Wednesday, December 23, 2015

ഒരു കള്ളക്കഥ ...


ഇഞ്ചിനീര് പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെയായി തലസ്ഥാന നഗരിയിൽ സസുഖം വാഴുന്ന കാലം...  മണിക്കൂറിനു മണിക്കൂറിനു രാമുവിന്റെ കടയിൽ പോയി അരമണിക്കൂർ കത്തിവെച്ച്, കാപ്പിയും പഴംപൊരിയും തിന്ന് മാനേജറുടെ കണ്ണിൽപ്പെടാതെ സീറ്റിൽ തിരിച്ചെത്തുക എന്നൊരു വേവലാതി ഒഴിച്ച് മറ്റു വേവലാതികളും പ്രാരാബ്ധങ്ങളും ഇല്ലാത്ത സുവർണ്ണ കാലം....



താമസം സുഹൃത്തുക്കളുടെ കൂടെ പേയിംഗ് ഗസ്റ്റ് ആയിട്ടാണ്.. സാധാരണ ഗതിയിൽ പേയിംഗ് ഗസ്റ്റ് ആവുമ്പോ വീടിന്റെ ഒരു നിലയിൽ ഉടമസ്ഥരും മറ്റു നിലയിൽ / നിലകളിൽ ഇങ്ങനെയുള്ള ഗോസ്റ്റുകളും ആയിരിക്കും. പക്ഷെ ഞങ്ങൾ താമസിയ്ക്കുന്നവിടെ സംഭവം ഇത്തിരി വ്യത്യസ്തമായിരുന്നു... വീടിന്റെ ശരിയ്ക്കുള്ള ഉടമസ്ഥർ പുറംരാജ്യത്തെവിടെയോ ആയിരുന്നതിനാൽ വീട് മുഴുവൻ ഇങ്ങനെ ജോലിയ്ക്കു പോകുന്ന പെണ്‍ക്കുട്ടികൾക്ക് താമസിയ്ക്കാൻ കൊടുത്തിരിയ്ക്കാണ് ... മേൽനോട്ടം നടത്തുന്നത്, അതെ വളപ്പിൽ വേറൊരു വീട്ടിൽ താമസിയ്ക്കുന്ന അവരുടെ അച്ഛനും അമ്മയും ആയിരുന്നു...

സംഭവം വീട് മുഴുവൻ നമ്മുടെ കൈയ്യിൽ ആവുന്നതിന്റെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും, രാത്രി ആവുമ്പോ എല്ലാ വാതിലും ജനലും കുറ്റി ഇട്ടിട്ടില്ലേ നോക്കണം, ഓരോ നേരത്ത് ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്നവർക്കോ പോകുന്നവർക്കോ വാതിൽ തുറന്നു കൊടുക്കാനും, ഉറക്ക പിച്ചിൽ അത് ഭദ്രമായി തിരിച്ചു വീണ്ടും പൂട്ടാനും ഓർത്തിരിയ്ക്കണം എന്നീ ചെറിയ ബുദ്ധിമുട്ടുകളുണ്ട്... മാത്രമല്ല, ആ വീടിനാണെങ്കിൽ പുറത്തേയ്ക്ക് കടക്കാൻ വാതിലുകൾ അവിടെയും ഇവിടെയുമൊക്കെയുണ്ട്... ഏറ്റവും വയ്യാവേലി ഉണ്ടാക്കിയിരുന്നത്, മുകളിൽ മൂന്നാമത്തെ നിലയിൽ പുറത്തു തുണി ഉണക്കാൻ  റ്റെറസിലേയ്ക്കുള്ള വാതിലാണ് ..... അതിനു നാലഞ്ചു സാക്ഷകളും കൊളുത്തും വിലങ്ങനെ ഇരുമ്പു വടിയും ഒക്കെയുണ്ട്... മാത്രമല്ല, ആ വീട് തിരക്കുള്ള ഒരു കവലയുടെ അടുത്തായിരുന്നു... തൊട്ടപ്പുറം ഒരമ്പലവും !!  അതോണ്ട് എപ്പഴും ആൾക്കാരും വണ്ടികളും ഒക്കെയായി ബഹളമയമാണ് ..

വേറൊരു വീട്ടിലുള്ള ആന്റിയായിരുന്നു ഞങ്ങളുടെ ഭക്ഷണ കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്... സാധാരണ വീടുകളിലെ പോലത്തെ ഭക്ഷണമൊക്കെ ഉണ്ടാക്കി  മൂന്നു നേരം തന്നിരുന്നെങ്കിലും വടക്കൻ രുചി മാത്രം പഥ്യമുള്ള നാവിനെ തൃപ്തിപ്പെടുത്താൻ ഒരു ദിവസം ആര്യഭവൻ, ഒരു ദിവസം കലവറ, ചിലപ്പോ ധാബ അല്ലെങ്കിൽ തട്ടുകട അങ്ങനെ പോകും കാര്യങ്ങൾ... അന്ന് പിന്നെ ഷൈനിയുടെ പിറന്നാൾ കൂടിയായിരുന്നു... അപ്പൊ പിന്നെ, ഓഫീസ് വിട്ടു വന്നു ഞങ്ങൾ സഹമുറിയത്തികൾ മൂവരും ചേർന്ന് പുറത്തു കറങ്ങാനുള്ള പരിപാടിയിട്ടു.. അമ്പലത്തിൽ പോവുക, ഷൈനിയ്ക്കു  ഗിഫ്റ്റ് മേടിയ്ക്കുക,  കൊറച്ചു ഷോപ്പിംഗ്‌, പിന്നെ കൊറേ ഭക്ഷണം... ലളിതം സുന്ദരം.. !!

പിറന്നാൾ സമ്മാനം ആദ്യമേ തീരുമാനിച്ചിരുന്നു... ഡാൻ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' എന്ന പുസ്തകം... അതൊന്നു വായിക്കാൻ സത്യത്തിൽ മൂന്ന് പേരും കാത്തിരിയ്ക്കായിരുന്നു .. ഇതാവുമ്പോ സമ്മാനവും ആയി, എല്ലാർക്കും വായിക്കേം ആവാം ...ഒരേറിന് മൂന്ന് മാങ്ങാ :) കറക്കമൊക്കെ കഴിഞ്ഞ് വീടെത്തിയപ്പോ സമയം ഒമ്പതര... കത്തിയടി കൊറച്ചു കൂടി നീണ്ടു പോയി കെടക്കയിൽ എത്തിയപ്പോഴേയ്ക്കും സമയം പതിനൊന്നു കഴിഞ്ഞു കാണും... (എന്നെ ഇപ്പഴും അതിശയിപ്പിയ്ക്കുന്ന കാര്യം ഇതാണ്... അന്ന് ദിവസവും കാണുന്ന ഞങ്ങൾ എന്താണ്‌ ഇങ്ങനെ വിഷയദാരിദ്ര്യമില്ലാതെ ബോറടിയ്ക്കാതെ മണിക്കൂറുകളോളം പറഞ്ഞു തീർത്തിരുന്നതെന്ന് ...)

എന്തായാലും, എല്ലാരും ഉറങ്ങാൻ തീരുമാനിച്ചു... എന്റെ കണ്ണ് അപ്പോഴും ഡാവിഞ്ചിയിലാണ് ... ഷൈനി പ്രാർത്ഥന ചൊല്ലി കിടക്കാൻ തുടങ്ങുന്നതിനു മുൻപ്, ഞാൻ കയറി ചോദിച്ചു..
"ഷൈനി മോളെ, ഞാൻ നമ്മുടെ പുസ്തകം ഉല്ഘാടിയ്ക്കട്ടെ  ??"

ഷൈനി  പറഞ്ഞു, "ഉല്ഘാടിയ്ക്കുന്നതൊക്കെ കൊള്ളാം... നാളെ ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലെത്തുമ്പോൾ, സാധനം എന്റെ കൈയിലുണ്ടാവണം ... അപ്പൊ പിന്നെ 'നാല് ചാപ്റ്റരെ ഉള്ളൂ', 'രണ്ടു പേജും കൂടി', എന്നൊന്നും പറഞ്ഞു വന്നേയ്ക്കരുത് ..."

"ഓ, അതിനെന്താ, ഉറപ്പിച്ചു.. ഞാൻ അങ്ങനെയൊക്കെ പറയോ.. "

"ഹേയ്, ഇല്ലേയില്ല, പുസ്തകം കിട്ടിയാ നിനക്ക് പ്രാന്താ... ഹാരി പോട്ടറിന്റെ അഞ്ചാമത്തെ ബുക്കിന്റെ അനുഭവം ഓർമയുണ്ടല്ലോ ... അതോണ്ട് നീ അങ്ങനെ പറയേ ഇല്ലാ.. "

"ശ്ശോ, ഇതൊക്കെ ഇപ്പഴും ഓർത്തിരിയ്ക്കാ ? പിറന്നാളായിട്ട് എന്റെ മോള് വേഗം കിടന്നുറങ്ങിയെ .. ഇന്നലെ വിഷ് പറഞ്ഞുള്ള കോളുകളും മെസ്സേജുകളും കാരണം പന്ത്രണ്ടു മണിയ്ക്കെണീറ്റ ആളല്ലേ .."

"ഉം.. ശരി ശരി... ഗുഡ് നൈറ്റ് .."

റൂമിൽ ലൈറ്റിട്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കണ്ടാ എന്ന് കരുതി  ഞാൻ മെല്ലെ പൂമുഖത്ത് പോയിരുന്നു വായന തുടങ്ങി... അവിടെ എപ്പഴും ചെറിയൊരു ലൈറ്റുണ്ടാവും ... അങ്ങനെ വായിച്ചു വായിച്ചു സമയം പോണതറിഞ്ഞേയില്ലാ... ഓരോ ഭാഗം കഴിയുമ്പഴും വിചാരിയ്ക്കും, ഇത് കഴിഞ്ഞാ മടക്കി വെയ്ക്കും എന്ന്.. എവിടെ?? കഥയിൽ അവര് ഓരോ സാഹസികതകളുമായി മുന്നോട്ടു പോവുമ്പോ ഞാനും അവരുടെ കൂടെ ശ്വാസമടക്കിപ്പിടിച്ച് വായന തുടരാണ് ... (മുഴുവൻ നേരവും ശ്വാസമടക്കി പിടിച്ചില്ലാ... അല്ലെങ്കിൽ പിന്നെ പണി തീരില്ലേ ) അങ്ങനെ രസം പിടിച്ച വായനയുടെ ഇടയിലാണ് ഒരു ശബ്ദം കേൾക്കാൻ തുടങ്ങിയത്... എങ്ങനെയാ അതിപ്പോ പറയാന്ന് വെച്ചാൽ, ഒരു മെറ്റൽ ഉരയ്ക്കുന്ന പോലത്തെ ശബ്ദാണ് ... ഇടയ്ക്ക് ചെറുതായി നിൽക്കും , പിന്നെയും തുടരും... ഇതിപ്പോ എവിടുന്നാ വരുന്നതെന്ന് കൃത്യമായിട്ട് പറയാനും പറ്റണില്ല ... സമയം നോക്കിയപ്പോ പുലർച്ചെ മൂന്നുമണി ...

ഇതിപ്പോ എന്താവും ഈശ്വരാ എന്ന് വിചാരിയ്ക്കുമ്പഴാണ്, പെട്ടെന്ന് ബൾബ്‌ കത്തിയത്... മുറിയിൽ അല്ലാ .. തലയിൽ!! റ്റെറസിൽ നിന്നുമുള്ള വാതിൽ ഏതോ കള്ളൻ കുത്തി തുറക്കാൻ നോക്കാണ് ... അതിന്റെ വിലങ്ങനെയുള്ള ഇരുമ്പുവടിയിൽ കത്തിയോ വടിവാളോ ഏതോ മാരകായുധമോ കൊണ്ട് മുറിച്ചെടുക്കാൻ നോക്കുന്നതായിരിയ്ക്കും ... ഇപ്പൊ ശരിയ്ക്കും ശ്വാസം നിന്ന് പോയി.. 



മെല്ലെ ഷൈനീ , മായേ ..എന്നൊക്കെ വിളിച്ചു നോക്കി ... ശബ്ദം പുറത്തു വരുന്നില്ലാ... പേടിച്ചു പോയാൽ ശബ്ദം വരാത്തതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുന്നതാണെന്ന് അന്നറിഞ്ഞു... പതുക്കെ നടന്നു മുറിയിലെത്തി അവരെ തോണ്ടി വിളിച്ചു .. ഷൈനിയെ വിളിച്ചിട്ടും വിളിച്ചിട്ടും ഉണരുന്നില്ല... അവസാനം മായ ചാടി എണീറ്റു ...

"എന്താ , എന്താ ??"

എനിയ്ക്കാണെങ്കിൽ ശബ്ദം ശരിയ്ക്കു വരാതെ പകുതി ആംഗ്യവും പകുതി ശ്വാസവും ആയിട്ട് കഥകളി ആണ്...

"എന്താ വയ്യേ? എവിടെയെങ്കിലും വീണോ?"  മായ പേടിച്ചു.. മണിച്ചിത്രത്താഴില്  മന്ത്ര തകിട് കെട്ടാൻ ശ്രമിയ്ക്കണ ഇന്നസെന്റ്റിനോട്‌ കെ.പി.എ.സി ലളിത ചോദിയ്ക്കണ പോലെ...

"ഇല്ല്യാ.. ശബ്ദം.. ശബ്ദം.. കള്ളൻ..."

"കള്ളനോ? എന്തൊക്കെയാ പറയണേ.. എന്ത് ശബ്ദം?" ആൾ ആകെ പരിഭ്രാന്തിയിലായി...

ഞാൻ മെല്ലെ കൊറച്ചു ജീവൻ തിരിച്ചുവരുത്തി പറയാൻ നോക്കി ..
"ശ്രദ്ധിച്ചു നോക്ക്, ഒരു ശബ്ദം കേക്കുന്നില്ലേ... മെറ്റലിന്റെ കറ കറാ എന്ന് പറഞ്ഞ് .. ഞാൻ ബുക്ക്‌ വായിച്ചോണ്ടിരിയ്ക്കായിരുന്നു ... ഇതിപ്പോ ഒരു രണ്ടു മിനിട്ടായി കേക്കുന്നു .."

"ആഹ് , കേക്കുന്നുണ്ട് ... പക്ഷെ എന്തിന്റെ സൌണ്ട് ആണത്? "

" എനിയ്ക്ക് തോന്നണത്, നമ്മുടെ റ്റെറസിന്റെ വാതിൽ വല്ല കള്ളന്മാരും തുറക്കാൻ നോക്കാണ് എന്നാ.."

"ഹേയ്, അതൊന്നും ആവില്ല... ആണോ?"

"അല്ലാതിപ്പോ എന്താവും ? "

"ഭഗവാനെ.. ഇനി ഇപ്പൊ എന്താ ചെയ്യാ, ഉറക്കെ തൊള്ളയിട്ടാലോ ... മുകളിലെ മുറിയിലുള്ളവരെ എങ്കിലും അറിയിക്കണ്ടേ ..?"

"മുകളിലേയ്ക്ക് പോണ വഴിയ്ക്കാണ് കള്ളൻ ഉള്ളിൽ കേറണതെങ്കിലോ ...പുറത്തെ വാതിൽ തുറന്നോടാം എന്ന് വെച്ചാൽ, കള്ളന്റെ കൂടെയുള്ള ആരെങ്കിലും അവിടെ നിക്കുന്നുണ്ടെങ്കിലോ ..."

"അയ്യോ, ഇനി ഇപ്പൊ എന്താ ചെയ്യാ.. ഷൈനീ, ഷൈനീ.."

ഷൈനി ഇതൊന്നും അറിയണേ ഇല്ലാ.."നമുക്കാരെയാ ഒന്ന്  വിളിയ്ക്കാ "

"ഉം.. നമുക്ക് അങ്കിളെ വിളിയ്ക്കാം..."

"നമ്പറുണ്ടോ അങ്കിൾടെ ? ഈ നേരത്ത് വിളിച്ചാ എടുക്ക്വോ ആവോ .. അതോ ചീത്ത കേക്ക്വോ ..."

"പക്ഷെ വിളിയ്ക്കാതിരിയ്ക്കാൻ പറ്റില്ലാലോ... "

അങ്ങനെ ആ  വീട് നോക്കുന്ന അങ്കിൾടെ ഫോണ്‍നമ്പർ തെരഞ്ഞ് പിടിച്ചു വിളിച്ചു .. രണ്ടു പ്രാവിശ്യം റിംഗ് മുഴുവൻ അടിച്ചു, മൂന്നാമത്തെ പ്രാവിശ്യം അങ്കിൾ എടുത്തു ..

"അങ്കിളെ,  ഇത് ഞാനാ ദേവി.. ഇവിടെ പേയിംഗ് ഗസ്റ്റ്‌ ആയി നിക്കുന്ന കുട്ടിയാ "

"ആഹ് മോളെ.. എന്താ ഈ നേരത്ത്? മോളെവിടെയാ ഇപ്പൊ?"

"ഞാൻ ഇവിടെ വീട്ടിൽ തന്നെയാണ്.. ഒരു ശബ്ദം കേക്കുന്നുണ്ട് ... കള്ളനാണോ എന്ന് പേടിച്ചിട്ടു വിളിച്ചതാ.."

"കള്ളനോ,  ശബ്ദമോ??"

"ആ, ഒരു മെറ്റൽ കൊണ്ട് കര കരാ എന്നൊരയ്ക്കുന്ന പോലെ ... ഇനി മുകളിലെ വാതിൽ എങ്ങാനും വല്ല കള്ളന്മാരും തുറക്കാൻ നോക്കുവാണോ എന്ന് സംശയം... ഇടയ്ക്ക് നിക്കും, പിന്നെയും തുടങ്ങും... ഇതിപ്പോ കൊറച്ചായി .."

പിന്നെ കൊറച്ചു നേരത്തേയ്ക്ക് അങ്കിൾടെ ശബ്ദം കേക്കുന്നില്ലാ.. ഇനി പാവം ഇരുട്ടത്ത് ഒറ്റയ്ക്ക് എന്ത് ചെയ്യും എന്നാലോചിച്ചു നിക്ക്വാണോ ആവോ  ...

പെട്ടെന്ന് അങ്കിൾ ചോദിച്ചു, "ഇതാ ഇപ്പൊ കേക്കുന്ന സൌണ്ട് ആണോ .."

"ആഹ് , അതെ.. അപ്പൊ അങ്കിളിനും കേക്കുന്നുണ്ടോ ?"

"ഇതാണോ... ഇത് അമ്പലം തൂക്കുന്നതാ..."

അങ്കിൾ പറയുന്നത് കേട്ട ഞാനാണ് ഇപ്പൊ മിണ്ടാതായെ...  അമ്പലം തൂക്കാ എന്ന് പറഞ്ഞാ?? ഇനി ഇപ്പൊ കള്ളൻ അല്ലാ, ഹനുമാൻ ആവോ അമ്പലം ഒക്കെ തൂക്കിയെടുക്കാൻ ... "അങ്കിളെ, പറഞ്ഞത് മനസ്സിലായില്ല.."

"അത് അമ്പലത്തിന്റെ മുറ്റം തൂക്കുന്നതാ... അതിനു ഇരുമ്പ് ചൂല് പോലത്തെ ഇല്ലയോ... അതാ ഉപയോഗിയ്ക്കുന്നെ ... ദിവസവും പുലർച്ചെ ഒരു സ്ത്രീ വന്നു ചെയ്യുന്നതാ..."

ഓഹ്ഹ്ഹ് .... ഉള്ളിൽ ബോധോദയവും ചമ്മലും വെഷമവും സന്തോഷവും സമാധാനവും എല്ലാം കൂടി ലഡ്ഡുകൾ കുറെ പൊട്ടി... "അയ്യോ, അങ്കിളെ സോറി ട്ടോ... ഈ നേരത്ത് വിളിച്ചു ബുദ്ധിമുട്ടിച്ചതിന് ..."

"അത് സാരമില്ല മോളെ... ശരി എന്നാൽ.." എന്ന് പറഞ്ഞു അങ്കിൾ ഫോണ്‍ വെച്ചു ... പാവത്തിന്റെ ഉറക്കം ഞാനായിട്ട് കളഞ്ഞു...

ആകെമൊത്തം ചമ്മലും ചിരിയുമായി നിക്കുന്ന എന്നെ കണ്ടിട്ട് മായയ്ക്ക് ആകെ വട്ടായി... "എന്തുവാടെയ് അങ്കിൾ പറഞ്ഞത്...?"

"അതേയ്, അത് അമ്പലത്തിന്റെ മുറ്റമടിയ്ക്കുന്ന ശബ്ദാ .. ഈ റോഡൊക്കെ അടിച്ചുവാരണ വലിയ മെറ്റൽ ചൂല് കണ്ടിട്ടില്ലേ... അത് ഉപയോഗിയ്ക്കുന്നതിന്റെ സൌണ്ടാ നമ്മൾ കേക്കുന്നത്..."

"ഓഹ് ... അതാണോ... ന്റമ്മോ... വെറുതെ കൊറേ പേടിച്ചു..." എന്ന് പറഞ്ഞു ചിരി തുടങ്ങി..

"ഉം.. ഇപ്പഴാ സമാധാനായേ ... ചെലപ്പോ രാവിലെ അങ്കിളിന്റെ വായിൽ നിന്നും വല്ലതും കേട്ടാൽ, ഒരു കമ്പനിയ്ക്ക് നീയും കൂടി വരില്ലേ .."

"അയ്യടാ.. അത് മോള് സ്വയം മേടിച്ചാ മതി... പക്ഷെ ഇതെല്ലാവരെയും അറിയിക്കുന്ന കാര്യം ഞാൻ എറ്റു ... ആ ചമ്മൽ കാണാലോ കൊറേ ദിവസത്തേയ്ക്ക്..."

"ഈശ്വരാ.. ഇതിലും ഭേദം ശരിയ്ക്കും കള്ളൻ വരുന്നതായിരുന്നു..."

"ഇനിയെങ്കിലും ആൾക്കാരെ വട്ടാക്കാതെ പോയി കെടക്ക്വോ പ്ലീസ് ..."

"ഉം.. ഓക്കേ ഓക്കേ .." എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് എട്ടുമണിയ്ക്ക് അലാം വെച്ച് പുതപ്പിനുള്ളിലേയ്ക്ക് മെല്ലെ കേറി... ഇപ്പൊ നടന്നതിന്റെ ഒക്കെ എക്ക്സൈറ്റ്മെന്റ്  കൊണ്ട് ഉറക്കം വരില്ലെന്നുറപ്പുണ്ടായിരുന്നെങ്കിലും ...!!

രാവിലെ പുറപ്പെട്ടു ഓഫീസിലേയ്ക്കു പോകുന്ന വഴി അമ്പലത്തിന്റെ അടുത്ത് നിന്ന് പൂജാരിയും പിന്നെ വേറൊരു വയസ്സായ മനുഷ്യനും ഇങ്ങനെ സംസാരിയ്ക്കുന്നത് കേൾക്കാനിടയായി ... "എന്നാലും രണ്ടു ദിവസായിട്ട് അമ്പലം തൂക്കാത്തത് കഷ്ട്ടമായി.. വിജയമ്മയ്ക്കു ചിക്കൻ ഗുനിയ ആണത്രേ... നാളത്തേയ്ക്കെങ്കിലും വേറെ ആളെ കിട്ടിയാ മതിയാരുന്നു... !!"

അപ്പൊ ഞാൻ കേട്ട ശബ്ദം?? അമ്പലം തൂക്കിയത്‌ ആര് ???