.
കര്‍ക്കിടകം പെയ്തൊഴിയുകയാണ്... ചിങ്ങം വരാറായി...ഓണവും!! ഓര്‍ക്കുമ്പോള്‍ സങ്കടത്തിന്റെ ഒരു തിരതള്ളല്ലാണ് മനസ്സില്‍...... ഓണം ഓണമാവുന്നത് നാട്ടിലാവുമ്പോഴാണ്... വീട്ടുക്കാരുടെ എല്ലാവരുടെയും കൂടെയാവുമ്പോഴാണ്... ഏതൊരു മലയാളിയ്ക്കും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനും പറയാനുമുണ്ടാവും ഓണത്തിനെ കുറിച്ച്.... ഒരുപാട് കണ്ടും കേട്ടും വായിച്ചും മുഷിഞ്ഞ വിഷയമാണ് താനും.... എന്നിരുന്നാലും നാട്ടില്‍ നിന്നിത്ര ദൂരെയാവുമ്പോള്‍ എന്തോ എഴുതാന്‍ തോന്നുകയാണ്... എഴുതുകയാണ്....
എനിയ്ക്കെന്നും ഓണം ഓര്‍മ്മപ്പെടുത്തലുകളുടെയാണ്; കഴിഞ്ഞ ഓണം മുതല്‍ ഈ ഓണം വരെയുള്ള സംഭവങ്ങളുടെ... , ഈ ഓണം മുതല്‍ അടുത്ത ഓണം വരെ എന്തൊക്കെ സംഭവിയ്ക്കാം എന്ന ഉത്‌കണ്ഠകളുടെ.... ഞാന്‍ എപ്പഴും അത്ഭുതപ്പെടാറുണ്ട് - അടുത്ത ഓണത്തിന് ഞാന്‍ എവിടെയാവും ? എന്തു ചെയ്യാവും? ജീവിതം എങ്ങനെയൊക്കെ മാറിയിട്ടുണ്ടാവും എന്നൊക്കെ... പിറന്നാള്‍ വരുമ്പോഴാണ്, അല്ലെങ്കില്‍ പുതുവര്‍ഷപ്പിറവിയ്ക്കാണ് മിക്കവര്‍ക്കും ഒരു കൊല്ലം കൂടി കഴിഞ്ഞു പോയതായി തോന്നാറുള്ളതെങ്കില്‍ എനിയ്ക്കത് ഓരോ ഓണം വന്നു പോവുമ്പോഴുമാണ്....
കല്ലടിക്കോട്ടെ ചാണകം മെഴുകിയ വീട്ടുമുറ്റത്ത് ഇനി എനിയ്ക്കൊരിയ്ക്കല്‍ കൂടി മത്തന്‍പ്പൂവും കാശിത്തുമ്പയും ചെമ്പരത്തിയും തുളസിയും കൃഷ്ണക്കിരീടവും ഒക്കെ കൊണ്ടൊരു പൂക്കളം തീര്‍ക്കാന്‍ കഴിയുമോ എന്നറിയില്ല.... ആഗ്രഹമുണ്ട് എങ്കിലും നടക്കാത്ത കാര്യങ്ങളുടെ പട്ടികയിലേയ്ക്ക് അതും കയറി ചെല്ലുമ്പോള്‍ മനസ്സ് വിങ്ങുകയാണ്... അടുക്കളയില്‍ അമ്മമ്മയും അമ്മയും വല്ല്യമ്മയും അമ്മായിമാരും സന്നോത്തിയും ഒക്കെ 12 മണിയാവുമ്പോഴേയ്ക്കും സദ്യയൊരുക്കാന്‍ തത്രപ്പെടുമ്പോള്‍ പുതിയ ഉടുപ്പൊക്കെയിട്ട് അവിടെയിവിടെയൊക്കെ മണപ്പിച്ച്, എടയ്ക്കോരോ ശര്‍ക്കരുപ്പേരിയൊ, അവിയലിന്റെ കഷ്ണമോ, പായസത്തില്‍ ഇടാന്‍ എടുത്തുവെച്ച നെയ്യില്‍ വറുത്ത അണ്ടിപരിപ്പോ വായിലിട്ട്, "ദാ, ഈ തേങ്ങ ഒന്നു ചെരവി തായോ " എന്നോ " ഈ കഷ്ണം ഒന്നു നുറുക്കിക്കൂടെ " എന്നോ ഉള്ള നിര്‍ദ്ദേശങ്ങളൊക്കെ എന്നോടല്ലെന്ന ഭാവത്തില്‍ നടക്കാന്‍ എന്തോ കൊതിയാവുകയാണ്...
പക്ഷേ, എന്തൊക്കെയായാലും ഇത്ര കാലമെങ്കിലും അങ്ങനെയൊക്കെ ആഘോഷിയ്ക്കാന്‍ കഴിഞ്ഞതില്‍ വല്ലാത്ത സന്തോഷവുമുണ്ട്... കാരണം എന്റെയൊപ്പമുണ്ടായിരുന്ന പലരെക്കാളും നല്ല ഒരുപാട് ഓണങ്ങള്‍ ആഘോഷിയ്ക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായി... കുറച്ചു കാലമെങ്കിലും "പൂവേ പൊലി പൂവേ " എന്നു പട്ടക്കുട ചൂടി നില്‍ക്കണ മാതേവര്‍ക്കു അടയും പൂവും നേദിച്ച് ഉറക്കെയാര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്... പൂക്കൂടയെടുത്ത് പാടത്തും വരമ്പുകളിലും അയലോക്കത്തുമൊക്കെ സമപ്രായക്കാരുമായി പൂക്കളറുത്ത് നടന്നിട്ടുണ്ട്... വീട്ടിലെല്ലാവരുമൊത്തുക്കൂടി നിലത്ത് ഇലയിട്ട് വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടുണ്ട്.... ഒന്നോ രണ്ടോ പേരായി ഇന്നിപ്പോ പായസം കൂട്ടി ചോറുണ്ണുമ്പോ തൊണ്ടയിടറുന്നുണ്ടെങ്കിലും നല്ലൊരു കാലത്തിന്റെ ഓര്‍മ്മകള്‍ കൊണ്ട് ഞാന്‍ അനുഗൃഹീതയാണ്... സംതൃപ്തയാണ്....