Saturday, July 27, 2019

നടനസ്മൃതികൾ - 2


 ആ അടുത്ത പ്രദേശത്തുള്ള ഒട്ടുമിക്ക സ്ക്കൂളുകളിലും  സബ്‌ജില്ലാ-ജില്ലാ കലോത്സവങ്ങൾക്കു വേണ്ടി ഡാൻസു പഠിപ്പിക്കുന്നത് അപ്പു മാഷായിരുന്നു... വെരി ബിസി പേഴ്സൺ... അഞ്ചാംതരത്തിലേക്ക് പാസ്സായി ഞാൻ ചെന്ന് ചേരുന്നത് അങ്ങനെ ഒരു സ്ക്കൂളിലാണ് ... ഒറ്റയ്‌ക്കു സദസ്സിനെ മുഴുവൻ കൈയ്യിലെടുക്കാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിലും ആഗ്രഹം തീരെ ഇല്ലാത്തതു കൊണ്ടും അന്നേ ഒരു ടീം പ്ലേയർ ആയിരുന്നത്  കൊണ്ടും ഗ്രൂപ്പ് ഡാൻസുകൾക്കു മാത്രമാണ് ഡാൻസിന് താല്പര്യമുള്ളവർ പേരു കൊടുക്കാൻ പറഞ്ഞപ്പോൾ ചെയ്തത്.. അങ്ങനെ ഒരു ദിവസം, പേര് കൊടുത്തവരെ എല്ലാം ഉമ ടീച്ചർ വിളിപ്പിച്ചു... ടീച്ചർ ഒമ്പതാം ക്ലാസ്സിലെ ക്ലാസ് ടീച്ചറും ഏതോ വകയിൽ ഒരു ബന്ധുവും അതിലുപരി ഭയങ്കര സ്ട്രിക്റ്റ്‌ ആണെന്നുമുള്ള അറിവുകൾ ഉള്ളത് കൊണ്ട് അപ്പൊ തന്നെ പകുതി കിളി പോയ അവസ്ഥയായിരുന്നു...  പോയി നോക്കുമ്പഴോ, അതാ നിൽക്കുന്നു, നമ്മുടെ അപ്പു മാഷ്... അതോടെ കിളി മാത്രമല്ല, കാക്കയും പൂച്ചയും കോഴിക്കുഞ്ഞുമടക്കം എല്ലാം പോയി... എന്നാലും എന്റെ ചാത്തന്മാരെ... തമാശയ്ക്ക് ഞാനെന്തൊക്കെയോ പറഞ്ഞെന്നു വെച്ച്.... !!

ഒഴിഞ്ഞൊരു ക്ലാസ്സുമുറിയിൽ വെച്ചിട്ടായിരുന്നു തെരഞ്ഞെടുപ്പ്... തെരഞ്ഞെടുപ്പെന്ന് പറയുമ്പോ കൊറേ ഗ്രൂപ്പ് ഡാൻസ് ഐറ്റംസ് ഉണ്ടല്ലോ - തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗംകളി, സംഘനൃത്തം .... ഇതിൽ ഏതൊക്കെ കുട്ടികളെ ഏതിലൊക്കെ  ചേർക്കണം എന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്... മുൻ വർഷങ്ങളിൽ കളിച്ച കൊറേ പേരെ ആദ്യേ സെലക്റ്റ് ചെയ്തിരുന്നു, ബാക്കി എണ്ണം തികയ്ക്കാൻ മാത്രമാണ് പുതിയ പിള്ളേരുടെ തെരഞ്ഞെടുപ്പ്...  ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഐറ്റം സംഘനൃത്തമാണ്... അതിനു മുദ്രകളും ചുവടുകളും അറിഞ്ഞാ മാത്രം പോരാ, മുഖത്തു കുറച്ചു ഭാവം വരുത്താനും അഭിനയിക്കാനും അറിയണം, ചുരുക്കത്തിൽ നൃത്തത്തിൽ ഇത്തിരി ബോധം വേണം... സിമ്പിൾ...  പിന്നെ തിരുവാതിര, അതിനു ഇത്തിരി സ്റ്റാമിന വേണം... കാരണം അധികനേരവും അരമണ്ഡലത്തിൽ നിന്നാണ് കളിക്കേണ്ടത്.. പിന്നെ കൊറേ ചാടി ഇരുന്നും, തിരിഞ്ഞു മറിഞ്ഞും ഒക്കെ കുമ്മിയടിക്കണം.. ചെറിയ തോതിൽ കളരിപ്പയറ്റാണെന്നു എനിയ്ക്കു തോന്നാറുണ്ട്... പവർഫുൾ... പിന്നെയുള്ളത്, മാർഗ്ഗംകളിയും ഒപ്പനയും... രണ്ടിനും കുറച്ചധികം തലയാട്ടണം, പക്ഷെ അത്യാവശ്യം താളത്തിനൊപ്പിച്ചു സ്‌റ്റെപ്പ്സ് അങ്ങട്ടും ഇങ്ങട്ടും മാറാതെ പഠിച്ചെടുത്താൽ കളിച്ചൊപ്പിയ്ക്കാം ... രണ്ടും റോബസ്റ്റാ  ....


എന്തായാലും മാഷെ കണ്ടപ്പോ തന്നെ ഏകദേശം നമ്മുടെ കാര്യത്തിൽ ഒരു തീരുമാൻ ആയതാണ്, പക്ഷെ മാഷ് നമ്മളെ പരിചയമുള്ളതായേ കാണിക്കുന്നില്ല... അത് ഇപ്പോഴായാലും ഉണ്ടാവില്ല, വെളിച്ചപ്പാടിന് എല്ലാരേം ഓർക്കാൻ പറ്റില്ലാലോ, വാളിൽ കുറച്ചധികം കാശ് വെയ്ക്കാത്തവരുടെ കാര്യം പിന്നെ പറയേം വേണ്ടാ എന്ന പോലെയാണ് നമ്മളൊക്കെ.... എന്തായാലും വന്നവരെ ഒക്കെ തരം തിരിച്ചു നിർത്തി, മാഷ് ചില സ്‌റ്റെപ്സ്  കാണിച്ചു തന്നിട്ട് അത് പോലെ ചെയ്യാൻ പറഞ്ഞു.. പറ്റുന്ന പോലെയൊക്കെ എല്ലാവരും ചെയ്തു.. ഞാൻ അടുത്തായി കൂട്ടുക്കാരി ലിസ്റ്റിൽ ചേർത്ത എന്റെ ക്ലാസ്സിലെ ടീന(ആ കുട്ടിയും സ്ക്കൂളിൽ അപ്പൊ പുതിയതായി ചേർന്നതാണ്) കളിച്ചു തകർത്ത് പെട്ടെന്ന് തന്നെ  ഉമ ടീച്ചറുടെയും അപ്പു മാഷിൻറേം പ്രിയങ്കരിയായി...അതോടെ മെല്ലെ കൂട്ടുക്കാരി ലിസ്റ്റിൽ നിന്ന് മാറ്റി കുശുമ്പ് ലിസ്റ്റിൽ കേറ്റാൻ ആലോചിച്ചു നിൽക്കുമ്പോഴാണ് മാഷ് എന്നെ അടക്കം കൊറച്ചു കുട്ടികളെ 'നമുക്ക് അടുത്ത കൊല്ലം നോക്കാം..' എന്ന് പറഞ്ഞു ഒഴിവാക്കുന്നത്... പ്രതീക്ഷിച്ച പോലെ ദാസാ എന്നും വിചാരിച്ച് മാറി നിന്നു... ടീനയെ സംഘനൃത്തത്തിലും തിരുവാതിരയ്ക്കും സെലക്റ്റ് ചെയ്തു, മറ്റു ഐറ്റംസിനു കൂടി ചേർക്കണമെന്ന് മാഷിന് നല്ല ആഗ്രഹമുണ്ട്... പക്ഷെ ഉമ ടീച്ചർ ആ കുട്ടിയുടെ ഒറ്റയ്ക്കുള്ള ഐറ്റംസ്, നാടോടി നൃത്തവും മോണോ ആക്റ്റും ഒക്കെയുള്ളതു കൊണ്ട് ഒരുപാട് സ്‌ട്രെയിൻ ആവണ്ടാ പാവം കുട്ടിയ്‌ക്കെന്നു പറഞ്ഞു വേണ്ടാന്നു വെച്ചു...  കഴിവുള്ളവരുടെ ഗതിക്കേട്‌ , എന്താ ല്ലേ...!! അങ്ങനെ ഒരുവിധം എല്ലാ ഐറ്റംസിനും എണ്ണം തികഞ്ഞു, നോക്കുമ്പോ മാർഗ്ഗംകളിയ്ക്കും ഒപ്പനയ്ക്കും ഒരാള് കുറവുണ്ട്... ആ പോസ്റ്റിലേക്ക്, ഒഴിവാക്കി നിർത്തിയവരെ വെച്ച് മാഷ് വീണ്ടും കൊറച്ചു ചുവടുകൾ കളിപ്പിച്ചു...  അറിയാതെ ചവറുകളിലേയ്ക്ക് വലിച്ചെറിഞ്ഞ മാണിക്യമായിരുന്നു ഞാനെന്നു മാഷ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.... അതെന്തായാലും എന്നെ സെലക്റ്റ് ചെയ്തു ...!

അങ്ങനെ ആ വർഷം  സബ്‌ജില്ലയ്‌ക്ക്‌ മുണ്ടും ചട്ടയും കുണുക്കും തളയുമൊക്കെയിട്ട്  മാർഗ്ഗംകളിയും ചുവന്ന തട്ടവും കാതിൽ നിറയെ സ്വർണ്ണ അലുക്കുകളുമിട്ടു ഒപ്പനയും കളിയ്ക്കാൻ ഭാഗ്യം കിട്ടി... ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിലെ ഏറ്റവും വലിയ സന്തോഷം എപ്പഴാണെന്നറിയോ, പ്രാക്ടീസിനു ക്ലാസ്സിന്റെ ഇടയിൽ നിന്നും വിളിച്ചോണ്ട് പോകുമ്പോ.. ഹോ, നമ്മളൊക്കെ പൊങ്ങി പൊങ്ങി ആകാശം മുട്ടും.. പ്രാക്ടീസിന് പോകുന്നത്, സ്‌റ്റെപ്സ്  കിട്ടാതെ വെള്ളം കുടിക്കാനും മാഷിൻ്റെ വായിൽ നിന്നുള്ള സരസ്വതി കേക്കാനും നായ കെതയ്ക്കുന്ന പോലെ നിന്ന് കെതയ്ക്കാനുമൊക്കെ  ആണെന്ന് നമ്മൾക്കല്ലേ അറിയുള്ളൂ...

എങ്കിലും, എന്തൊക്കെ പറഞ്ഞാലും സബ്ജില്ലാ, ജില്ലാ കലോത്സവങ്ങൾ ഒരു വേറിട്ട അനുഭവം തന്നെയാണ്... വീട്ടുകാരുടെ കൂടെയല്ലാത്ത യാത്രകൾ.. കലാമത്സരങ്ങളുടെയും ചെസ്റ്റ് നമ്പർ വിളികളുടെയും ജയതോൽവികളുടെയും  ആരവങ്ങളും ആഘോഷങ്ങളുമുള്ള പൊടിക്കാറ്റടിക്കുന്ന  ദിവസങ്ങൾ... ഉച്ചഭക്ഷണത്തിനായി വരികളിൽ സ്ക്കൂൾ  പാസ്സും കയ്യിൽ പിടിച്ചു കൂട്ടുകാരൊത്തുള്ള കാത്തുനിൽപ്പുകൾ.... മേക്കപ്പിട്ട് മണിക്കൂറുകളോളം ചെസ്റ്റ് നമ്പർ വിളിക്കുന്നതും കാത്തു ഉറങ്ങാതെ ഇരിയ്ക്കുന്ന രാത്രികൾ.. കളിച്ചു ക്ഷീണിച്ചു വരുമ്പോ വലിയ ക്ലാസ്സുകളിലെ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും വക ചായേം വടേം ഡയറിമിൽക്കും പിന്നെ തല ചായ്ക്കാൻ ഷേർളി  ടീച്ചറെ പോലെയുള്ളവരുടെ മടിത്തട്ടും.... സ്ക്കൂളിൽ നമ്മൾ ടീച്ചറും കുട്ടിയും സീനിയറും-ജൂനിയറും ഒക്കെ ആവുമ്പോഴും, ഇങ്ങനെയുള്ള സമയത്തു അതൊക്കെ പോയി സ്ക്കൂളിന്റെ പ്രതിനിധികളാവും എല്ലാരും .... ഒരു പ്രത്യേക  സ്നേഹവും കരുതലും ആണ് എല്ലാർക്കും പരസ്പരം... അതൊരു കാലം... ഇപ്പഴും അങ്ങനെയൊക്കെ ആണോ അറിയില്ല, ആവട്ടെ എന്ന് കരുതുന്നു..


അതിനടുത്ത വർഷം ഒപ്പനയിൽ നിന്നും തിരുവാതിരക്കളിയിലേക്കു പ്രൊമോഷൻ കിട്ടി... സംഘനൃത്തം അപ്പോഴും കിട്ടാക്കനി, എന്നാലും ഉള്ളത് കൊണ്ടോണം... ആറാം ക്ലാസ്സിൽ ചേരുമ്പോ തന്നെ അച്ഛൻ പറഞ്ഞിരുന്നു, ഇക്കൊല്ലം ഡാൻസും പാട്ടും എന്നൊന്നും പറഞ്ഞു പേര് കൊടുക്കാൻ നിക്കണ്ടാ എന്ന്... നല്ല അനുസരണ ആയതു കൊണ്ട് ഞാൻ ആദ്യേ പേരു കൊടുത്തു... പക്ഷേ വീട്ടിൽ പറയാൻ ധൈര്യമില്ല... വരുന്നിടത്തു വെച്ച് കാണാമെന്നു കരുതി..  ഈ തിരുവാതിര ഞാൻ നേരത്തെ പറഞ്ഞപ്പോലെ ഒരു കളരി ഐറ്റം ആണലോ... കുമ്മി പഠിയ്ക്കാൻ തുടങ്ങിയപ്പോഴാണ് മേലനങ്ങാൻ മടിയുള്ള നമ്മളെ പോലുള്ളവരൊക്കെ കാലിലെയും  തുടയിലെയും പേശികളെ ഒക്കെ പരിചയപ്പെടുന്നത്... വേദന കാരണം അനങ്ങാൻ പറ്റാതെ റോബോട്ടിനെ പോലെ നടക്കാൻ ശ്രമിയ്ക്കുന്ന സമയം...

അച്ഛനാണ് ദിവസവും രാവിലെ, നിലത്തു കിടക്ക വിരിച്ചു കിടന്നുറങ്ങുന്ന ഞങ്ങളെ(എന്നേം അനിയനേം), വിളിച്ചുണർത്താറുള്ളത് ... വിളിച്ചുണർത്തുക എന്ന് പറയുമ്പോ, ഉമ്മറത്തിരുന്നു പത്രം വായിക്കുന്നതിനിടയിൽ, "ന്നീം എണീയ്ക്കാറായില്ലേ, പോത്തു  പോലെ ഉറങ്ങാണ്ട്  ണീറ്റു പോവിൻ ..." എന്ന കളമൊഴിയിൽ തുടങ്ങും.... അതിൻ്റെ അടുത്ത അവസ്ഥാന്തരങ്ങൾ ഭയാനകമായിരുന്നത് കൊണ്ടു  മിക്കവാറും ഇവിടെ വെച്ച് ഞങ്ങൾ എഴുന്നേൽക്കും... അന്നെനിയ്ക്ക് റോബോട്ട് കാലുകൾ വെച്ചെഴുന്നേൽക്കാൻ നല്ല സമയമെടുത്തു, എന്നിട്ട് പതുക്കെ വടുക്കോറത്തേയ്ക്ക് പല്ലു തേയ്ക്കാൻ ഓരോ ചുവടായി 'ആവ്വോ, അമ്മോ' എന്നുള്ളിൽ വിളിച്ചു നടക്കാണ്... രാവിലെ തന്നെയുള്ള എന്റെ ഉന്മേഷം കണ്ടിട്ടുള്ള സന്തോഷം കൊണ്ട് അച്ഛൻ ചെറുതായൊന്നു താങ്ങി... ഞാൻ ഫുട്ബോൾ  പോലെ വീണ്ടും കിടക്കയിലെത്തി... എഴുന്നേറ്റതും കിടക്ക മടക്കി വെയ്ക്കുന്ന ദുഃശീലം ഇല്ലാതിരുന്നതു കൊണ്ട് സാരമായൊന്നും പറ്റാതെ വീണ്ടും മെല്ലെയെണീറ്റ് ഞാനെന്റെ പ്രയാണം തുടർന്നു... കാലു വേദനയാണെന്ന് മിണ്ടാൻ പറ്റില്ലാലോ... എന്തായാലും, ഞാനിങ്ങനെ പെട്ടെന്ന് തെറിച്ചുപോകുമെന്നു പ്രതീക്ഷിയ്ക്കാതിരുന്ന അച്ഛൻ പിന്നെ രണ്ടു ദിവസം വിളിച്ചുണർത്താനുള്ള സാഹസം കാണിച്ചില്ല... നൃത്തത്തിന് വേണ്ടിയുള്ള ത്യാഗങ്ങളുടെ പട്ടികയിലിതു ചെറിയൊരു ചുവടു(ചവിട്ടു) മാത്രം!!!