Tuesday, July 13, 2010

വായനയ്ക്കിടയില്‍....

                വായിക്കുകയാണ്... അതോ വായനയിലേയ്ക്ക് തിരികെ വരികയാണോ.. എഴുത്തിലേയ്ക്കും??  ഇടവേളകള്‍ ഉണ്ടാവാറുണ്ടെങ്കിലും വായന എന്നും കൂടെയുണ്ടായിരുന്നു... പക്ഷെ ഏറെ കാലങ്ങള്‍ക്ക് ശേഷം എം.ടി.യെ വായിക്കുമ്പോള്‍ എവിടെയോ വെച്ചു ഉപേക്ഷിച്ചു പോന്ന എന്തിലേയ്ക്കോ തിരിച്ചു വരികയാണെന്ന തോന്നല്‍..

                  എം.ടി.യുടെ നാലുക്കെട്ടും രണ്ടാമൂഴവും മഞ്ഞും ഓപ്പോളും അസുരവിത്തും തുടങ്ങി പലതും വായിച്ചിരിയ്ക്കുന്നു എങ്കിലും, ഇന്നലെയാണ് "കണ്ണാന്തളിപ്പൂക്കളുടെ കാലം" വായിക്കാന്‍ ഇടയായത്... ചെറിയ ചെറിയ കഥപറച്ചിലുകളുടെ ഒരു കൊച്ചു സമാഹാരം .... ഓരോന്നു വായിച്ചു കഴിയുമ്പോഴും, ചിലപ്പോള്‍ ഓരോന്നിന്റെ ഇടയ്ക്ക് വെച്ചു പോലും പുസ്തകം അടച്ചു വെച്ചു, വിദൂരതയിലേയ്ക്കു ലക്ഷ്യമേതുമില്ലാതെ  നോക്കിയിരുന്നു പോകുന്നു... മനസ്സില്‍ ചിന്തകളുടെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശരിവെയ്ക്കലുകളുടെയും തിരുത്തലുകളുടെയും വേലിയേറ്റമുണ്ടാവുന്നു... അസ്വസ്ഥമാവുന്നതിനോപ്പം ചെറിയ സന്തോഷവുമുണ്ടാവുന്നു... അപൂര്‍വമായി സംഭവിയ്ക്കുന്ന ആ പ്രതീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്...



           
                    മറ്റു പല കഥകളും നോവലുകളും വായിക്കുമ്പോഴും ഈ പ്രതീതി ഉണ്ടാവാത്തതിനു കാരണം മിക്കവാറും വികാരപരമായി അവയുമായി ഒരു ബന്ധം അനുഭവപ്പെടാത്തതിനാലാവാം....  ആ കഥയുടെ അവസാനം കണ്ടെത്താനോ, ഒരു ഗണിത ശാസ്ത്ര പ്രശ്നത്തിനു പരിഹാരം കണ്ടെത്താനോ തോന്നുന്ന പോലെയാണ് പലപ്പോഴും അത്... പുസ്തക താളുകള്‍ ഇടമുറിയാതെ മറിയുമ്പോഴും ഒരു നിമിഷം അതിനെ കുറിച്ചിരുന്നു ചിന്തിയ്ക്കാനോ ചോദ്യം ചെയ്യാനോ നില്‍ക്കാതെ അത് പൂര്‍ത്തിയാക്കാനുള്ള വെമ്പലാണ്‌... അതും വായന തന്നെയാണ്, ല്ലേ?  പക്ഷെ അങ്ങനെയുള്ള വായനകള്‍ക്കിടയില്‍ എപ്പോഴോ ഇങ്ങനെയൊരു പുസ്തകമെത്തുന്നു കൈയ്യില്‍...


                     മിക്കവാറും അവ നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നവയോ, നമ്മുടെ ഭൂതകാലസ്മരണകളെ  ഉണര്‍ത്തുന്നവയോ, നമ്മുടെ ചിന്തകളെ നേരിട്ടു വായിക്കുന്ന പോലെയോ ഒക്കെ തോന്നിപ്പിയ്ക്കുന്നവ ആയിരിയ്ക്കാം... അതല്ലെങ്കില്‍, അതുവരെ നാം ആലോചിച്ചിരുന്നവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതോ, നാം പിന്തുടര്‍ന്നിരുന്ന പലതിനെയും എതിര്‍ക്കുന്നവയോ ആയി നമ്മെ പൂര്‍ണ്ണമായും ഞെട്ടിപ്പിയ്ക്കുന്ന ഒരു ആശയമായുമാവാം... കഥാകൃത്തും വായനക്കാരനും തമ്മില്‍ സാങ്കല്‍പ്പികമായി  ഒരു വാക്കുതര്‍ക്കം തന്നെ നടന്നേയ്ക്കാം‍... നമ്മളില്‍ പലരും എത്രവട്ടം അയക്കാത്ത കത്തുകളെഴുതിയിരിയ്ക്കുന്നു മനസ്സില്‍ നമ്മുടെ പ്രിയ കഥാകൃത്തിന്, അല്ലെ?

                 അതു കൊണ്ടോക്കെയായിരിയ്ക്കാം ചില പുസ്തകങ്ങള്‍ അല്പനേരത്തെയ്ക്കുള്ള രസമാവുമ്പോള്‍, വായിച്ചു തീര്‍ന്നു മറക്കുമ്പോള്‍, മറ്റു ചിലതു അല്പദിവസങ്ങളിലെയ്ക്കോ വര്‍ഷങ്ങളിലെയ്ക്കോ ചിലപ്പോള്‍ ജീവിതകാലത്തിലെയ്ക്കോ  തന്നെ ഉള്ളില്‍ നിന്നു മാഞ്ഞു പോവാതെ ചിന്തിപ്പിച്ചു കൊണ്ടേ,  അത്ഭുതപ്പെടുത്തികൊണ്ടേയിരിയ്ക്കുന്നത്...............

2 comments:

Shivaja said...
This comment has been removed by a blog administrator.
ജോയ്‌ പാലക്കല്‍ - Joy Palakkal said...

"അതുകൊണ്ടോക്കെയായിരിയ്ക്കാം ചില പുസ്തകങ്ങള്‍ അല്പനേരത്തെയ്ക്കുള്ള രസമാവുമ്പോള്‍, വായിച്ചു തീര്‍ന്നു മറക്കുമ്പോള്‍, മറ്റു ചിലതു അല്പദിവസങ്ങളിലെയ്ക്കോ വര്‍ഷങ്ങളിലെയ്ക്കോ ചിലപ്പോള്‍ ജീവിതകാലത്തിലെയ്ക്കോ തന്നെ ഉള്ളില്‍ നിന്നു മാഞ്ഞു പോവാതെ ചിന്തിപ്പിച്ചു കൊണ്ടേ, അത്ഭുതപ്പെടുത്തികൊണ്ടേയിരിയ്ക്കുന്നത്....'

പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍ ഹൃദയപൂര്‍വ്വം...