Sunday, February 07, 2021

ഒരു വാലെന്റൈൻ കടങ്കഥ

    



പാതിവഴിയിൽ അന്നു ഞാനുപേക്ഷിച്ചതു 
നിന്നെയല്ല; 
നിന്നോടുള്ള പ്രണയത്തെയായിരുന്നു..
അതിനാൽ, നാം പിന്നെയും -
സ്നേഹവായ്‌പോടെ മാത്രം പുഞ്ചിരിച്ചൂ, 
ഏറ്റം കനിവോടെ മിണ്ടിയുംപറഞ്ഞുമിരുന്നു...
പരസ്പരം, പാരിതോഷികങ്ങളും  
സ്നേഹസന്ദേശങ്ങളും നൽകി 
പ്രിയദിനങ്ങളെ മധുരം കൊണ്ടു നിറച്ചൂ...

ലോകത്തോടുള്ള ദേഷ്യമെല്ലാം എന്നോടു 
കലഹിച്ചു തീർത്തു നീ ..
നിന്റെ പാപങ്ങളെല്ലാം ഏറ്റു പറഞ്ഞു
മാനസാന്തരപ്പെട്ടു നീ ..
നിന്റെ ചിരികൾക്കും നോവുകൾക്കും സ്വപ്നങ്ങൾക്കും 
ആധിവ്യാധികൾക്കും ഉയർച്ചതാഴ്ചകൾക്കും  
എന്നുമെന്നെ സാക്ഷിയാക്കി;  
മന:സൂക്ഷിപ്പുകാരിയാക്കി ..

പക്ഷേ ഒരുനാളും ആരാഞ്ഞതില്ല നീ -
എന്റെ കൺകളിലെ വിഷാദത്തി-
നെന്തിത്ര കറുപ്പെന്ന് ..
എന്റെ മൗനങ്ങളുടെ അലർച്ചകൾ-
ക്കെന്തിത്ര മുഴക്കമെന്ന് ..
എന്റെ പുഞ്ചിരിയുടെ ചുളിവുകളി-
ലെന്തിത്ര നിഗൂഢതയെന്ന് ..
എന്റെ ഏകാന്തതയുടെ നെടുവീർപ്പുകൾ-
ക്കെന്തിത്ര തണുപ്പെന്ന് ..

നീയിതെല്ലാം കാണാതെയറിയാതെ 
പോകുന്നുവെന്നു തിരിച്ചറിയുമ്പഴും, 
സമചതുരമാർന്ന വൃത്തത്തെ തിരയും പോൽ 
നിനയാത്ത നേരത്തിന്റെ ഇടവഴിയിൽ വെച്ചു 
നീയിതു ചോദിച്ചെങ്കിലെന്നു -
ഞാൻ വൃഥാ ആശിക്കുകയും 
നിരാശപ്പെടുകയും ചെയ്തു കൊണ്ടിരുന്നു ...

കാരണം;
പ്രണയത്തിന്റെ ഉണ്മയറിഞ്ഞതും, 
ഉന്മത്തയായതും 
ഞാൻ മാത്രമല്ലേ 
പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ 
ചോരപൊടിഞ്ഞതും കരൾ പിടഞ്ഞതും 
എന്റേതു മാത്രമല്ലേ ...
ചുവപ്പുവിഷം തീണ്ടാത്തതല്ലോ 
നീ നീട്ടും സ്നേഹചഷകം 
എന്നിട്ടും അതു നുകർന്നു ഞാൻ 
മരിച്ചു വീഴുന്നതെന്തു കൊണ്ട് ....??




Wednesday, February 03, 2021

കടലാഴങ്ങൾ...

 

നാഴികവിനാഴികകൾ മണൽ തരികളായ് പൊഴിഞ്ഞു -
നിൻ ആഴികളിൽ വേലിയേറ്റമൊരുക്കുമ്പോൾ...
തലയ്ക്കും മീതെയായ് അലയടിക്കുന്നൂ ആകുലതകൾ, 
നിലതെറ്റാതിരിക്കാനായ് നീന്തിത്തുടിക്കുന്നൂ  പ്രതീക്ഷകൾ..

നിൻ വിരൽത്തുമ്പിനരികിലൊരു, 
കൊച്ചുവള്ളമുണ്ടെന്നാരോ സ്വകാര്യമായ് -
മൊഴിഞ്ഞതു സ്വപ്നത്തിൽ മാത്രമത്രേ ...

മേഘത്തുണ്ടുകളാൽ കുശലം പറഞ്ഞു,
നിന്നെ നോക്കിയുണർന്നുറങ്ങുമീ -
ആകാശപ്പൊട്ടു മാത്രം നിന്റെയത്രേ ....




വിരുന്നു വരാൻ മറന്ന കടൽപ്പക്ഷി കരയുമ്പോൾ, 
വിഭ്രാന്തികൾതൻ തുരുത്തിൽ മൗനം കനക്കുമ്പോൾ ...
പൊയ്മുഖങ്ങൾക്കപ്പുറം കാഴ്ച്ചകൾ മങ്ങുമ്പോൾ,
പൊങ്ങുതടി കണക്കീയലകളിൽ  ഒഴുകുമ്പോൾ;

ആടണം പാടണം ആർപ്പുവിളിക്കണം,
ഓർമ്മപ്പുതപ്പിനുള്ളിൽ കിനാക്കണ്ടുറങ്ങണം ...
ജീവനുണ്ടെന്നും ജീവച്ഛവമല്ലെന്നും 
പേർത്തും പേർത്തും ജപിക്കണം 
നീ പിന്നെ ...
പേർത്തും പേർത്തും ജപിക്കണം 
നീ വെറുതെ !!