മുനയൊടിഞ്ഞ കടലാസുപെൻസിലുകളാവാം നമുക്ക്,
കുത്തി നോവിക്കാതെ.. കരിമഷി പടർത്താതെ...
കുത്തി നോവിക്കാതെ.. കരിമഷി പടർത്താതെ...
ഈ മേശവലിപ്പിനിരുളിൽ ഒളിഞ്ഞിരിക്കാം നമുക്ക്,
തിരഞ്ഞെടുക്കപ്പെടാതെ.. പങ്കുവെയ്ക്കപ്പെടാതെ...
തോന്ന്യാക്ഷരങ്ങൾ ഉള്ളിലൊതുക്കിയിരിക്കാം നമുക്ക്,
ഒരു വര കോറിയിടാതെ.. ഒരു വരി കുറിക്കാതെ...
എങ്ങാനും,
ഒരു നാൾ
ഒരു കുരുന്നു ഭാവന ചിറകു വെച്ചു
ഒരു വാക്കു തളിർത്തു തല നീട്ടി
നിന്നെയും എന്നെയും കണ്ടെടുത്തു
ഇരു വഴി പിരിഞ്ഞു പോയെ -
ങ്കിലന്നു നാം;
വീണ്ടും മുനയൊടിച്ചിടണം
ഇവിടെ തിരിച്ചെത്തണം!
ഒരുമിച്ചിരിക്കുവാൻ, പ്രണയിക്കുവാൻ..
സ്വപ്നങ്ങൾ കൈമാറാൻ, സംവദിയ്ക്കാൻ..
നമുക്ക് നാമുള്ളപ്പോൾ;
വേണ്ടല്ലോ തരി വെട്ടം,
വേണ്ടല്ലോ ഇനിയൊരു വാക്കും!