Monday, October 19, 2009

സന്ധ്യകള്‍, മൂകസാക്ഷികള്‍...


.




പ്രാത: സന്ധ്യ ഞാന്‍;
വിദൂരതയില്‍ നിന്നരികിലേക്കു നീങ്ങുമാ -
കുളമ്പടി ശബ്ദമെനിക്കെത്ര പരിചയം !
നിന്നെ ഉണര്‍ത്തുവാന്‍,
ശോണരേണുക്കളാലഭിഷേകമാടുവാന്‍,
ആദിത്യനെഴുന്നള്ളുമ് ദുന്ദുഭി നാദമെനിക്കെത്ര പരിചയം !!
ഖഗകൂജിതങ്ങളാല്‍ ശംഖധ്വനി മുഴക്കി -
നീയര്‍ക്കനെ വരവേല്‍ക്കുമ്പോള്‍
നില്‍ക്കുന്നു ഞാന്‍ സഹര്‍ഷം സാക്ഷിയായ്;
മൂകസാക്ഷിയായ്...........

മദ്ധ്യാഹ്ന സന്ധ്യ ഞാന്‍;
എരിയുന്ന കൊടും വെയിലില്‍ നിന്‍ -
ഇടനെഞ്ചകം പോലും അഗ്നിജ്വാലയായ്‌ തപിക്കവേ,
എന്നിലെ മൌനവും വിയര്‍പ്പില്‍ കുതിരുന്നു.....
സാഗരങ്ങളില്‍ നിന്നും സരിത്തുകളില്‍ നിന്നും
നിന്റെ തപ്തനിശ്വാസങ്ങള്‍,
നിന്നിലെ പൊള്ളുന്ന സ്വപ്നങ്ങളും മോഹങ്ങളും -
കറുത്ത വേദനകളും മുറിവുകളും
എന്‍ കാതിലാര്‍ദ്രമായ് വന്നോതുമ്പോഴും;
ഏതോ ബാല്യത്തില്‍ നിന്നുയരുമൊരാ -
വിശപ്പിന്‍ നിലവിളിയെന്റെ,
ശ്രവണപുടത്തിലിരമ്പം കൊള്‍കേ -
നില്‍ക്കുന്നു ഞാന്‍ സദയം സാക്ഷിയായ് ;
മൂകസാക്ഷിയായ്......

സായംസന്ധ്യ ഞാന്‍ ;
മറയുന്ന സൂര്യനു നിര്‍ന്നിമേഷയായ്‌
വിട ചൊല്ലുമ്പോഴും ;
ഒരു ചാന്ദ്രമുഖം നീ തിരയുമ്പോള്‍,
വ്രീളാമുഖിയായ് തുടുത്ത വിഹായസ്സിലേക്കു
നീ ഒളിക്കണ്ണിടുമ്പോള്‍ -
അറിഞ്ഞതില്ല, യിതൊന്നുമാ കര്‍മ്മസാക്ഷിയെങ്കില്ലും -
നില്‍ക്കുന്നു ഞാന്‍ സാക്ഷിയായ് ;
മൂകസാക്ഷിയായ് .....................

ഇന്ദുമുഖം കണ്ടാമ്പല്‍ കണ്‍തുറക്കും -
പൊയ്കകളില്‍ മിഴിനട്ടു ;
നക്ഷത്രജാലങ്ങളിലെവിടെയോ -
എന്‍ ജന്മസ്മൃതികളിലെന്നോ, കൈവിട്ടൊരെന്‍ -
സൂര്യനെ, യെന്‍ വാക്കിനെ ഞാന്‍ തിരയുന്നു........
ഇനി നാലുയാമങ്ങള്‍ക്കൊടുവില്‍
ഒരു പുലരി നിന്നെ സിന്ദൂരം ചാര്‍ത്തും വരെ ;
കാത്തിരിയ്ക്കുന്നു ഞാന്‍, മറ്റൊരു പ്രാത:സന്ധ്യക്കായ്‌ -
എന്‍ സാക്ഷിപദം വിട്ടൊഴിയുവാന്‍ ....................



4 comments:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

nannayirikkunnu.. :)

raadha said...

കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ വരാതെ കൃഷ്ണന്‍ എവിടെ പോവാന്‍...?.

★ Shine said...

നല്ല ചിന്ത. വരികൾക്കു ഒരു ഒഴുക്കു കിട്ടിയാൽ കൂടുതൽ നന്നായേനെ..

ശ്രീ said...

കൊള്ളാം, നന്നായിട്ടുണ്ട്