പിന്നെ ഉള്ളതും ഒരു പട്ടുപാവാട ഓർമ്മ തന്നെയാണ്... പിങ്ക് നിറത്തിൽ കരിനീല ബോർഡറുള്ള പാവാട... രണ്ടാം ക്ലാസ്സിലെ ആന്വൽ ഡേയ്ക്ക്, ടീച്ചർമാർ കിട്ടിയ പിള്ളേരെയെല്ലാം പട്ടു പാവാടയുടുപ്പിച്ച് താലം പിടിപ്പിച്ച് നിരത്തി നിർത്തി ചെയ്യിച്ച 'രംഗപൂജ' ഡാൻസ്... ഇതായിരുന്നു ആദ്യായിട്ടുള്ള സ്റ്റേജ് പെർഫോമൻസ്... ഡാൻസിൻ്റെ... അതിനു മുൻപ് "നീലാകാശം പീലികൾ വിടരും പച്ചതെങ്ങോല" ആക്ഷൻ സോങ്സ് ഒക്കെ എൽ.കെ.ജി ക്ലാസ്സ് മുതലേ അവതരിപ്പിച്ചു മടലൊന്നും കിട്ടാണ്ട് ആനന്ദാശ്രു പൊഴിച്ച കൊറേ പരിചയസമ്പത്തുണ്ട്.... അല്ലെങ്കിലും പങ്കെടുക്കുന്ന സന്തോഷം മതി നമുക്ക് ...... ഗപ്പൊക്കെ മേടിച്ചുകൂട്ടുന്ന വഷളത്തരം നമ്മള് ചെയ്യില്ല... പക്ഷേ രംഗപൂജയേയും ഡാൻസ് വിഭാഗത്തിൽ പൂർണ്ണമായി ചേർക്കാൻ പറ്റില്ല.. കാരണം ഇത് വെറുതെ താലം പിടിച്ചു തേരാ പാരാ സ്റ്റേജിലൂടെ തട്ടി മറിയാതെ നടന്നു സദസ്സിനോട് നമസ്തേ പറഞ്ഞു വന്നാ മതി...
അടുത്തകൊല്ലം ലിസി ടീച്ചറാണ് ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് .. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ കൂടിയായിരുന്ന ടീച്ചർ, ക്ളാസ്സിന്റെ അഭിമാനം വാനോളമുയർത്താൻ വേണ്ടിയോ എന്തോ ഡാൻസിന് പേരുകൊടുത്തവരെ എല്ലാരേം പഠിപ്പിക്കാൻ തീരുമാനമായി.... ഒറ്റ കണ്ടീഷൻ - സ്വന്തമായി ചിലങ്ക കൊണ്ട് വരണം... അത് കേട്ടതോടെ, നാളത്തെ മൃണാളിനി സാരാഭായീസ് ആവാൻ ആക്രാന്തം മൂത്തു ഓടിവന്നവരൊക്കെ, "ഏഏഹ് .... ഞങ്ങളെ വിളിച്ചോ..." എന്ന മട്ടിൽ തിരിച്ചു ക്ലാസ്സിലെത്തി വിക്രം സാരാഭായീസ് ആവാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടു... പിന്നെ ഭായും ബെഹനും ഒന്നും ആവണ്ടാത്ത നമ്മളെ പോലെ ചിലർ മാത്രം ബാക്കിയായി... ചിലങ്കയൊക്കെ ഇട്ടു ഭരതനാട്യം ആയിരിക്കോ മോഹിനിയാട്ടം ആയിരിക്കോ ടീച്ചർ പഠിപ്പിക്കാ എന്നും കരുതി നിൽക്കുമ്പോളാണ്, ടീച്ചർ കാസ്സറ്റിട്ട് ടേപ്പ് ഓണാക്കിയത്... അതാ വരുന്നു, വന്ദനത്തിലെ "അന്തിപൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ....." സിനിമാറ്റിയ്ക് ഡാൻസ് എങ്കിൽ അത്, നമ്മൾക്ക് എന്തായാലും കളിച്ചാ മതി എന്നുള്ളത് കൊണ്ട് ചിലങ്ക പ്രശ്നം വീട്ടിലവതരിപ്പിച്ചു... ഈ വക കാര്യങ്ങളിൽ പ്രോത്സാഹനം അധികമുള്ള മാതാപിതാക്കളായതു കൊണ്ട് ചിലങ്ക പുതിയത് കിട്ടില്ലെന്ന് അപ്പോൾ തന്നെ ഗ്യാരണ്ടി പറഞ്ഞു... അമ്മടെ പിന്നാലെ നടന്ന് ശല്യം സഹിക്കാൻ വയ്യാഞ്ഞപ്പോ, അമ്മടെ വീട്ടിൽ തട്ടിൻപുറത്ത് ഒരു ചിലങ്കയുണ്ട്, അത് വേണമെങ്കിൽ കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു... ഇത്ര കാലം ഞാനറിയാത്ത ചിലങ്കയോ അമ്മമ്മടെ അവിടെ എന്ന് അന്തംവിട്ടു നിക്കുമ്പോഴാണ് പണ്ട് കുട്ടിക്കാലത്തു ഇത് പോലെ ആഗ്രഹം മൂത്ത് ആറു മാസം ഡാൻസ് പഠിച്ച വകയിൽ മേടിച്ചതാണ് ചിലങ്കയും അരപ്പട്ടയും മുടി തിരുപ്പനും ഒക്കെ എന്ന് അമ്മ മൊഴിയുന്നത്... ആ ശനിയാഴ്ച തന്നെ അതവിടുന്നു പൊക്കി... നല്ല രാജാപാർട്ട് സംഭവം... മണികൾ അവിടേം ഇവിടേം കൊഴിഞ്ഞ ആ ചിലങ്ക കെട്ടി നൃത്തമാടി അതും അങ്ങനെ ഓർമ്മയാക്കി ...
അടുത്ത കൊല്ലം എന്റെ പെർഫോമൻസിൽ മതി മറന്നിട്ടോ എന്തോ ക്ലാസ്സ് ടീച്ചർ ഡാൻസിന് ചേർത്തില്ല... ആ വാശിയ്ക്കും സങ്കടത്തിനും വീട്ടിൽ കരഞ്ഞു നെലോളിച്ചു ഒരു മാഷേ വെച്ച് ഡാൻസ് പഠിപ്പിക്കാൻ തീരുമാനാക്കി... അപ്പു മാഷ്... കഷ്ട്ടിച്ചു മൂന്ന് ക്ലാസ്സ് തികച്ചെടുക്കാതെ പാവം ജീവനും കൊണ്ടോടി രക്ഷപ്പെട്ടു... പക്ഷെ മാഷിനറിയില്ലാലോ, കൊല്ലം കൊല്ലം ചാത്തന്മാർക്കു ദോശേം ചിക്കനും ഉണ്ണിയപ്പോം അവിലും നേദിക്കുന്ന തറവാട്ടിലെ, അതൊക്കെ പൊടി പോലും ബാക്കി വെക്കാതെ മത്സരിച്ചു ഭോജിക്കുന്ന കുട്ടിപട്ടാളത്തിലെ അംഗമാണ് നോം എന്ന്... അങ്ങനെ ചാത്തന്മാര് വീണ്ടും മാഷിനെ എന്റെ മുൻപിൽ കൊണ്ടു വന്നു... കഥ തുടരും... പിന്നല്ലാ... :)
2 comments:
ഹാ ഹാ.ഓരോരോ ഓർമ്മകൾ!!
ചാത്തന്മാര് ചതിക്കില്ലാ എന്നറിയില്ലേ
Post a Comment