Sunday, May 16, 2010
വഴിയോര കാഴ്ചകള്‍..,.
വഴിയോര കാഴ്ചകള്‍.... ക്യാമറ കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയാതെ പോയ ചില കാഴ്ചകള്‍ ഉണ്ടാവാറില്ലേ ഏതൊരു യാത്രയിലും... അഥവാ കഴിഞ്ഞാല്‍ തന്നെയും എന്തൊക്കെയോ കുറവുള്ളതു പോലെ തോന്നിപ്പിയ്ക്കുന്ന ചിത്രങ്ങള്‍... അതിനു കാരണം അവ മിക്കവാറും കണ്ണുകള്‍ കൊണ്ടു മാത്രം ഒപ്പിയെടുക്കാന്‍ കഴിയാത്തവയായതു കൊണ്ടാണ്.. മണം കൊണ്ടും, സ്പര്‍ശം കൊണ്ടും, ശബ്ദം കൊണ്ടും, മനസ്സ് കൊണ്ടും, പിന്നെ ഓര്‍മ്മകള്‍ കൊണ്ടും ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ ...
ചില്ലുകളുടെ ഇടയിലൂടെ കവിളില്‍ പതിയുന്ന മഴയുടെ വേഷപ്പകര്‍ച്ചകള്‍...
പിഞ്ഞിയ കയറിന്റെ തുമ്പത്ത് ചിതലു തിന്നൊരു ഊഞ്ഞാല്‍ പലക...
നട്ടുച്ചയ്ക്ക് പാര്‍ട്ടി ഓഫീസിന്റെ പുറകിലെ ഓല മേഞ്ഞ ചായ്പ്പില്‍ തലമുടി വെട്ടുന്ന ബാര്‍ബര്‍..
കാറ്റത്താടുന്ന വിളക്കുകാലുകള്‍...
ഭക്ഷണം കഴിഞ്ഞും കൈ കഴുകാതെ പിഞ്ഞാണം പിടിച്ചു ദൂരെയ്ക്കും നോക്കിയിരിയ്ക്കുന്ന ഒരമ്മ..
വാല്‍മാക്രികള്‍ പുളയുന്ന ആഴം കാണാത്ത പച്ച നിറം പൂണ്ട കുളങ്ങള്‍...
ആയിരം ഈച്ചകള്‍ സ്വകാര്യം പറയുന്ന പഴക്കടയുടെ നിലത്തിരുന്നു പുസ്തകത്തില്‍ ചിത്രം വരച്ചു തമ്മില്‍ പൊട്ടിച്ചിരിയ്ക്കുന്ന രണ്ടു ചെറിയ പെണ്‍കുട്ടികള്‍...
നിറം മങ്ങിയ സിനിമാപോസ്റ്ററുകള്‍ ഒട്ടിച്ച ബസ് സ്റ്റാന്‍ഡില്‍ സ്വര്‍ണ്ണത്തില്‍ മുങ്ങിയ നവവധു...
വേലികള്‍ക്കപ്പുറത്ത് നിന്നും എത്തി നോക്കുന്ന ചെറിയ മഞ്ഞ പൂക്കള്‍...
ഒട്ടിയ വയറിന്റെ ദൈന്യത്തിനു നേര്‍ക്കു വീണ പത്തു രൂപയില്‍, തിളങ്ങുന്ന കണ്ണുകള്‍...
മെഴുതിരികളും കുന്തിരിക്കവും മണക്കുന്ന പാതകള്‍..വളവുകള്‍..
അമ്മയുടെ മടിയില്‍ നാരങ്ങയും മണത്തു കിടക്കുന്ന കുട്ടി...
ഓടിയകലുന്ന തീവണ്ടി ശബ്ദങ്ങള്‍ക്കിടയിലും ഉയര്‍ന്നു താഴുന്ന ഐസ് വണ്ടിയുടെ ഹോണ്‍..
മഴപെയ്ത വഴികളിലെ ചെളിയിലൂടെ ചെരുപ്പുകളുടെ ഇടയിലും അരിച്ചെത്തുന്ന തണുപ്പ്...
ഷര്‍ട്ടു വലിച്ചു പറിച്ചും ഉറക്കെ തെറി പറിഞ്ഞും എന്തിനോ കലഹിയ്ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍..
ഓരോ വട്ടം ബസ് നിര്‍ത്തുമ്പോഴും ഒഴിഞ്ഞൊരു സീറ്റിനായി പരതുന്ന മിഴികള്‍...
കറുത്തിരുണ്ട ആകാശം നോക്കി നോക്കി വീടെത്തുവാന്‍ വെമ്പുന്ന കാലുകള്‍...
പൊടി പറക്കുന്ന വഴിയരികിലെ കരിമ്പു ജ്യൂസിന്റെ കുളിര്‍മ്മ..
കുപ്പിവളപ്പെട്ടിയിലെ നിറഭേദങ്ങള്‍...
അരയാലില്‍ തൂക്കിയിട്ട തൊട്ടിലിലെ പ്രാര്‍ഥനകള്‍..
വീണ്ടും വീണ്ടും ആ വഴി പോകുവാന്‍ തോന്നിപ്പിക്കുന്ന കാഴ്ചകള്‍... ഇനിയൊരിയ്ക്കലും ഇങ്ങനെയൊന്നു കാണാതെ പോകട്ടെ എന്നു ആഗ്രഹിയ്ക്കുന്ന കാഴ്ചകള്‍...
ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിദൂരമെത്ര?? അറിയില്ല...
Subscribe to:
Post Comments (Atom)
No comments:
Post a Comment