Sunday, May 05, 2024

പ്രാർത്ഥനകൾ...


വാടാത്ത അണയാത്ത 
നിറപുഞ്ചിരി വിടർന്നതാണു നിൻ -
മുഖമിപ്പോഴും എന്നു 
നിനയ്ക്കട്ടേ ഞാനെന്നും ...

ബഹുവിധ മുഖംമൂടികൾക്കുള്ളിലെ 
നിന്നെ, നീയെങ്കിലും 
മറന്നതില്ലെന്നു 
കരുതട്ടേ  ഞാനിന്നും ..

ചുട്ടുപൊള്ളും നാളെയുടെ 
തനിയാവർത്തനങ്ങളിൽ 
എങ്ങാനും നീ ഇടറിവീഴുമ്പോൾ 
നേരട്ടെ ഞാനിതൊക്കെയും ...

നിഴലുകൾ പതിയാത്ത 
മഴക്കാടില്ലെങ്കിലും,
സ്വപ്‌നങ്ങൾ മെടയാൻ 
ചെറുതാം ഒരോലച്ചീന്തും 

മതിയോളം മുങ്ങിത്തുടിയ്ക്കാൻ 
പുഴയതില്ലെങ്കിലും,
കനിവുകൾ കിനിയുവാൻ 
വെള്ളമൊരു ചേമ്പിലക്കുമ്പിളിലും 

സിരകൾ മുഴുക്കെ കോരിത്തരിപ്പിയ്ക്കാൻ 
നാദബ്രഹ്മമില്ലെങ്കിലും,
ആത്മാവിനു തളിരിടാൻ 
ഓർമത്താളിലൊരു താരാട്ടീണവും 

താങ്ങായി, തോഴരായി 
ശതങ്ങൾ കൂട്ടിനില്ലെങ്കിലും,
ഏതിരുളിലും ചേർത്തണയ്ക്കാൻ 
ചാരത്തൊരു ഹൃദയത്തുടിപ്പും 




ലോകങ്ങൾ പണിതുയർത്തില്ലെങ്കിലും 
പടവുകളേറിയില്ലെങ്കിലും 
ഉടയാതിരിക്കട്ടെ നീയാൽ 
ഒരുറുമ്പിൻ കൂടാരം പോലും 

സ്നേഹക്കരങ്ങൾ നീട്ടിയില്ലെങ്കിലും 
നോവാറ്റിയില്ലെങ്കിലും 
വിതുമ്പാതിരിയ്ക്കട്ടെ നീയാൽ 
ഒരു കുഞ്ഞുമനസ്സു പോലും 

നാളെയൊരു നാൾ, 
ഓടിയണയാൻ ഞാനില്ലാതിരുന്നാലും;
നേരുന്നു നിനക്കായിതൊക്കെയും ഓമലേ ..
അതിനു മാത്രം പുണ്യമീ 
പ്രാർത്ഥനകളിൽ ഉണ്ടായിരിക്കട്ടെ... !!



No comments: