ഈ കാറ്റിനെയും സന്ധ്യകളെയും അതു കഴിഞ്ഞാല്‍ വരുന്ന ഇരുട്ടിനേയും ഒളിപ്പിച്ചു വെയ്ക്കാന്‍ ഒരു മണ്‍കുടം വേണമെനിയ്ക്ക്....
എന്നിട്ട് ഇടയ്ക്കെല്ലാം ചെപ്പു തുറന്നു എനിയ്ക്കും അതിനുള്ളില്‍ കയറി പതുങ്ങിയിരിയ്ക്കണം...
ആ നിശ്ശബ്ദതകള്‍ക്കുള്ളില്‍ ഇരുന്നു എനിയ്ക്ക് എന്നോടു സംവദിയ്ക്കണം...
എന്നിലെ പഴയ എന്നെ കാണണം.. ഞാന്‍ ഇത്രമാത്രം മാറിയിരിയ്ക്കുന്നുവെന്ന് ചെറിയ ഞെട്ടലോടെ തിരിച്ചറിയണം...
ചില സാമ്യതകള്‍ ഇപ്പോഴും അവശേഷിയ്ക്കുന്നതില്‍ ഇത്തിരി സന്തോഷിയ്ക്കണം...
നിറപൊലിമകളും പൊട്ടിച്ചിരികളും നിറഞ്ഞ ദിവാസ്വപ്നങ്ങള്‍ കണ്ടു രസിയ്ക്കണം....
പിന്നെ കുറെ ഇരുന്നു തേങ്ങി തേങ്ങി കരയണം....
യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചം വേദനിപ്പിച്ചു കൊണ്ട് ഈ ഇരുള്‍ക്കുടത്തിലേയ്ക്ക് അരിച്ചെത്തുമ്പോള്‍, ഓരോ ദിനവും കഴിഞ്ഞതിനേക്കാള്‍ ആയാസം നിറഞ്ഞതാവുന്നതെന്തു കൊണ്ടെന്നു ആരായണം...
ഒടുവില്‍, ആറടി താഴ്ച്ചയിലുള്ള മോക്ഷത്തിലേയ്ക്ക് കാല്‍വെപ്പുകള്‍ അടുക്കുന്നുവെന്നോര്‍ത്ത് സമാധാനിയ്ക്കണം...