Tuesday, July 13, 2010

വായനയ്ക്കിടയില്‍....

                വായിക്കുകയാണ്... അതോ വായനയിലേയ്ക്ക് തിരികെ വരികയാണോ.. എഴുത്തിലേയ്ക്കും??  ഇടവേളകള്‍ ഉണ്ടാവാറുണ്ടെങ്കിലും വായന എന്നും കൂടെയുണ്ടായിരുന്നു... പക്ഷെ ഏറെ കാലങ്ങള്‍ക്ക് ശേഷം എം.ടി.യെ വായിക്കുമ്പോള്‍ എവിടെയോ വെച്ചു ഉപേക്ഷിച്ചു പോന്ന എന്തിലേയ്ക്കോ തിരിച്ചു വരികയാണെന്ന തോന്നല്‍..

                  എം.ടി.യുടെ നാലുക്കെട്ടും രണ്ടാമൂഴവും മഞ്ഞും ഓപ്പോളും അസുരവിത്തും തുടങ്ങി പലതും വായിച്ചിരിയ്ക്കുന്നു എങ്കിലും, ഇന്നലെയാണ് "കണ്ണാന്തളിപ്പൂക്കളുടെ കാലം" വായിക്കാന്‍ ഇടയായത്... ചെറിയ ചെറിയ കഥപറച്ചിലുകളുടെ ഒരു കൊച്ചു സമാഹാരം .... ഓരോന്നു വായിച്ചു കഴിയുമ്പോഴും, ചിലപ്പോള്‍ ഓരോന്നിന്റെ ഇടയ്ക്ക് വെച്ചു പോലും പുസ്തകം അടച്ചു വെച്ചു, വിദൂരതയിലേയ്ക്കു ലക്ഷ്യമേതുമില്ലാതെ  നോക്കിയിരുന്നു പോകുന്നു... മനസ്സില്‍ ചിന്തകളുടെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശരിവെയ്ക്കലുകളുടെയും തിരുത്തലുകളുടെയും വേലിയേറ്റമുണ്ടാവുന്നു... അസ്വസ്ഥമാവുന്നതിനോപ്പം ചെറിയ സന്തോഷവുമുണ്ടാവുന്നു... അപൂര്‍വമായി സംഭവിയ്ക്കുന്ന ആ പ്രതീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്...



           
                    മറ്റു പല കഥകളും നോവലുകളും വായിക്കുമ്പോഴും ഈ പ്രതീതി ഉണ്ടാവാത്തതിനു കാരണം മിക്കവാറും വികാരപരമായി അവയുമായി ഒരു ബന്ധം അനുഭവപ്പെടാത്തതിനാലാവാം....  ആ കഥയുടെ അവസാനം കണ്ടെത്താനോ, ഒരു ഗണിത ശാസ്ത്ര പ്രശ്നത്തിനു പരിഹാരം കണ്ടെത്താനോ തോന്നുന്ന പോലെയാണ് പലപ്പോഴും അത്... പുസ്തക താളുകള്‍ ഇടമുറിയാതെ മറിയുമ്പോഴും ഒരു നിമിഷം അതിനെ കുറിച്ചിരുന്നു ചിന്തിയ്ക്കാനോ ചോദ്യം ചെയ്യാനോ നില്‍ക്കാതെ അത് പൂര്‍ത്തിയാക്കാനുള്ള വെമ്പലാണ്‌... അതും വായന തന്നെയാണ്, ല്ലേ?  പക്ഷെ അങ്ങനെയുള്ള വായനകള്‍ക്കിടയില്‍ എപ്പോഴോ ഇങ്ങനെയൊരു പുസ്തകമെത്തുന്നു കൈയ്യില്‍...


                     മിക്കവാറും അവ നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നവയോ, നമ്മുടെ ഭൂതകാലസ്മരണകളെ  ഉണര്‍ത്തുന്നവയോ, നമ്മുടെ ചിന്തകളെ നേരിട്ടു വായിക്കുന്ന പോലെയോ ഒക്കെ തോന്നിപ്പിയ്ക്കുന്നവ ആയിരിയ്ക്കാം... അതല്ലെങ്കില്‍, അതുവരെ നാം ആലോചിച്ചിരുന്നവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതോ, നാം പിന്തുടര്‍ന്നിരുന്ന പലതിനെയും എതിര്‍ക്കുന്നവയോ ആയി നമ്മെ പൂര്‍ണ്ണമായും ഞെട്ടിപ്പിയ്ക്കുന്ന ഒരു ആശയമായുമാവാം... കഥാകൃത്തും വായനക്കാരനും തമ്മില്‍ സാങ്കല്‍പ്പികമായി  ഒരു വാക്കുതര്‍ക്കം തന്നെ നടന്നേയ്ക്കാം‍... നമ്മളില്‍ പലരും എത്രവട്ടം അയക്കാത്ത കത്തുകളെഴുതിയിരിയ്ക്കുന്നു മനസ്സില്‍ നമ്മുടെ പ്രിയ കഥാകൃത്തിന്, അല്ലെ?

                 അതു കൊണ്ടോക്കെയായിരിയ്ക്കാം ചില പുസ്തകങ്ങള്‍ അല്പനേരത്തെയ്ക്കുള്ള രസമാവുമ്പോള്‍, വായിച്ചു തീര്‍ന്നു മറക്കുമ്പോള്‍, മറ്റു ചിലതു അല്പദിവസങ്ങളിലെയ്ക്കോ വര്‍ഷങ്ങളിലെയ്ക്കോ ചിലപ്പോള്‍ ജീവിതകാലത്തിലെയ്ക്കോ  തന്നെ ഉള്ളില്‍ നിന്നു മാഞ്ഞു പോവാതെ ചിന്തിപ്പിച്ചു കൊണ്ടേ,  അത്ഭുതപ്പെടുത്തികൊണ്ടേയിരിയ്ക്കുന്നത്...............

Saturday, May 22, 2010

പ്രിയ സുഹൃത്തേ... നിനക്കായ്...

.
പൊലിഞ്ഞ കിനാക്കളുടെ ജീര്‍ണ്ണ ജഡങ്ങള്‍ക്കരികെ
മെഴുതിരികള്‍ കത്തിച്ചതും കെട്ടുപോയിരിയ്ക്കുന്നു...

ചുവപ്പും കറുപ്പും ഇടകലര്‍ന്ന സൗഹൃദ നൂലിഴകള്‍
കാലത്തിന്‍ നര കലര്‍ന്നറ്റ് പോകാന്‍ ഇനിയെത്ര നാള്‍?

ഒരു ചെറുചിരിയുടെ ഓര്‍മയില്‍ നനവു പടരുമ്പോള്‍
മഴക്കാറ്റിനു മുഖം തിരിച്ചിരിയ്ക്കുന്നു -
നീര്‍ മിഴികളും നിനവും..!



വായിക്കാന്‍ മറന്നു പോയ അക്ഷരങ്ങള്‍ തന്‍
നിഴല്‍ തീര്‍ത്ത കല്‍മതിലില്‍ കരിക്കട്ടയാല്‍
ചിത്രം വരയ്ക്കുന്നു പാതികുഴഞ്ഞൊരു കൈയും..!

ലാഭ കണക്കുകളുമായി മുന്നിലെത്തുന്നവര്‍
എന്തേ അറിയുന്നില്ലാ -
നഷ്ടങ്ങളുടെ വിഹ്വലതകളില്‍
ഭ്രാന്തമായലയും പാവം മനസ്സിനെ...!

പെയ്തൊഴിഞ്ഞ കാലത്തിന്റെയൊപ്പം
നക്ഷത്രകുഞ്ഞുങ്ങളുടെ താഴ്വരയിലൂടെ
കൈക്കോര്‍ത്തെന്നും നടന്നു തളരാന്‍
എന്തിനിന്നും കൊതിയ്ക്കുന്നു വെറുതെ...!

ചിറകുകള്‍ വിടര്‍ന്നതറിഞ്ഞിട്ടുമറിയാതെ-
പറന്നുയരാതെ, തേന്‍ നുകരാതെ,
പുഴുക്കുത്തേറ്റു വാടിയൊരിലയുടെ-
മഞ്ഞ ഞെരമ്പില്‍ പറ്റിച്ചേര്‍ന്നിരിയ്ക്കുവാന്‍
എന്തിനിന്നും ആശിയ്ക്കുന്നു വെറുതെ.....

എല്ലാം ത്യജിയ്ക്കാം, എന്തും സഹിയ്ക്കാം
ഒരിയ്ക്കല്‍ കൂടി നീ സ്വപ്നങ്ങള്‍ക്കിടയില്‍
നിന്നെന്നെ വിളിച്ചുണര്‍ത്തി സ്വകാര്യമോതുമെങ്കില്‍...

Sunday, May 16, 2010

വഴിയോര കാഴ്ചകള്‍..,.




വഴിയോര കാഴ്ചകള്‍.... ക്യാമറ കണ്ണുകള്‍ക്ക്‌ ഒപ്പിയെടുക്കാന്‍ കഴിയാതെ പോയ ചില കാഴ്ചകള്‍ ഉണ്ടാവാറില്ലേ ഏതൊരു യാത്രയിലും... അഥവാ കഴിഞ്ഞാല്‍ തന്നെയും എന്തൊക്കെയോ കുറവുള്ളതു പോലെ തോന്നിപ്പിയ്ക്കുന്ന ചിത്രങ്ങള്‍... അതിനു കാരണം അവ മിക്കവാറും കണ്ണുകള്‍ കൊണ്ടു മാത്രം ഒപ്പിയെടുക്കാന്‍ കഴിയാത്തവയായതു  കൊണ്ടാണ്.. മണം കൊണ്ടും, സ്പര്‍ശം കൊണ്ടും, ശബ്ദം കൊണ്ടും, മനസ്സ് കൊണ്ടും, പിന്നെ ഓര്‍മ്മകള്‍ കൊണ്ടും ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ ...

ചില്ലുകളുടെ ഇടയിലൂടെ  കവിളില്‍ പതിയുന്ന മഴയുടെ വേഷപ്പകര്‍ച്ചകള്‍...
പിഞ്ഞിയ കയറിന്റെ തുമ്പത്ത് ചിതലു തിന്നൊരു ഊഞ്ഞാല്‍ പലക...
നട്ടുച്ചയ്ക്ക് പാര്‍ട്ടി ഓഫീസിന്റെ പുറകിലെ ഓല മേഞ്ഞ ചായ്പ്പില്‍ തലമുടി വെട്ടുന്ന ബാര്‍ബര്‍..
കാറ്റത്താടുന്ന വിളക്കുകാലുകള്‍...
ഭക്ഷണം കഴിഞ്ഞും കൈ കഴുകാതെ പിഞ്ഞാണം പിടിച്ചു ദൂരെയ്ക്കും നോക്കിയിരിയ്ക്കുന്ന ഒരമ്മ..
വാല്‍മാക്രികള്‍ പുളയുന്ന ആഴം കാണാത്ത പച്ച നിറം പൂണ്ട കുളങ്ങള്‍...
ആയിരം ഈച്ചകള്‍ സ്വകാര്യം പറയുന്ന പഴക്കടയുടെ നിലത്തിരുന്നു  പുസ്തകത്തില്‍ ചിത്രം വരച്ചു തമ്മില്‍ പൊട്ടിച്ചിരിയ്ക്കുന്ന രണ്ടു ചെറിയ പെണ്‍കുട്ടികള്‍...
നിറം മങ്ങിയ സിനിമാപോസ്റ്ററുകള്‍ ഒട്ടിച്ച ബസ്‌ സ്റ്റാന്‍ഡില്‍ സ്വര്‍ണ്ണത്തില്‍ മുങ്ങിയ നവവധു...
വേലികള്‍ക്കപ്പുറത്ത് നിന്നും എത്തി നോക്കുന്ന  ചെറിയ മഞ്ഞ പൂക്കള്‍...
ഒട്ടിയ വയറിന്റെ ദൈന്യത്തിനു നേര്‍ക്കു വീണ പത്തു രൂപയില്‍, തിളങ്ങുന്ന കണ്ണുകള്‍...
മെഴുതിരികളും കുന്തിരിക്കവും  മണക്കുന്ന പാതകള്‍..വളവുകള്‍..
അമ്മയുടെ മടിയില്‍ നാരങ്ങയും മണത്തു കിടക്കുന്ന കുട്ടി...
ഓടിയകലുന്ന തീവണ്ടി ശബ്ദങ്ങള്‍ക്കിടയിലും ഉയര്‍ന്നു താഴുന്ന ഐസ് വണ്ടിയുടെ  ഹോണ്‍..
മഴപെയ്ത വഴികളിലെ ചെളിയിലൂടെ ചെരുപ്പുകളുടെ ഇടയിലും അരിച്ചെത്തുന്ന തണുപ്പ്...
ഷര്‍ട്ടു വലിച്ചു പറിച്ചും ഉറക്കെ തെറി പറിഞ്ഞും എന്തിനോ കലഹിയ്ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍..
ഓരോ വട്ടം ബസ്‌ നിര്‍ത്തുമ്പോഴും ഒഴിഞ്ഞൊരു സീറ്റിനായി പരതുന്ന മിഴികള്‍...
കറുത്തിരുണ്ട ആകാശം നോക്കി നോക്കി വീടെത്തുവാന്‍ വെമ്പുന്ന കാലുകള്‍...
പൊടി പറക്കുന്ന വഴിയരികിലെ കരിമ്പു ജ്യൂസിന്റെ കുളിര്‍മ്മ..
കുപ്പിവളപ്പെട്ടിയിലെ നിറഭേദങ്ങള്‍...
അരയാലില്‍ തൂക്കിയിട്ട തൊട്ടിലിലെ പ്രാര്‍ഥനകള്‍..

വീണ്ടും വീണ്ടും ആ വഴി പോകുവാന്‍ തോന്നിപ്പിക്കുന്ന കാഴ്ചകള്‍... ഇനിയൊരിയ്ക്കലും ഇങ്ങനെയൊന്നു കാണാതെ പോകട്ടെ എന്നു ആഗ്രഹിയ്ക്കുന്ന കാഴ്ചകള്‍...
ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിദൂരമെത്ര?? അറിയില്ല...

Monday, February 08, 2010

എനിയ്ക്കു ദാഹിയ്ക്കുന്നു....

.


അരിഞ്ഞു തള്ളുവിന്‍
എറിഞ്ഞു വീഴ്ത്തുവിന്‍
എനിയ്ക്കു ദാഹിയ്ക്കുന്നു....

ഒഴുകട്ടെ ചുവപ്പുനദികള്‍
ഒടുങ്ങട്ടെ കൊടുംപാപികള്‍
എനിയ്ക്കു ദാഹിയ്ക്കുന്നു....

തുടുത്ത മണ്‍നിറം മാഞ്ഞുതുടങ്ങി
വിളര്‍ത്ത മാറിടം വിണ്ടുതുടങ്ങി
എനിയ്ക്കു ദാഹിയ്ക്കുന്നു....

എന്നില്‍ നിന്നെല്ലാം പറിച്ചെടുത്തു
എന്നില്‍ നിന്നെല്ലാം കുഴിച്ചെടുത്തു
എനിയ്ക്കു ദാഹിയ്ക്കുന്നു....

ചുമടുഭാരം അസഹനീയം
ചുട്ടുപൊള്ളുന്നു അന്തരംഗം
എനിയ്ക്കു ദാഹിയ്ക്കുന്നു....

മൂന്നു വലം വെയ്ക്കാന്‍
മുച്ചൂടും മുടിയ്ക്കാന്‍
വെള്ളം -
സര്‍വത്ര വെള്ളം.....
എന്നിട്ടും എനിയ്ക്കു ദാഹിയ്ക്കുന്നു....


അരിഞ്ഞു തള്ളുവിന്‍
എറിഞ്ഞു വീഴ്ത്തുവിന്‍
എനിയ്ക്കു ദാഹിയ്ക്കുന്നു....
ഇന്നെനിയ്ക്കു ദാഹിയ്ക്കുന്നു .........