.
പ്രാത: സന്ധ്യ ഞാന്‍;
വിദൂരതയില്‍ നിന്നരികിലേക്കു നീങ്ങുമാ -
കുളമ്പടി ശബ്ദമെനിക്കെത്ര പരിചയം !
നിന്നെ ഉണര്‍ത്തുവാന്‍,
ശോണരേണുക്കളാലഭിഷേകമാടുവാന്‍,
ആദിത്യനെഴുന്നള്ളുമ് ദുന്ദുഭി നാദമെനിക്കെത്ര പരിചയം !!
ഖഗകൂജിതങ്ങളാല്‍ ശംഖധ്വനി മുഴക്കി -
നീയര്‍ക്കനെ വരവേല്‍ക്കുമ്പോള്‍
നില്‍ക്കുന്നു ഞാന്‍ സഹര്‍ഷം സാക്ഷിയായ്;
മൂകസാക്ഷിയായ്...........
മദ്ധ്യാഹ്ന സന്ധ്യ ഞാന്‍;
എരിയുന്ന കൊടും വെയിലില്‍ നിന്‍ -
ഇടനെഞ്ചകം പോലും അഗ്നിജ്വാലയായ് തപിക്കവേ,
എന്നിലെ മൌനവും വിയര്‍പ്പില്‍ കുതിരുന്നു.....
സാഗരങ്ങളില്‍ നിന്നും സരിത്തുകളില്‍ നിന്നും
നിന്റെ തപ്തനിശ്വാസങ്ങള്‍,
നിന്നിലെ പൊള്ളുന്ന സ്വപ്നങ്ങളും മോഹങ്ങളും -
കറുത്ത വേദനകളും മുറിവുകളും
എന്‍ കാതിലാര്‍ദ്രമായ് വന്നോതുമ്പോഴും;
ഏതോ ബാല്യത്തില്‍ നിന്നുയരുമൊരാ -
വിശപ്പിന്‍ നിലവിളിയെന്റെ,
ശ്രവണപുടത്തിലിരമ്പം കൊള്‍കേ -
നില്‍ക്കുന്നു ഞാന്‍ സദയം സാക്ഷിയായ് ;
മൂകസാക്ഷിയായ്......
സായംസന്ധ്യ ഞാന്‍ ;
മറയുന്ന സൂര്യനു നിര്‍ന്നിമേഷയായ്
വിട ചൊല്ലുമ്പോഴും ;
ഒരു ചാന്ദ്രമുഖം നീ തിരയുമ്പോള്‍,
വ്രീളാമുഖിയായ് തുടുത്ത വിഹായസ്സിലേക്കു
നീ ഒളിക്കണ്ണിടുമ്പോള്‍ -
അറിഞ്ഞതില്ല, യിതൊന്നുമാ കര്‍മ്മസാക്ഷിയെങ്കില്ലും -
നില്‍ക്കുന്നു ഞാന്‍ സാക്ഷിയായ് ;
മൂകസാക്ഷിയായ് .....................
ഇന്ദുമുഖം കണ്ടാമ്പല്‍ കണ്‍തുറക്കും -
പൊയ്കകളില്‍ മിഴിനട്ടു ;
നക്ഷത്രജാലങ്ങളിലെവിടെയോ -
എന്‍ ജന്മസ്മൃതികളിലെന്നോ, കൈവിട്ടൊരെന്‍ -
സൂര്യനെ, യെന്‍ വാക്കിനെ ഞാന്‍ തിരയുന്നു........
ഇനി നാലുയാമങ്ങള്‍ക്കൊടുവില്‍
ഒരു പുലരി നിന്നെ സിന്ദൂരം ചാര്‍ത്തും വരെ ;
കാത്തിരിയ്ക്കുന്നു ഞാന്‍, മറ്റൊരു പ്രാത:സന്ധ്യക്കായ് -
എന്‍ സാക്ഷിപദം വിട്ടൊഴിയുവാന്‍ ....................
.
കര്‍ക്കിടകം പെയ്തൊഴിയുകയാണ്... ചിങ്ങം വരാറായി...ഓണവും!! ഓര്‍ക്കുമ്പോള്‍ സങ്കടത്തിന്റെ ഒരു തിരതള്ളല്ലാണ് മനസ്സില്‍...... ഓണം ഓണമാവുന്നത് നാട്ടിലാവുമ്പോഴാണ്... വീട്ടുക്കാരുടെ എല്ലാവരുടെയും കൂടെയാവുമ്പോഴാണ്... ഏതൊരു മലയാളിയ്ക്കും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനും പറയാനുമുണ്ടാവും ഓണത്തിനെ കുറിച്ച്.... ഒരുപാട് കണ്ടും കേട്ടും വായിച്ചും മുഷിഞ്ഞ വിഷയമാണ് താനും.... എന്നിരുന്നാലും നാട്ടില്‍ നിന്നിത്ര ദൂരെയാവുമ്പോള്‍ എന്തോ എഴുതാന്‍ തോന്നുകയാണ്... എഴുതുകയാണ്....
എനിയ്ക്കെന്നും ഓണം ഓര്‍മ്മപ്പെടുത്തലുകളുടെയാണ്; കഴിഞ്ഞ ഓണം മുതല്‍ ഈ ഓണം വരെയുള്ള സംഭവങ്ങളുടെ... , ഈ ഓണം മുതല്‍ അടുത്ത ഓണം വരെ എന്തൊക്കെ സംഭവിയ്ക്കാം എന്ന ഉത്‌കണ്ഠകളുടെ.... ഞാന്‍ എപ്പഴും അത്ഭുതപ്പെടാറുണ്ട് - അടുത്ത ഓണത്തിന് ഞാന്‍ എവിടെയാവും ? എന്തു ചെയ്യാവും? ജീവിതം എങ്ങനെയൊക്കെ മാറിയിട്ടുണ്ടാവും എന്നൊക്കെ... പിറന്നാള്‍ വരുമ്പോഴാണ്, അല്ലെങ്കില്‍ പുതുവര്‍ഷപ്പിറവിയ്ക്കാണ് മിക്കവര്‍ക്കും ഒരു കൊല്ലം കൂടി കഴിഞ്ഞു പോയതായി തോന്നാറുള്ളതെങ്കില്‍ എനിയ്ക്കത് ഓരോ ഓണം വന്നു പോവുമ്പോഴുമാണ്....
കല്ലടിക്കോട്ടെ ചാണകം മെഴുകിയ വീട്ടുമുറ്റത്ത് ഇനി എനിയ്ക്കൊരിയ്ക്കല്‍ കൂടി മത്തന്‍പ്പൂവും കാശിത്തുമ്പയും ചെമ്പരത്തിയും തുളസിയും കൃഷ്ണക്കിരീടവും ഒക്കെ കൊണ്ടൊരു പൂക്കളം തീര്‍ക്കാന്‍ കഴിയുമോ എന്നറിയില്ല.... ആഗ്രഹമുണ്ട് എങ്കിലും നടക്കാത്ത കാര്യങ്ങളുടെ പട്ടികയിലേയ്ക്ക് അതും കയറി ചെല്ലുമ്പോള്‍ മനസ്സ് വിങ്ങുകയാണ്... അടുക്കളയില്‍ അമ്മമ്മയും അമ്മയും വല്ല്യമ്മയും അമ്മായിമാരും സന്നോത്തിയും ഒക്കെ 12 മണിയാവുമ്പോഴേയ്ക്കും സദ്യയൊരുക്കാന്‍ തത്രപ്പെടുമ്പോള്‍ പുതിയ ഉടുപ്പൊക്കെയിട്ട് അവിടെയിവിടെയൊക്കെ മണപ്പിച്ച്, എടയ്ക്കോരോ ശര്‍ക്കരുപ്പേരിയൊ, അവിയലിന്റെ കഷ്ണമോ, പായസത്തില്‍ ഇടാന്‍ എടുത്തുവെച്ച നെയ്യില്‍ വറുത്ത അണ്ടിപരിപ്പോ വായിലിട്ട്, "ദാ, ഈ തേങ്ങ ഒന്നു ചെരവി തായോ " എന്നോ " ഈ കഷ്ണം ഒന്നു നുറുക്കിക്കൂടെ " എന്നോ ഉള്ള നിര്‍ദ്ദേശങ്ങളൊക്കെ എന്നോടല്ലെന്ന ഭാവത്തില്‍ നടക്കാന്‍ എന്തോ കൊതിയാവുകയാണ്...
പക്ഷേ, എന്തൊക്കെയായാലും ഇത്ര കാലമെങ്കിലും അങ്ങനെയൊക്കെ ആഘോഷിയ്ക്കാന്‍ കഴിഞ്ഞതില്‍ വല്ലാത്ത സന്തോഷവുമുണ്ട്... കാരണം എന്റെയൊപ്പമുണ്ടായിരുന്ന പലരെക്കാളും നല്ല ഒരുപാട് ഓണങ്ങള്‍ ആഘോഷിയ്ക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായി... കുറച്ചു കാലമെങ്കിലും "പൂവേ പൊലി പൂവേ " എന്നു പട്ടക്കുട ചൂടി നില്‍ക്കണ മാതേവര്‍ക്കു അടയും പൂവും നേദിച്ച് ഉറക്കെയാര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്... പൂക്കൂടയെടുത്ത് പാടത്തും വരമ്പുകളിലും അയലോക്കത്തുമൊക്കെ സമപ്രായക്കാരുമായി പൂക്കളറുത്ത് നടന്നിട്ടുണ്ട്... വീട്ടിലെല്ലാവരുമൊത്തുക്കൂടി നിലത്ത് ഇലയിട്ട് വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടുണ്ട്.... ഒന്നോ രണ്ടോ പേരായി ഇന്നിപ്പോ പായസം കൂട്ടി ചോറുണ്ണുമ്പോ തൊണ്ടയിടറുന്നുണ്ടെങ്കിലും നല്ലൊരു കാലത്തിന്റെ ഓര്‍മ്മകള്‍ കൊണ്ട് ഞാന്‍ അനുഗൃഹീതയാണ്... സംതൃപ്തയാണ്....
.നിറങ്ങളെല്ലാം കൊഴിഞ്ഞു പോയൊരു മഴവില്ലു നീ....
പിന്നെയെങ്ങനെ,
നിറങ്ങളുടെ മായാലോകത്തു നിന്നെ ഞാന്‍ കണ്ടെത്തും??
തൊട്ടു മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴും -
ഇരുകണ്‍കള്‍ക്കും നീ കാണാക്കാഴ്ച മാത്രം !!
നീയില്ലാതെ, നിന്‍ പാട്ടില്ലാതെ
എന്നിലെ നൊമ്പരക്കിളികള്‍ ഉറങ്ങാതെ -
ഭ്രാന്തസ്വപ്നങ്ങളായി ചിറകിട്ടടിയ്ക്കുമ്പോഴും ;
പെയ്തൊഴിഞ്ഞ മഴമേഘങ്ങളറിയാതെ
നീയെന്തിനോ നിശ്ശബ്ദമായ് ചിരിയ്ക്കുന്നു....
തിരക്കൊഴിയാത്തൊരീ ഇടനാഴിയില്‍
ജീവിതവേഷങ്ങളാടിത്തിമിര്‍ക്കുമ്പോഴും ;
നോവുന്നൊരോര്‍മ്മയായ് ,
നഷ്ടബോധത്തിന്റെ ഭിക്ഷാപാത്രവുമായ്
എന്‍ നിഴലുകളെ നീയെന്തിനോ പിന്തുടരുന്നു....
ഒരുപാടു ദിനരാത്രങ്ങള്‍ക്കൊടുക്കമൊരുനാള്‍ -
നിന്നെ തേടിയെന്‍ മിഴികള്‍ തളരുമ്പോള്‍
അവയിലറിയാതെ നനവു പടരുമ്പോള്‍
നീയതിലൊരു മഴവില്ലായ് ഉയിര്‍ക്കൊള്ളുന്നു !!
നിന്നെ ഞാനറിയുന്നു....
നീയെന്നിലാണെന്നും ഞാനറിയുന്നു......
.
............... എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങള്‍ക്ക്.......ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി നിങ്ങള്‍ ആണെന്ന്.... എനിയ്ക്ക് തോന്നുന്നത്, എല്ലാവര്‍ക്കും എപ്പഴെങ്കിലും ഒക്കെ, കുറഞ്ഞപക്ഷം ഒരിയ്ക്കലെങ്കിലും, അങ്ങനെ തോന്നാതിരുന്നിട്ടുണ്ടാവില്ലാ എന്നാണ്... അറിയില്ല... എന്റെ തോന്നലുകള്‍ എനിയ്ക്ക് തന്നെ മനസ്സിലാവാത്തവയാണ്... മനസ്സിലെ സ്നേഹം മുഴുവന്‍ കൊടുത്തിട്ടും, ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അവര്‍ക്ക് തൃപ്തിയാവുന്നിലെന്നു അറിയുമ്പോള്‍, നമ്മള്‍ തോറ്റു പോവുകയാണെന്ന് അറിയുമ്പോള്‍, തോന്നുന്ന വികാരം എന്താണു...?? എന്നിട്ടും വീണ്ടും വീണ്ടും തോല്‍ക്കുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആത്മസമര്‍പ്പണം ചെയ്യുന്നതെന്തിനാണ്.....?? ഒരു വിലയുമില്ലാതെ ചവറ്റുക്കുട്ടയില്‍ എറിയപ്പെടുമ്പോഴും, പ്രത്യാശയോടെ വീണ്ടും തലയുയര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നത് എന്തുകൊണ്ടാണ്.... ?? മനസ്സിലാക്കുന്നില്ലെന്ന് അറിഞ്ഞിട്ടും, ഇനിയൊരിയ്ക്കലും മനസ്സിലാക്കുകയില്ലെന്ന്, നമ്മളെ പൂര്‍ണ്ണമായി തിരിച്ചറിയുകയില്ലെന്ന് അറിഞ്ഞിട്ടും, സ്വന്തം വിചാരങ്ങളെ മറന്നു കൊണ്ട്, അവര്‍ക്ക് മുന്‍പില്‍ വീണ്ടും വിഡ്ഢി വേഷം കെട്ടുന്നതു എന്തുകൊണ്ടാണ്.... ?? സ്വയം തെറ്റാകുവാന്‍ പ്രാര്‍ത്ഥിയ്ക്കുന്നത് എന്തിനാണ്....?? എത്ര ചൂടുവെള്ളത്തില്‍ വീണാലാണ്, ഇനിയും ഞാന്‍ പഠിയ്ക്കുക ?? അറിയില്ല..... വിഡ്ഢികള്‍.... ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍....... സ്നേഹത്തിനു പരിധി നല്‍കാത്തവര്‍.... വിചാരങ്ങള്‍ക്കു മേല്‍ വികാരങ്ങള്‍ക്കു സ്ഥാനം കല്‍പ്പിയ്ക്കുന്നവര്‍.... അവര്‍ക്കു വംശനാശം സംഭവിയ്ക്കട്ടെ...! എന്തുകൊണ്ടെന്നാല്‍, അവരെ ഈ ലോകം ആഗ്രഹിയ്ക്കുന്നില്ല... അല്ലെങ്കില്‍, ഇവിടം അവരെ അര്‍ഹിയ്ക്കുന്നില്ല.... ബുദ്ധിയുള്ള സ്വാര്‍ത്ഥരെ കൊണ്ടു നിറയട്ടെ ഈ ഭൂമി.... വിഡ്ഢികള്‍ പോയി തുലയട്ടെ.. !!
.
എന്നത്തേയും പോലെ ഞാന്‍ എഴുന്നേറ്റു.... സ്വപ്നം കണ്ടു മൂടിപ്പുതച്ച് കിടക്കുന്നതിനിടയ്ക്ക് ഒരു ശല്ല്യം പോലെ കടന്നു വന്ന അമ്മയുടെ കര്‍ക്കശ ശബ്ദം ഒരു നേര്‍ത്ത സ്വരമായി മാത്രമേ ഞാന്‍ കേട്ടിരുന്നുള്ളൂ.... അതു കൊണ്ടാണ് മുഖത്ത് വെള്ളം വീണപ്പോള്‍, അമ്മയെന്തേ എന്നെ ഉറക്കെ വിളിയ്ക്കാതിരുന്നത് എന്നു ഞാന്‍ ചിന്തിച്ചത്.... " നല്ലൊരു ദിവസമായിട്ടു രാവിലെ തന്നെ ചീത്ത കേള്‍ക്കാന്‍ തുടങ്ങിയ്ക്കോ... " എന്നു അമ്മ പറയുന്നത് കേട്ടപ്പോള്‍ എനിയ്ക്കു ചിരിയാണ് വന്നത്... എനിയ്ക്കെന്ത് നല്ല ദിവസം ??
കുട്ടിക്കാലത്തായിരുന്നപ്പോള്‍ ഒരു പുതിയ വര്‍ഷം കൂടി വരികയാണെന്നറിയുമ്പോള്‍ എന്തൊക്കെയോ തോന്നിയിരുന്നു.... ഒരുപാടൊരുപാട് സന്തോഷമോ, ഉത്സാഹമോ , അങ്ങനെ എന്തൊക്കെയോ.... ഇപ്പോള്‍ പഴയ വര്‍ഷമായലെന്ത് ? പുതിയ വര്‍ഷമായാലെന്ത് ?
കുളിച്ചു വന്നപ്പോഴേയ്ക്കും മണി ആറു കഴിഞ്ഞിരിയ്ക്കുന്നു... അമ്മ ആറ്റി വെച്ചിരുന്ന കാപ്പിയുമെടുത്ത് മുറിയിലേക്ക് പോയി, ഞാനെന്റെ ഡയറികളെടുത്തു... എല്ലാ വര്‍ഷവും ഡിസംബര്‍ മുപ്പതിയൊന്നാം തീയതി മുത്തശ്ശന്‍ എനിയ്ക്കൊരു ഡയറി നല്‍കും.. എന്നു തുടങ്ങിയ ശീലമാണെന്നറിയില്ല ; എങ്കിലും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ ഡയറിയെഴുതിയിരുന്നു.... ഡയറികള്‍ !! അവ മാത്രമാണ് എന്റേതെന്ന് എനിയ്ക്കവകാശപ്പെടാനുള്ള ഏക സമ്പാദ്യം... അവയുടെ താളുകളില്‍ ഞാനെന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍ കോറിയിട്ടു; വെറുതെ മോഹിച്ച് പോയ ആഗ്രഹങ്ങളുടെ ചിതാ ഭസ്മം തര്‍പ്പിച്ചു; ഒത്തിരിയൊത്തിരി നൊമ്പരങ്ങളുടെ ഗദ്ഗദങ്ങള്‍ പൊട്ടിക്കരച്ചിലുകളായി കുറിച്ചിട്ടു... പിന്നെ , എന്തിനോ വേണ്ടി ആരും കാണാതെ മനസ്സില്‍ അവശേഷിച്ച ഒരു കൊച്ചു വികൃതി പെണ്ണിന്റെ കുസൃതികള്‍ ഒളിച്ചുവെച്ചു...
സ്വര്‍ണ്ണ അതിരുകളോടു കൂടിയ ആ പുതിയ കരിനീല ഡയറിയെടുത്തു മണത്തു... പുതു മണ്ണിന്റെ മണം എന്ന പോലെ പുതിയ പുസ്തകങ്ങളുടെ മണവും എന്നെ ഹരം പിടിപ്പിച്ചിരുന്നു.... എന്താണു എഴുതി തുടങ്ങേണ്ടത്?? എല്ലാ വര്‍ഷത്തെയും പോലെ, "എന്റെ കൃഷ്ണാ, എന്തേ ഞാന്‍ മാത്രമിങ്ങനെ? എല്ലാവരെയും കൊണ്ട്, 'ഒരു ധിക്കാരി' എന്നു പറയിപ്പിയ്ക്കാതെ ഈ കൊല്ലമെങ്കിലും 'നല്ല കുട്ടി' എന്നു പറയിക്കണം... പിന്നെ ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടുന്ന ഓരോ ഋണാത്മക ചിന്തകള്‍ എടുത്തു മാറ്റി അല്പം ശുഭ പ്രതീക്ഷ മനസ്സില്‍ നിറയ്ക്കണം.. വികാരങ്ങളും വിചാരങ്ങളും നന്മയിലൂടെ മാത്രം നയിക്കപ്പെടണം... " എന്നെഴുതി വെച്ചു... എല്ലാ വര്‍ഷവും അനുസ്യൂതമായി തുടരുന്ന ഈ പ്രക്രിയ എങ്കിലും എന്നെ കൊണ്ട് നിര്‍ത്താനാവുമോ എന്നായിരുന്നു പേന അടച്ചു വെയ്ക്കുമ്പോള്‍ എന്റെ ചിന്ത....
ഇനിയും എഴുതിയിരുന്നാല്‍ ശരിയാവില്ല... അച്ഛനും ഏട്ടനും ഇപ്പോള്‍ എഴുന്നേറ്റു കഴിഞ്ഞിട്ടുണ്ടാവും... രാവിലെ ഞാന്‍ ഡയറി എഴുതിയിരിയ്ക്കുന്നത് കണ്ടാല്‍ അതു മതി ഇന്നു മുഴുവന്‍... ! ഇല്ല, ഇന്നെങ്കിലും അമ്മ പറഞ്ഞ പോലെ ആരുടെയടുത്ത് നിന്നും ചീത്ത കേള്‍ക്കാതെ നോക്കണം...
ക്രിസ്തുമസ് അവധി കഴിഞ്ഞ് ഇന്നു സ്ക്കൂള്‍ തുറക്കുകയാണ്.... പരീക്ഷാ പേപ്പറുകളെല്ലാം കിട്ടും.. ഉം... തരക്കേടില്ലാത്ത മാര്‍ക്കുണ്ടാവും... "പഠിയ്ക്കാന്‍ മോശമില്ല " എന്നതാണ് എനിയ്ക്കുള്ള ഏക അഭിനന്ദനം... അതു കൂടി ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്നെ താഴ്ത്തിക്കെട്ടി മണ്ണിനടിയില്ലേക്കാക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അധിക സമയം വേണ്ടി വരില്ല.. ബാഗെടുത്ത് പുസ്തകങ്ങള്‍ എല്ലാം എടുത്തു വെച്ചു... റേഡിയോയില്‍ നിന്നും ഏഴരയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നുണ്ട്.... വേഗം എഴുന്നേറ്റ് തേച്ചു വെച്ചിരുന്ന യൂണിഫോം എടുത്തിട്ടു... പിന്നെ മുടി ജട കളഞ്ഞ് വൃത്തിയായി കെട്ടി വെച്ചു....
അടുക്കളയില്‍ നിന്നും അമ്മ ദോശ ചുടുന്ന ശബ്ദം കേള്‍ക്കാം... അടുക്കളയിലേയ്ക്ക് ചെന്ന് ദോശയെടുത്തപ്പോഴേയ്ക്കും ഏട്ടന്‍ വന്നു തട്ടിപ്പറിച്ചു... " നിനക്ക് ഒമ്പതരയ്ക്കു പോയാല്‍ പോരേ? എനിയ്ക്കിന്നു കോളേജില്‍ നേരത്തെയെത്തണം... പുതുവര്‍ഷാഘോഷ പരിപാടികളൊക്കെയുണ്ട്.... ഈശ്വരാ, ഇപ്പഴേ സമയം വൈകി " എന്നും പറഞ്ഞ് ദോശ തിന്നാനും തുടങ്ങി...
എനിയ്ക്ക് ദേഷ്യം വന്നു.. അവിടെ വേറെ ദോശയില്ലേ? ഏട്ടനെന്തിനാ എന്റെയടുത്ത്‌ന്ന് തട്ടി പറി യ്ക്കണത്? അതൊന്നുമല്ല കാര്യം, ഓരോന്നു പറഞ്ഞ് വഴക്കുണ്ടാക്കണം... എന്നിട്ടവസാനം അച്ഛന്റെയടുത്ത്‌ന്ന് ചീത്ത കേള്‍പ്പിയ്ക്കണം... ഇല്ല, ഞാനിന്നാരുടെയടുത്ത് നിന്നും ചീത്ത കേള്‍ക്കില്ല; ഏട്ടനെന്താച്ചാല് ചെയ്യട്ടെ!! ഞാന്‍ ദേഷ്യപ്പെടാത്തത് കണ്ട് അവന് അത്ഭുതം തോന്നി.... പിന്നെ ഒരു ദോശ പാതി കഴിച്ചിട്ട് എഴുന്നേറ്റു പോയി...
ഭക്ഷണം കഴിച്ചതിനു ശേഷം ചോറു പാത്രം ബാഗില്‍ കൊണ്ടുപോയി വെച്ചു... ബസ്സിനുള്ള ചില്ലറയെടുക്കുമ്പോള്‍ ഇന്നാ 'തുരപ്പന്‍' കണ്ടക്ടറാവരുതേ ബസ്സില്‍ എന്നായിരുന്നു പ്രാര്‍ത്ഥന.... അയാള്‍ ആണെങ്കില്‍ സ്ക്കൂള്‍ക്കുട്ടികളെ കാണുമ്പോഴേ തുടങ്ങും ചീത്ത വിളിയ്ക്കാന്‍ ! കൃഷ്ണാ, നല്ലൊരു ദിവസായിട്ട് അയാളുടെ വായിലുള്ളത് കേള്‍പ്പിയ്ക്കല്ലേ...! പിന്നെ ബാഗെടുത്ത് പുറത്തേയ്ക്ക് നടന്നു... രണ്ടു മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ബസ്സു വന്നു.... ഭാഗ്യം! ഇന്നാ 'തുരപ്പന്‍' അല്ല.. പുതിയ ഏതോ ആളാണ്...
ബസ്സിറങ്ങി സ്ക്കൂളിലേയ്ക്കു നടന്നു... ബെല്ലടിയ്ക്കാന്‍ പത്തു മിനിറ്റ് കൂടിയുണ്ട്....ഗേയ്‌റ്റിന്റെ അടുത്തെത്തിയപ്പോഴാണ് "മോളേ" എന്നു പുറകില്‍ നിന്നൊരു വിളി... ആരാണ് എന്റീശ്വരാ എന്നെ 'മോളേ' എന്നു വിളിയ്ക്കാന്‍ എന്നാലോചിച്ചു തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു പാവം മുത്തശ്ശി... ഞാന്‍ തിരിഞ്ഞ് നോക്കുന്നത് കണ്ടു മുത്തശ്ശി മെല്ലെ എന്റെയടുത്തേയ്ക്കു വന്നു... എന്നിട്ടു ചോദിച്ചു, " മോളേ , എന്നെ ഇവിടുത്തെ ജില്ലാ ആസ്പത്രി വരെ ഒന്നെത്തിയ്ക്കോ. .എന്റെ മകന്‍ വയ്യാണ്ട് അവടെ കെടക്ക്ണുണ്ട്ത്രേ ..... എനിയ്ക്കവനെ ഉള്ളൂ... എനിയ്ക്കാണ്‌ച്ചാ കണ്ണിനത്ര കാഴ്ചയൂല്ല്യാ.... ഇതിലൂടെ പോയവരോടൊക്കെ പറഞ്ഞപ്പോ അവര്‍ക്കൊന്നും സമയല്ല്യാത്രേ... മോളെങ്കിലും എന്നെ അവിടം വരെ കൊണ്ടാക്കോ ??... "
ആ അമ്മയുടെ മുഖഭാവം കണ്ടപ്പോള്‍ ഞാനെന്റെ അമ്മയെ ആലോചിച്ചു.... അമ്മയുടെ മുഖം ഒരിയ്ക്കലും ഇങ്ങനെയല്ല.... ഇനി ഇങ്ങനെ ആവുമെന്ന് തോന്നുന്നുമില്ല....
പക്ഷേ ഇപ്പോള്‍ ഞാന്‍ എന്താ ചെയ്യേണ്ടത്? ഇവിടുന്ന് എത്ര വേഗം നടന്നാലും ജില്ലാ ആശുപത്രിയിലെത്താന്‍ കുറഞ്ഞത് അഞ്ചു മിനിറ്റ് വേണം... അപ്പോള്‍ ഈ മുത്തശ്ശിയുടെ കൂടെയാവുമ്പോള്‍ അതിലും വൈകും .... പക്ഷേ അവരുടെ മുഖത്തു നോക്കി 'കഴിയില്ല' എന്നു പറയാനും വയ്യ... അവസാനം എന്തെങ്കിലും ആവട്ടെ, മുത്തശ്ശിയെ ആശുപത്രിയിലെത്തിയ്‌ക്കാം എന്നു തന്നെ തീരുമാനിച്ചു....
മുത്തശ്ശിയുടെ കൈയും പിടിച്ച് ഞാന്‍ റോഡിലൂടെ നടന്നു... ഒരു സ്ക്കൂള്‍ക്കുട്ടി ഒരു വൃദ്ധയെയും പിടിച്ചു നടക്കുന്നത് കണ്ട് പലരും സംശയത്തോടെ നോക്കുന്നുണ്ട്... അരികിലൂടെ കടന്നു പോയ ബസ്സിലേയ്ക്ക് വെറുതെയൊന്നു നോക്കിയപ്പോള്‍ ഏട്ടന്‍ എന്നെ തറപ്പിച്ചു നോക്കുന്നതും കണ്ടു... എങ്കിലും ഞാന്‍ ആ മുത്തശ്ശിയെ ആശുപത്രിയില്‍ കൊണ്ടാക്കുക തന്നെ ചെയ്തു.... അവരുടെ മകന്‍ ഒരു റോഡപകടത്തില്‍ പെട്ട് ആശുപത്രിയിലായതാണു.... വലത് കൈയിലെ എല്ലു ചെറുതായൊന്നു പൊട്ടിയിട്ടുണ്ട്... വേറെ കാര്യമായ പരിക്കൊന്നുമില്ല .... ഒരു ദിവസം അവിടെ കിടക്കണം... അത്രേയുള്ളൂ....
മുത്തശ്ശിയ്ക്ക് മകന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ഒരുപാട് സന്തോഷമായി... ഞാന്‍ പോരുമ്പോള്‍ എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു, "മോള് നല്ല കുട്ടിയാ... നന്നായി വരും, ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ... "
തിരിച്ചു വരുമ്പോള്‍ ക്ലാസ്സില്‍ വൈകിയെത്തിയതിന് ശ്യാമ ടീച്ചറുടെയടുത്ത് നിന്നും കേള്‍ക്കേണ്ട ശകാരവര്‍ഷങ്ങളോ; വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ,"സ്ക്കൂളിലൊന്നും കയറാതെ ഓരോരുത്തരുടെ കൂടെ നടക്കാണ് ഇവള്‍ടെ പണി" യെന്നും പറഞ്ഞ് അച്ഛന്റെ മുന്‍പിലിട്ട് ഏട്ടന്‍ എന്നെ ക്രോസ്സ് വിസ്താരം ചെയ്യണതോ ഒന്നും ഞാന്‍ ചിന്തിച്ചില്ല.... എന്റെ മനസ്സില്‍ നിറയെ ആ മുത്തശ്ശിയുടെ വാക്കുകളായിരുന്നു, അതു മാത്രമായിരുന്നു.....," മോള് നല്ല കുട്ടിയാ... നന്നായി വരും..... നന്നായി വരും............. "