്നുവെന്നത് നൂറു ശതമാനം സത്യം.. അപ്പോഴാണ്‌ ഓർത്തത്‌ ഞാനിങ്ങനെ തനിച്ചിരുന്നിട്ടു കാലമെത്രയായി എന്ന്.. ഇന്നത്തെ കാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും കൂടെയല്ലാത്തപ്പോൾ പോലും നമ്മൾ ഒറ്റയ്ക്കാവുന്നില്ല.. എല്ലാവരും ഇങ്ങനെയായിരിയ്ക്കില്ലാ,  എങ്കിലും ചുറ്റുപാടും കാണുമ്പോൾ മിക്കവാറും പേർ ഇങ്ങനെയല്ലേ എന്ന് തോന്നി പോവുന്നു..

എന്റെ തന്നെ ഉദാഹരണം എടുക്കുകയാണെങ്കിൽ, പണികളൊന്നും ചെയ്യാനില്ലാതെ, സംസാരിയ്ക്കാൻ ആരുമില്ലാത്ത നേരത്താണെങ്കിൽ, ഒന്നല്ലെങ്കിൽ ടി.വി.യുടെ മുന്നിലായിരിയ്ക്കും.. അല്ലെങ്കിൽ കമ്പ്യുട്ടർ, ടാബ്ലെറ്റ്‌, ഫോണ്‍, എന്നിങ്ങനെ എന്തെങ്കിലും ഞെക്കിക്കൊണ്ടിരിയ്ക്കുകയായിരിയ്ക്കും... യാത്ര ചെയ്യുമ്പോൾ പോലും പാട്ടുകൾ, റേഡിയോ അങ്ങനെയെന്തെങ്കിലും കേട്ടുക്കൊണ്ടിരിയ്ക്കും.. വളരെ വിരളമായി പുസ്തകങ്ങളും  ഈ ലിസ്റ്റിൽ എവിടെയെങ്കിലും ഇടം പിടിയ്ക്കും... (ബോധപൂർവ്വം ചെയ്യുന്നതല്ല  ഇതെങ്കിൽ കൂടിയും, വല്ലാതെ ഈ ഉപകരണങ്ങൾക്കു ആശ്രിതരായി പോകുന്നു, അല്ലേ ?? ) ഫേസ്ബുക്കിൽ ഒരു പൂച്ചക്കുട്ടിയുടെ പടം കണ്ടിട്ട് ഇഷ്ടപ്പെടുന്നവരും അഭിപ്രായം പറയുന്നവരും അടുത്തുക്കൂടെ ഒരു ആനക്കുട്ടി പോയാൽ പോലും അറിയുന്നുണ്ടാവില്ലാ എന്നു തോന്നും ചിലപ്പോൾ ... അതിനൊക്കെ സമയമെവിടെ എന്നാണു ഒഴികഴിവ്....

ഞാൻ, എന്റെ മനസ്സും ബുദ്ധിയും, എന്റെ വിചാരങ്ങളും വികാരങ്ങളും മാത്രമായിട്ടിരിയ്ക്കുക എന്നതുണ്ടാവുന്നതെയില്ല.... പറഞ്ഞു വരുന്നത്, ഇങ്ങനെ ഒട്ടും ഒറ്റയ്ക്കാവത്തപ്പോൾ, പിന്നെയെങ്ങനെ പുതിയ ചിന്തകൾ ഉണ്ടാവും.. മനസ്സ് പറയുന്നത് കേൾക്കാൻ എപ്പോൾ സമയമുണ്ടാവും.... ആശയങ്ങൾക്ക് പിറവി കൊടുക്കാനൊരു പഴുതുപോലും കൊടുക്കാതിരിയ്ക്കുമ്പോൾ, പിന്നെയെങ്ങനെ എഴുതാൻ വിഷയം കിട്ടും... ???

ഇങ്ങനെയൊരു വെളിപാട് സിദ്ധിച്ച സ്ഥിതിയ്ക്കു ചെറിയൊരു തീരുമാനമെടുത്തേയ്ക്കാം എന്ന് കരുതുന്നു.. തനിച്ചിരുന്ന്, ആലോചിച്ചുണ്ടാക്കി പേജായ പേജെല്ലാം എഴുതി തീർക്കും എന്നൊന്നുമല്ല (ആരും പേടിയ്ക്കണ്ടാ.. ), ചെറിയ ചെറിയ സന്തോഷങ്ങൾ മനസ്സിൽ നിറയ്ക്കാൻ, ഇനിയും പുതിയ കാഴ്ചകൾ കാണാൻ, ചെറുതായി കൌതുകം കൊള്ളാൻ, ഒരു ദിവസം  കുറച്ചു നിമിഷങ്ങൾ ഞാനിനിയെന്നും തനിച്ച് ......!!!



No comments: