Monday, December 15, 2008

വൈകിയെത്തുന്ന തിരിച്ചറിവുകള്‍...

.
ഇപ്പോള്‍ ഞാന്‍ കേട്ടുക്കൊണ്ടിരിയ്ക്കുന്നത് ഏതു പാട്ടാണെന്നറിയോ.. ? "ചാഞ്ചാടി ആടി ഉറങ്ങു നീ.... " ഈ പാട്ട് എനിയ്ക്ക്‌ ഇഷ്ടായിരുന്നു, അല്ല, ഇഷ്ടാണ്... ബാക്കിയെല്ലാ താരാട്ട്‌ പാട്ടുകളേയും പോലെ.... പക്ഷേ ഇതിനോടു ഒരു പ്രേത്യേക ഇഷ്ടാണ്... കാരണം ശംഭൂനെ ഉറക്കുമ്പോ അവന് ഏറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു ഇത്‌... അവന്‍ എന്റെ ചേച്ചിയുടെ കുട്ടിയാണ് ... ചേച്ചി, ടീച്ചര്‍ ആയതു കൊണ്ട്‌, മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്കൂളില്‍ പോയി തുടങ്ങി.... അപ്പോള്‍ പകല്‍ സമയങ്ങളില്‍ അധിക നേരവും അവന്‍ എന്റെ കൂടെയായിരിയ്ക്കും .... അവനെ ഉറക്കുമ്പോ ഞാന്‍ ആദ്യമൊക്കെ പാട്ട് മൂളാറേ ഉണ്ടായിരുന്നുള്ളൂ... പിന്നെ ഒരിയ്ക്കല്‍ വരികള്‍ പാടിയപ്പോള്‍ അവന്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്നു കണ്ടു... ഞാന്‍ ഈ പാട്ടു പാടി ഉറക്കുമ്പോള്‍, ഉറക്കം വരുന്നുണ്ടെങ്കില്‍ കൂടിയും, മുഴുവന്‍ കേള്‍ക്കാനായിട്ടു അവന്‍ കുഞ്ഞു കണ്ണുകള്‍ കഷ്ടപ്പെട്ടു തുറന്നു പിടിയ്ക്കും....



ഞാന്‍ കൊറച്ചു ദിവസം എവിടെയെങ്കിലും പോയി വരുമ്പോ, ഈ പാട്ടു മൂളിയാ മതിയായിരുന്നു, ആ നിമിഷം അവന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു... പിന്നെ എന്റെ അടുത്തു വരാന്‍ പേടിയില്ല... പുറമേ നിന്ന് പരിചയമില്ലാത്ത ആരെങ്കിലും വന്നാല്‍ എന്റെ അടുത്തേയ്ക്ക് ഓടി വരും ... എന്നിട്ടു എന്നെ അള്ളി പിടിയ്ക്കും.... അവന്‍ അങ്ങനെ മുറുകെ പിടിയ്ക്കുമ്പോള്‍, എന്റെ ദേഹം മുഴുക്കെ കോരിതരിയ്ക്കും.... കാരണം, അവന് എന്നിലുള്ള വിശ്വാസമായിരുന്നു അതു... ആര്‍ക്കും വിട്ടു കൊടുക്കാതെ ഞാന്‍ അവനെ കാത്തോളും എന്ന വിശ്വാസം... ആ കലര്‍പ്പില്ലാത്ത സ്നേഹവും വിശ്വാസവും... അതിനു പകരം വെയ്ക്കാന്‍ ഒന്നുമില്ല.... ഉം.. ആ പാട്ട് കഴിഞ്ഞു.. അടുത്ത പാട്ടായി... അവന്റെ കാര്യത്തിലെന്ന പോലെ... ഇപ്പോ ഒരു പക്ഷേ അവന്‍ ഈ പാട്ട് ഓര്‍ക്കുന്നുണ്ടാവില്ല... വളരുവാന്‍, വലിയ കുട്ടിയാവാനുള്ള തത്രപ്പാടില്ലല്ലേ ... മറ്റെല്ലാവരേയും പോലെ.... ഇപ്പോ എനിയ്ക്ക്‌ കൊറേയൊക്കെ മനസ്സിലാവുന്നുണ്ട്‌... പണ്ട് ഞങ്ങള്‍ അവധിയ്ക്ക്‌ തറവാട്ടില്‍ പോവുമ്പോ, അവിടെയുള്ളവര്‍, എന്നെ ചെറുപ്പത്തില്‍ നോക്കിയിട്ടുള്ളവര്‍... അവര്‍ നിറമിഴികളോടെ നോക്കി നിക്കണതും , ഒരു അവകാശത്തോടെ ചേര്‍ത്തു പിടിച്ചു, " വലിയ കുട്ടിയായീലൊ ", എന്നു ചോദിയ്ക്കണതും എല്ലാം... അവര്‍ പണ്ടത്തെ എന്റെ കുസൃതികളും വികൃതികളും ഒക്കെ ഓര്‍ത്തു ഇങ്ങനെ പറയും... " അയ്യേ, ഇതൊക്കെ ഇപ്പോ എന്തിനാ പറയണേ, ഇപ്പോ വലിയ കുട്ടിയാണ് ഞാന്‍ ", എന്ന ഭാവത്തില്‍ അവരുടെ അടുത്തു നിന്ന് ഒഴിഞ്ഞു പോവാറാണ്‌ പതിവ്‌... പക്ഷേ, അവര്‍ക്ക് ഇപ്പോഴും എപ്പോഴും ഞാന്‍ ആ ചെറിയ കുട്ടിയാണ് എന്നത്‌ ഞാന്‍ അറിയാതെ പോകുന്നു... ആ അവകാശവും വാല്‍സല്യവും ...ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.... അവര്‍ക്കതില്‍ പരാതിയുമില്ലായിരുന്നു.... പക്ഷേ ഇപ്പോ എന്തോ എപ്പോഴൊക്കെയോ തിരിച്ചറിവിന്റെ നേര്‍ത്ത വിരലുകള്‍ ശംഭൂവിലൂടെ എന്നെ തൊടുന്നു.....


2 comments:

Ranjith chemmad / ചെമ്മാടൻ said...

നല്ല കുറിപ്പ്!!!!
ഓര്‍‌മ്മകളുടെ കൈവഴികളിലൂടെ ഇടയ്ക്കിങ്ങനെ
മഞ്ഞ് കൊണ്ട് നടക്കുന്നതൊരു രസം അല്ലേ...

ശ്രീ said...

“പണ്ട് ഞങ്ങള്‍ അവധിയ്ക്ക്‌ തറവാട്ടില്‍ പോവുമ്പോ, അവിടെയുള്ളവര്‍, എന്നെ ചെറുപ്പത്തില്‍ നോക്കിയിട്ടുള്ളവര്‍... അവര്‍ നിറമിഴികളോടെ നോക്കി നിക്കണതും , ഒരു അവകാശത്തോടെ ചേര്‍ത്തു പിടിച്ചു, " വലിയ കുട്ടിയായീലൊ ", എന്നു ചോദിയ്ക്കണതും എല്ലാം...”

വളരെ നല്ല പോസ്റ്റ്. ഈ ഭാഗം ശരിയ്ക്കു മനസ്സില്‍ തട്ടി.