Wednesday, October 07, 2015

കുഞ്ഞൻ ബോംബുകൾ ...


എപ്പോഴാണ് ഇങ്ങനെയൊരു അനിഷ്ടം  ഈ കുഞ്ഞൻ കറുപ്പ്‌ മണികളോട് തോന്നിയതെന്ന് ഒരു പിടിയുമില്ല.. പറഞ്ഞുവരുമ്പോൾ, ഭക്ഷണ കാര്യങ്ങളിലുള്ള പ്രത്യേക താല്പര്യം കൊണ്ടും ഒരു ഒന്നൊന്നൊര രണ്ടാൾക്കുള്ള ഭക്ഷണം നല്ല വൃത്തിയും വെടിപ്പുമായി കഴിയ്ക്കുന്ന ആളായത് കൊണ്ടും ഇങ്ങനെയൊരു അനിഷ്ടം ചില്ലറ പണിയൊന്നുമല്ല എനിയ്ക്ക് തരുന്നത്... കാരണം കറികളായ കറികളിലെല്ലാം കാക്കത്തൊള്ളായിര കണക്കിനെന്നു തോന്നുംവിധമാണീ ഇത്തിരി കുഞ്ഞന്മാർ ആണ്ടു പൂഴ്ന്നു സ്ഥാനം പിടിച്ചിരിയ്ക്കുന്നത് .... പറഞ്ഞു വരുന്നത്, ചൂടായ പച്ചവെള്ളിച്ചെണ്ണയിലേയ്ക്കു യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ എടുത്തെറിയുന്ന കുഞ്ഞൻ ബോംബുകൾ കടുകുമണികൾ തന്നെ!!



അവയൊക്കെയും പെറുക്കി പ്ലേയ്റ്റിന്റെയോ ഇലയുടെയോ അരികിൽ പ്രതിഷ്ഠിച്ച് സമാധാനമായി ഒന്ന് കഴിയ്ക്കാൻ പറ്റണ്ടേ ?? എങ്ങനെ പോയാലും ഒന്നോ രണ്ടോ എണ്ണം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ പോലെ വായിൽ കയറി പറ്റും ... തട്ടും തടവുമില്ലാതെ  പോകുന്ന മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച്, ഇവയൊക്കെയും പല്ലിന്റെ ഇടയിൽ പെട്ട് പൊട്ടിത്തെറിയ്ക്കുകയും, "ആരാ ഈ വൃത്തിക്കെട്ടവന്മാരെ കണ്ടു പിടിച്ചേ ദൈവമേ..." എന്നോ, "അടുക്കളയിലുള്ളവർക്ക് കടക്കാരാൻ ഫ്രീ ആയിക്കൊടുക്കുന്നതാണോ ഇത്ര മാത്രം കടുക് .." എന്നോ ഉള്ള പ്രാക്ക് നാവിന്റെ തുമ്പിൽ വന്നു നിറയുകയും ചെയ്യും.. പിന്നെ, വയറെന്റെ ആയിപ്പോയില്ലേ , നമ്മള് തന്നെ കഷ്ട്ടപ്പെടണ്ടേ എന്നോർത്ത് സമാധാനിച്ചു അശ്രാന്ത പരിശ്രമത്തിൽ ഏർപ്പെടും ...

വീട്ടിൽ അമ്മയോടോ അമ്മമ്മയോടോ അമ്മായിമാരോടോ ഈ കടുകെടപ്പാട്‌ ഒന്ന് നിർത്തലാക്കിക്കൂടേ എന്ന് ചോദിച്ചാൽ, ഞാൻ അവരോടു അരിയിടാണ്ട് ചോറുണ്ടാക്കാൻ പറഞ്ഞ പോലെ നോക്കും.. 

ചെറിയമ്മായി ചോദിച്ചു, "വറുത്തിടാണ്ട് എങ്ങനെയാ കുട്ടാ ചട്ട്ണിയും കൂട്ടാനും ഉണ്ടാക്ക്വാ?? ഇവിടേയ്, ആണുങ്ങൾക്ക് വെളമ്പണ്ടതല്ലേ .."

"അപ്പൊ ഞാൻ എന്താ ഈ 'ആണുങ്ങളുടെ' ലിസ്റ്റിൽ പെടില്ലേ?"

"നീയോ, നീ ചെറിയ ചെക്കനല്ലേ , കോളേജ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ... ജോലിയൊക്കെ ആയി പെണ്ണൊക്കെ കെട്ടി കുട്ടികളൊക്കെ ആയിട്ട് ഭാര്യയോട് പറഞ്ഞു നോക്ക്, കടുകിടാണ്ട് വെച്ച് വെളമ്പി തരാൻ ട്ടോ ..."

"ഇതാ കെടക്കണു, ഒരു കടുക് മണിയിൽ നിന്നും കുട്ടികളിലേയ്ക്ക് .. അമ്പമ്പോ , ഒന്നും വേണ്ടായേയ് .. ഞാൻ പെറുക്കിക്കോളാം .."

'കടുകുപെറുക്കി !!' - അപ്പുറത്ത് നിന്നും അനിയത്തി പുതിയ ഇരട്ടപ്പേരു കണ്ടുപിടിച്ച സന്തോഷത്തിൽ ബാക്കി കുട്ടി പട്ടാളങ്ങളെ അറിയിക്കാൻ ഓടി! ഭഗവാനേ ... നീ ഇതൊന്നും കാണുന്നില്ലേ ..!

അങ്ങനെ താമസിയാതെ ഞാൻ കൂട്ടുകാരുടെയും സ്വന്തക്കാരുടെയും വീട്ടിലും 'കടുക്കുപെറുക്കി'യായി വാഴ്ത്തപ്പെട്ടു! ഒരിയ്ക്കൽ, അച്ഛന്റെ തറവാട്ടിൽ പോയപ്പോൾ അവിടത്തെ വല്യമ്മായിടെ നല്ല ഒന്നാന്തരം സ്പെഷ്യൽ ഇഞ്ചിക്കറിയുണ്ടായിരുന്നു ഊണിന്.. അതിൽ സാധാരണയിലധികം കടുക് കണ്ട് അതിനെ  ഇഞ്ചിക്കറി എന്നതു മാറ്റി കടുകുക്കറിയെന്ന് പേരിട്ടാലോ എന്നാലോചിച്ച് പല്ല് കടിച്ചു പിടിച്ചു കടുകുകളെ ഫിൽറ്റർ ചെയ്തു ആസ്വദിയ്ക്കുമ്പോൾ, പിന്നിൽ നിന്നും വല്യമ്മായി പറഞ്ഞു, " നിന്റെ അച്ഛമ്മയ്ക്കും കടുക് തീരെ ഇഷ്ട്ടല്ലായിരുന്നു... മരിയ്ക്കണ വരെ വറുത്തിടണതിന് മുൻപ് കൂട്ടാനൊക്കെ കൊറച്ചു മാറ്റി വെയ്ക്കാൻ പറയ്വായിരുന്നു ... നീ ഇങ്ങനെ പെറുക്കണ കാണുമ്പോ അമ്മയെ ആണ് ഓർമ വരണേ .... "

കേട്ടപ്പോ പെട്ടെന്ന് സന്തോഷം തോന്നിയെനിയ്ക്ക്‌...എന്നിട്ട് പറഞ്ഞു, "ആഹ് ഹാ , അപ്പൊ ഞാൻ പാരമ്പര്യം നില നിർത്താണ് ... അതിനും വേണ്ടേ ഒരാള് ... ഞാൻ അച്ഛമ്മടെ കുട്ടിയാണേയ് !!"

വല്യമ്മായി അടുത്ത കസേരയിലിരുന്നിട്ടു പറഞ്ഞു, " വീടിനോടും വീട്ടുകാരോടും വല്യ ഇഷ്ടണ്ടായിരുന്നോര് മരിച്ചു കഴിഞ്ഞാൽ അവരെ അടക്കിയിട്ടു പോരുമ്പോ കൊറച്ചു കടുകെറിയുമായിരുന്നു, ത്രേ പണ്ടുള്ളോര്.. അപ്പൊ അവരുടെ ആത്മാവ് തിരിച്ചു വീട്ടിലേയ്ക്ക് വരാൻ തുടങ്ങുമ്പോ ഈ കടുക് കണ്ടിട്ട് അത് പെറുക്കാൻ ഇരുന്നോളും ... പെറുക്കിയിട്ടും പെറുക്കിയിട്ടും തീരാത്തോണ്ട്, വീട്ടിലേയ്ക്ക് ആത്മാവ് വരില്ല്യ ... അവരുടെ പിന്നെയുള്ള ജന്മത്തിലും അതോണ്ട് കടുക് ഇഷ്ടണ്ടാവില്ല..."

"അപ്പൊ വല്യമ്മായി പറയണത്, ഞാൻ കഴിഞ്ഞ ജന്മത്തിൽ മരിച്ചപ്പോ എന്റെ ദുഷ്ടന്മാരായ ബന്ധുക്കൾ കടുകെറിഞ്ഞത് കൊണ്ടാണ് ഞാൻ ഇപ്പൊ ഇരുന്നീ പെടാപാട് പെടണത് എന്നാണോ ...?"

"ആവ്വായിരിയ്ക്കും .. ആർക്കാ നിശ്ശം !!.."

അതിങ്ങനെ ഓർത്തോണ്ടിരുന്നിട്ടു കൊറച്ചു കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, "ഇപ്രാവശ്യം അച്ഛമ്മ മരിച്ചപ്പോ കടുക് എറിഞ്ഞ്വോ ആരെങ്കിലും?"

"ഹേയ് .. ഇല്ലാ ..അതൊക്കെ പണ്ട് ചെയ്തിരുന്നു എന്ന് പറയണ കാര്യങ്ങളല്ലേ, ഇപ്പൊ ആരെങ്കിലും ചെയ്യ്വോ ??"

"ഉം ...നന്നായി ... അടുത്ത ജന്മത്തിലെങ്കിലും അച്ഛമ്മ സമാധാനായിട്ട് ഭക്ഷണം കഴിയ്ക്കട്ടെ..!!" മനസ്സില് ഇതും കൂടി കുറിച്ചു... അച്ഛമ്മടെ ആത്മാവിന് ഞങ്ങളെ കാണാൻ വരണംന്ന് തോന്നിയാ കടുകു പെറുക്കി ബുദ്ധിമുട്ടണ്ടാലോ വഴിയില്ലിരുന്ന് ... പാവം പോന്നോട്ടെ...!!!


1 comment:

സുധി അറയ്ക്കൽ said...

ഈ കടുകുമായി എനിയ്ക്കുമുണ്ട്‌ രസക്കേട്‌.കറികളിലെ കടുക്‌ ആരും കാണാതെ ഞെക്കിപ്പൊട്ടിക്കുക എന്നത്‌ മാറ്റാൻ പറ്റാത്ത ശീലം ആയിപ്പോയി.