Monday, December 15, 2008

വൈകിയെത്തുന്ന തിരിച്ചറിവുകള്‍...

.
ഇപ്പോള്‍ ഞാന്‍ കേട്ടുക്കൊണ്ടിരിയ്ക്കുന്നത് ഏതു പാട്ടാണെന്നറിയോ.. ? "ചാഞ്ചാടി ആടി ഉറങ്ങു നീ.... " ഈ പാട്ട് എനിയ്ക്ക്‌ ഇഷ്ടായിരുന്നു, അല്ല, ഇഷ്ടാണ്... ബാക്കിയെല്ലാ താരാട്ട്‌ പാട്ടുകളേയും പോലെ.... പക്ഷേ ഇതിനോടു ഒരു പ്രേത്യേക ഇഷ്ടാണ്... കാരണം ശംഭൂനെ ഉറക്കുമ്പോ അവന് ഏറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു ഇത്‌... അവന്‍ എന്റെ ചേച്ചിയുടെ കുട്ടിയാണ് ... ചേച്ചി, ടീച്ചര്‍ ആയതു കൊണ്ട്‌, മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്കൂളില്‍ പോയി തുടങ്ങി.... അപ്പോള്‍ പകല്‍ സമയങ്ങളില്‍ അധിക നേരവും അവന്‍ എന്റെ കൂടെയായിരിയ്ക്കും .... അവനെ ഉറക്കുമ്പോ ഞാന്‍ ആദ്യമൊക്കെ പാട്ട് മൂളാറേ ഉണ്ടായിരുന്നുള്ളൂ... പിന്നെ ഒരിയ്ക്കല്‍ വരികള്‍ പാടിയപ്പോള്‍ അവന്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്നു കണ്ടു... ഞാന്‍ ഈ പാട്ടു പാടി ഉറക്കുമ്പോള്‍, ഉറക്കം വരുന്നുണ്ടെങ്കില്‍ കൂടിയും, മുഴുവന്‍ കേള്‍ക്കാനായിട്ടു അവന്‍ കുഞ്ഞു കണ്ണുകള്‍ കഷ്ടപ്പെട്ടു തുറന്നു പിടിയ്ക്കും....



ഞാന്‍ കൊറച്ചു ദിവസം എവിടെയെങ്കിലും പോയി വരുമ്പോ, ഈ പാട്ടു മൂളിയാ മതിയായിരുന്നു, ആ നിമിഷം അവന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു... പിന്നെ എന്റെ അടുത്തു വരാന്‍ പേടിയില്ല... പുറമേ നിന്ന് പരിചയമില്ലാത്ത ആരെങ്കിലും വന്നാല്‍ എന്റെ അടുത്തേയ്ക്ക് ഓടി വരും ... എന്നിട്ടു എന്നെ അള്ളി പിടിയ്ക്കും.... അവന്‍ അങ്ങനെ മുറുകെ പിടിയ്ക്കുമ്പോള്‍, എന്റെ ദേഹം മുഴുക്കെ കോരിതരിയ്ക്കും.... കാരണം, അവന് എന്നിലുള്ള വിശ്വാസമായിരുന്നു അതു... ആര്‍ക്കും വിട്ടു കൊടുക്കാതെ ഞാന്‍ അവനെ കാത്തോളും എന്ന വിശ്വാസം... ആ കലര്‍പ്പില്ലാത്ത സ്നേഹവും വിശ്വാസവും... അതിനു പകരം വെയ്ക്കാന്‍ ഒന്നുമില്ല.... ഉം.. ആ പാട്ട് കഴിഞ്ഞു.. അടുത്ത പാട്ടായി... അവന്റെ കാര്യത്തിലെന്ന പോലെ... ഇപ്പോ ഒരു പക്ഷേ അവന്‍ ഈ പാട്ട് ഓര്‍ക്കുന്നുണ്ടാവില്ല... വളരുവാന്‍, വലിയ കുട്ടിയാവാനുള്ള തത്രപ്പാടില്ലല്ലേ ... മറ്റെല്ലാവരേയും പോലെ.... ഇപ്പോ എനിയ്ക്ക്‌ കൊറേയൊക്കെ മനസ്സിലാവുന്നുണ്ട്‌... പണ്ട് ഞങ്ങള്‍ അവധിയ്ക്ക്‌ തറവാട്ടില്‍ പോവുമ്പോ, അവിടെയുള്ളവര്‍, എന്നെ ചെറുപ്പത്തില്‍ നോക്കിയിട്ടുള്ളവര്‍... അവര്‍ നിറമിഴികളോടെ നോക്കി നിക്കണതും , ഒരു അവകാശത്തോടെ ചേര്‍ത്തു പിടിച്ചു, " വലിയ കുട്ടിയായീലൊ ", എന്നു ചോദിയ്ക്കണതും എല്ലാം... അവര്‍ പണ്ടത്തെ എന്റെ കുസൃതികളും വികൃതികളും ഒക്കെ ഓര്‍ത്തു ഇങ്ങനെ പറയും... " അയ്യേ, ഇതൊക്കെ ഇപ്പോ എന്തിനാ പറയണേ, ഇപ്പോ വലിയ കുട്ടിയാണ് ഞാന്‍ ", എന്ന ഭാവത്തില്‍ അവരുടെ അടുത്തു നിന്ന് ഒഴിഞ്ഞു പോവാറാണ്‌ പതിവ്‌... പക്ഷേ, അവര്‍ക്ക് ഇപ്പോഴും എപ്പോഴും ഞാന്‍ ആ ചെറിയ കുട്ടിയാണ് എന്നത്‌ ഞാന്‍ അറിയാതെ പോകുന്നു... ആ അവകാശവും വാല്‍സല്യവും ...ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.... അവര്‍ക്കതില്‍ പരാതിയുമില്ലായിരുന്നു.... പക്ഷേ ഇപ്പോ എന്തോ എപ്പോഴൊക്കെയോ തിരിച്ചറിവിന്റെ നേര്‍ത്ത വിരലുകള്‍ ശംഭൂവിലൂടെ എന്നെ തൊടുന്നു.....


Monday, December 08, 2008

.... ???

.
വിങ്ങുന്നതെന്തിനെന്‍ മാനസം
ചോദിച്ചതില്ല ഞാന്‍ ;
എന്തുക്കൊണ്ടെന്നാല്‍
അതിനുത്തരമെന്നെ ശക്തയാക്കും !!

സ്വതന്ത്രയെന്ന പദത്തിനര്‍ത്ഥം
എന്‍ നിഘണ്ടുവില്ലില്ലെന്നതു വിചിത്രമോ ??
ജയത്തിനര്‍ത്ഥം തോല്‍വിയാണെന്നു -
ഞാനറിഞ്ഞതും അതില്‍ നിന്നത്രേ...


എന്‍ കാലിലെ ചങ്ങല മുറിപ്പാടില്‍
നിന്ദകളുടെ പുഴുവരിയ്ക്കുമ്പോഴും ;
നിന്റെ കാലുകള്‍ ബന്ധിയ്ക്കുമേതൊരു -
കുരുക്കും ഞാന്‍ പൊട്ടിച്ചെറിയും....
അവഗണനകളുടെ കരിങ്കല്‍ച്ചീള്‌
എന്‍ കണ്‍കളില്‍ തുളഞ്ഞുക്കയറുമ്പോഴും ;
നിന്‍ മിഴികളീനാക്കുമേതൊരു
കരടും ഞാനൂതിയകറ്റും.....

ധീരതയല്ലിതു , സഹനവുമല്ല ;
കാരണം -
വേദനയറിയാന്‍ ഹൃത്തി ല്ലാത്തവള്‍ ഞാന്‍ !

എന്‍ ഹൃദയമെന്നേ -
നിനക്കു ഞാന്‍ പണയപ്പെടുത്തി
അതു തിരിച്ചെടുക്കാന്‍
സ്നേഹത്തിനെന്നും ദാരിദ്ര്യ -
മാണെന്‍ ചെറ്റക്കുടിലില്‍ !
എന്‍ അടുപ്പെരിയുന്നതിന്നും
നീ ഭിക്ഷ നല്‍കിയ നാഴിയരിയാല്‍....
ചോറെന്‍ തൊണ്ടയില്‍
കുരുങ്ങി ശ്വാസനായുമ്പോള്‍ ;
വിങ്ങുന്നതെന്തിനെന്‍ മാനസം
ചോദിച്ചതില്ല ഞാന്‍..... !


Wednesday, December 03, 2008

ഓടി തളരാതെ...

.

നിമിഷങ്ങള്‍.. ദിവസങ്ങള്‍.. കാലം ഓടി കൊണ്ടിരിയ്ക്കുന്നു... ഒപ്പം ജീവിതവും... എന്തിനാണു, എങ്ങോട്ടാണു, എന്നൊന്നുമറിയാത്ത ഓട്ടം... ഞാനെന്നും ഓടി തീര്‍ത്തത്,( അല്ല, ഓടി കൊണ്ടിരിയ്ക്കുന്നത്‌ ) പിന്തിരിഞ്ഞായിരുന്നു... ഓടുന്ന വഴികള്‍ ഓടി തീര്‍ത്തതിനു ശേഷം മാത്രം കാണുക.... ആ വഴികളൊന്നും മായാതെ മുന്നില്‍ കിടക്കുമ്പോള്‍, അവയെ നോക്കി കൊണ്ട്‌, അറിയാത്ത വഴികളിലേയ്ക്ക് കാലുകളെടുത്തു വെച്ചു കൊണ്ടുള്ള പ്രയാണം... ഇനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലങ്ങളെ മോഹിച്ച്‌ കൊണ്ടുള്ള പ്രയാണം....
.

Tuesday, December 02, 2008

നമ്മള്‍...

.


.... രണ്ടു ബിന്ദുക്കളുടെയിടയിലുള്ള ദൂരം അനന്തതയാണെന്നു വിന്സെന്റ് മാഷ് പഠിപ്പിച്ചതോര്‍ക്കുന്നു... ബീഥോവന്റേത് പോലെ തലമുടിയുള്ള മാഷ്... അതെന്തു തന്നെയായാലും, അനന്തയുടെ രണ്ടറ്റത്തു നില്‍ക്കുന്ന ബിന്ദുക്കള്‍ ആണു നീയും ഞാനും എന്നു ഇപ്പോള്‍ എനിയ്ക്കറിയാം.... രണ്ടറ്റമില്ലെങ്കില്‍ പിന്നെ അനന്തയെന്നൊന്നില്ലല്ലൊ, ല്ലേ...?? എത്ര അടുത്തായിരിയ്ക്കുമ്പോഴും, ക്കാനാവാത്ത ദൂരങ്ങള്‍ക്കപ്പുറത്ത് നമ്മള്‍ എന്നും... നീ എന്നെ അറിയുന്നുവോ ..??


Wednesday, November 26, 2008

ഒരു കൊച്ചു മാവിന്റെ ഓര്‍മ്മയ്ക്ക് ...

എന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മമ്മയുടെ വീടിന്റെ വടുക്കോത്തെ തൊടിയിലായിരുന്നു മാവ്‌... പകുതിയിലേറെ ചിതലു കയറിയ കൊമ്പുകളുമായി ഇപ്പോഴും അതവിടെയുണ്ട്.. അതൊരു കൊച്ചു മാവായിരുന്നു, അന്നും ഇന്നും... അതിനെ കൊച്ചു മാവാക്കിയിരുന്നത്‌, മൂന്നടി പൊക്കത്തില്‍ വെച്ച്‌, മൂന്നായി പിരിഞ്ഞ്‌, ആര്‍ക്കും കയറി ഇരിയ്ക്കാന്‍ പാകത്തില്‍ നടുവിലൊരു ഇരിപ്പിടം അതിനുണ്ടായിരുന്നത്‌ കൊണ്ടു കൂടിയാണു... 

ഞങ്ങള്‍ കുട്ടികള്‍ക്ക് , അതു കൊണ്ടു തന്നെ അതില്‍ കയറി റ്റുവാന്‍ വളരെ എളുപ്പമായിരുന്നു.. ഓരോരുത്തര്‍ക്കും മാവില്‍ ഓരോ സ്ഥാനങ്ങളുമുണ്ടായിരുന്നു.... അവിടം കൈയക്കാന്‍ ശ്രമിയ്ക്കുന്നവരെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ ആക്രമിയ്ക്കാന്‍ ഞങ്ങളിലാര്‍ക്കും ഒരു മടിയുമുണ്ടായിരുന്നില്ല... അവധി ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒത്തു കൂടാന്‍ ഒരുപാട് സ്ഥലങ്ങളുണ്ടായിരുന്നു... മേലെ വീട്‌, ചെർക്കളത്തു വീട്ടിലെ തൊടി, അവിടുത്തെ ചായ്പ്പ്, ഐച്ചത്തു വീട്ടിലെ മുറ്റം, പഞ്ചാര മാവിന്റെ ചോട്‌... അങ്ങനെ കുറേ സ്ഥലങ്ങള്‍... അതിലൊരുപാട് പ്രിയമുള്ളതായിരുന്നു കൊച്ചു മാവും.. അതിന്റെ അത്ര ഉയരമല്ലാത്ത കൊമ്പില്‍ ഒരു ഊഞ്ഞാലു കെട്ടിയതോടു കൂടി, അതെല്ലാവരുടെയും ഇഷ്ടതാവളമായി... 

  പക്ഷേ, മാവ്‌ ഒരിയ്ക്കലും പൂത്തിരുന്നില്ല... അതിന്റെ ചില്ലകളില്‍ ഒരിയ്ക്കലും കണ്ണിമാങ്ങകള്‍ ആടി കളിച്ചിരുന്നില്ല... മറ്റു മാവുകളില്‍ നിന്ന് കല്ലെറിഞ്ഞും തോട്ടിയിട്ടു കുത്തിയും കിട്ടുന്ന പച്ച മാങ്ങകള്‍, മരത്തിലൊച്ച്‌ ചൊണ കളഞ്ഞ്, ഉപ്പും മുളകുപ്പൊടിയും എണ്ണയും ചേര്‍ത്തു കടിച്ചു മുറിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട്‌, അതിന്റെ കൊമ്പുകളിലിരുന്ന്... പക്ഷേ മാവിലെ മാങ്ങകളുടെ സ്വാദു മാത്രം ഞങ്ങളാരും ഒരുനാളും അറിഞ്ഞില്ല... 

എന്നിരുന്നാലും, അതെനിയ്ക്ക്‌ ഏറ്റവും ഇഷ്ടമുള്ള മാവായിരുന്നു... പഠിയ്ക്കാനായി പുസ്തകമെടുത്തു അധികവും ഞാന്‍ പോയിരുന്നത് അവിടേയ്ക്കായിരുന്നു.. അഴിയ്ക്കാതെ എപ്പോഴും ഉണ്ടായിരുന്ന ഊഞ്ഞാലില്‍ ഇരുന്നോ, അല്ലെങ്കില്‍ മാവില്‍ കയറി ഇരുന്നോ ആയിരിക്കും പഠിത്തം.. പക്ഷേ കുറച്ചു വായിച്ചു കഴിയുമ്പോഴേയ്ക്കും തന്നെ ശ്രദ്ധയൊക്കെ വേറെ എവിടെയെങ്കിലും എത്തിക്കാണും.. മാവിനോടും ഞ്ഞാലിനോടും ചുറ്റോമുള്ള തെങ്ങിനോടും കൗങ്ങുകളോടും അതിലേ വരുന്ന കുറിഞ്ഞി പൂച്ചകളോടും അടയ്ക്കാക്കൂരുവികളോടും ണ്ണാത്തിക്കിളികളോടുമൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുമുണ്ടാവും... എനിയ്ക്ക്‌ മാത്രം തോന്നിയിട്ടുള്ളതാണോ എന്നറിയില്ല, അവരൊക്കെ ഞാന്‍ പറയുന്നത്‌ കേട്ടിരുന്നു, പലപ്പോഴും അവര്‍ എന്നോടും എന്തൊക്കെയോ പറഞ്ഞിരുന്നു.. ഇന്നെനിയ്ക്ക്‌ മനസ്സിലാവുമോ എന്നു സംശയമാണെങ്കിലും, അന്നതായിരുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഭാഷ.....

ഇപ്പോളൊരുപാട് കാലമായി മാവിന്റെ അടുത്തു പോയിട്ട്‌... വടുക്കോത്തെ വരാന്തയിലെ തൂണും ചാരി ഒറ്റയ്ക്കിരിക്കുന്ന സന്ധ്യകളില്‍ ഞാനാ മരത്തെ നോക്കാറുണ്ട്... ഇന്നതില്‍ ഞ്ഞാലില്ല, ചുറ്റും ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞ്‌, കാടു പിടിച്ചു കിടക്കുകയാണു അവിടെയൊക്കെ... അതില്‍ കയറാനോ കൊമ്പുക്കുലുക്കി ആടാനോ കുട്ടികളാരും പോകാറുമില്ല.. ഉണ്ണിക്കനികളോരിയ്ക്കലുമുണ്ടാവാത്ത മാവിന്റെ ഉണ്ണികളായിരുന്നു ഞങ്ങള്‍... ഇപ്പോള്‍ അവയൊക്കെ പഴുത്തു വലുതായി ഞെട്ടറ്റു വീണു പലയിടങ്ങളിലേക്കു പോയി.. പക്ഷേ ഞെട്ടിലൊരിയ്ക്കലും റ്റിയിട്ടില്ലാത്ത ചുപ്പാല്‍ കൊണ്ടു എവിടെയൊക്കെയോ നീറുന്നു, ഇപ്പോഴും....