Friday, October 23, 2020

ഒരു പൊഴുതുപ്പാട്ട് ...

 


കരിംനീലരാവിനു ഇളംവെയിലിൻ താപമെന്നാകിലും 
വൈരക്കല്ലുപ്പുടവ പുതച്ചുറങ്ങുന്നു മാനമിന്നിങ്ങനെ ...
മണ്ടിക്കിതയ്ക്കുമീ മാരുതനും മറന്നുവോ, തെല്ലൊന്നു-
മാടിയൊതുക്കുവാൻ അലസമീയിരുൾമുടിയിഴകളെ ...

പഴകിയതാം, പാണനുപേക്ഷിച്ചതാം പൊട്ടിയ-
തുടിക്കൊട്ടി പാടുന്നു ചിത്തമിന്നെന്തിനോ ...
ഉറക്കുപ്പാട്ടല്ലിതു, ണർത്തുപ്പാട്ടുമല്ലിത് -
ഉറവയുറഞ്ഞൊഴുകും പ്രാണവ്യഥകളല്ലോയിത്‌ ....

സ്നേഹപ്പൊട്ടുകൾ പെയ്തിറങ്ങുകയില്ല,
അമൃതനൂലിഴകളായീ പാട്ടിൽ ...
പുഴയും പൂങ്കിളിയും പൊന്നശോകങ്ങളും  
മതിമറന്നുന്മത്ത നൃത്തമാടുകയുമില്ല !

വിശപ്പുമാറ്റുമൊരുമണിച്ചോറാവില്ല -
ദാഹമാറ്റുമലിവിൻ തീർത്ഥമായ് മാറുകില്ല ...
ഇരുൾവത്കലം നീക്കിമാറ്റുവാനായിരം -
സൂര്യാംശുനെഞ്ചേറ്റുമുഷസ്സായി പൂക്കുകയുമില്ല!

എങ്കിലും, പാടുന്നുവീ ഹൃദയം...
മറ്റാരും കേൾക്കാ നാദവീചികളിൽ....
മറ്റാർക്കുമറിയാ സ്വരവ്യഞ്ജനങ്ങളിൽ ....
പഴകിയതാം, പാണനുപേക്ഷിച്ചതാം പെരും -
തുടിക്കൊട്ടി പാടുന്നുവീ ഹൃദയമിന്നെന്തിനോ  ...

പാടാതിരിക്കുവാനതിനാവില്ലല്ലോ ,
പാടാതിരിയ്ക്കണമെന്നുമതറിയുന്നീല്ലല്ലോ ...
പാടുന്നു, പാടുന്നു, പാടുന്നുവീ ഹൃദയം 
പാടുന്നു പ്രേമാർദ്രമാർന്നു വീണ്ടും....!!



Friday, February 14, 2020

ചില ഭ്രാന്തുകൾ ...


ചിരിയിൽ നിന്നും തേങ്ങലിലേയ്ക്കുള്ള ദൂരങ്ങൾക്കിടയിൽ 
നിന്നെ ഞാൻ കൈവിടുന്നു 
മിഴി പെയ്തു തോരുമ്പോൾ തനിയെ പടരും നനുത്ത ചിരിയിൽ 
നമുക്കു വീണ്ടും കൈ കോർക്കാം 
എൻ സങ്കടങ്ങൾ, എൻ വിതുമ്പലുകൾ 
എന്റേതു മാത്രമാവട്ടെ...
അവയ്ക്കു സാക്ഷിയെൻ നിഴൽ  മാത്രമാവട്ടെ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എൻ വാചാലതകൾക്കിടയിൽ പതുങ്ങും മൗനം 
നീയറിയാതെ പോവുമ്പോഴൊക്കെയും;
വാക്കുകൾ കൊണ്ടവയെ പറഞ്ഞറിയിക്കാൻ -
ശ്രമിച്ചു തോൽക്കുമ്പോഴൊക്കെയും 
കടുംചായങ്ങൾക്കുമപ്പുറം,
കറുപ്പു കൊതിയ്ക്കും മനമുണ്ടതിൻ 
ഇരുൾവെട്ടത്തിലേയ്ക്കു മെല്ലെ ഞാൻ മറയട്ടെ  ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എന്റേതായിരുന്ന സ്വപ്‌നങ്ങൾ, മോഹങ്ങൾ, വാക്കുകൾ
എന്നോ പണയപ്പെടുത്തിയ ഭക്തിയും പ്രണയവും ആത്മാവും 
നിമിഷാർദ്ധമെങ്കിലും ഞാനപ്പോൾ തിരിച്ചെടുക്കട്ടെ ...
മറന്നു പോയതെല്ലാം, മാറാല പിടിച്ചതെല്ലാം 
പൊടി തട്ടിയുണർത്തട്ടെ....
വീണ്ടും വന്നെല്ലാം  നീ പിടിച്ചടക്കും മുൻപു,
മതി വരുവോളം ഞാനൊന്നു പൊട്ടിച്ചിരിയ്ക്കട്ടെ...
കൊതി തീരുവോളം ജല്പനങ്ങളുതിർക്കട്ടെ....
ഭ്രാന്തി... വെറുമൊരു ഭ്രാന്തി!!