Friday, October 23, 2020

ഒരു പൊഴുതുപ്പാട്ട് ...

 


കരിംനീലരാവിനു ഇളംവെയിലിൻ താപമെന്നാകിലും 
വൈരക്കല്ലുപ്പുടവ പുതച്ചുറങ്ങുന്നു മാനമിന്നിങ്ങനെ ...
മണ്ടിക്കിതയ്ക്കുമീ മാരുതനും മറന്നുവോ, തെല്ലൊന്നു-
മാടിയൊതുക്കുവാൻ അലസമീയിരുൾമുടിയിഴകളെ ...

പഴകിയതാം, പാണനുപേക്ഷിച്ചതാം പൊട്ടിയ-
തുടിക്കൊട്ടി പാടുന്നു ചിത്തമിന്നെന്തിനോ ...
ഉറക്കുപ്പാട്ടല്ലിതു, ണർത്തുപ്പാട്ടുമല്ലിത് -
ഉറവയുറഞ്ഞൊഴുകും പ്രാണവ്യഥകളല്ലോയിത്‌ ....

സ്നേഹപ്പൊട്ടുകൾ പെയ്തിറങ്ങുകയില്ല,
അമൃതനൂലിഴകളായീ പാട്ടിൽ ...
പുഴയും പൂങ്കിളിയും പൊന്നശോകങ്ങളും  
മതിമറന്നുന്മത്ത നൃത്തമാടുകയുമില്ല !

വിശപ്പുമാറ്റുമൊരുമണിച്ചോറാവില്ല -
ദാഹമാറ്റുമലിവിൻ തീർത്ഥമായ് മാറുകില്ല ...
ഇരുൾവത്കലം നീക്കിമാറ്റുവാനായിരം -
സൂര്യാംശുനെഞ്ചേറ്റുമുഷസ്സായി പൂക്കുകയുമില്ല!

എങ്കിലും, പാടുന്നുവീ ഹൃദയം...
മറ്റാരും കേൾക്കാ നാദവീചികളിൽ....
മറ്റാർക്കുമറിയാ സ്വരവ്യഞ്ജനങ്ങളിൽ ....
പഴകിയതാം, പാണനുപേക്ഷിച്ചതാം പെരും -
തുടിക്കൊട്ടി പാടുന്നുവീ ഹൃദയമിന്നെന്തിനോ  ...

പാടാതിരിക്കുവാനതിനാവില്ലല്ലോ ,
പാടാതിരിയ്ക്കണമെന്നുമതറിയുന്നീല്ലല്ലോ ...
പാടുന്നു, പാടുന്നു, പാടുന്നുവീ ഹൃദയം 
പാടുന്നു പ്രേമാർദ്രമാർന്നു വീണ്ടും....!!



Friday, February 14, 2020

ചില ഭ്രാന്തുകൾ ...


ചിരിയിൽ നിന്നും തേങ്ങലിലേയ്ക്കുള്ള ദൂരങ്ങൾക്കിടയിൽ 
നിന്നെ ഞാൻ കൈവിടുന്നു 
മിഴി പെയ്തു തോരുമ്പോൾ തനിയെ പടരും നനുത്ത ചിരിയിൽ 
നമുക്കു വീണ്ടും കൈ കോർക്കാം 
എൻ സങ്കടങ്ങൾ, എൻ വിതുമ്പലുകൾ 
എന്റേതു മാത്രമാവട്ടെ...
അവയ്ക്കു സാക്ഷിയെൻ നിഴൽ  മാത്രമാവട്ടെ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എൻ വാചാലതകൾക്കിടയിൽ പതുങ്ങും മൗനം 
നീയറിയാതെ പോവുമ്പോഴൊക്കെയും;
വാക്കുകൾ കൊണ്ടവയെ പറഞ്ഞറിയിക്കാൻ -
ശ്രമിച്ചു തോൽക്കുമ്പോഴൊക്കെയും 
കടുംചായങ്ങൾക്കുമപ്പുറം,
കറുപ്പു കൊതിയ്ക്കും മനമുണ്ടതിൻ 
ഇരുൾവെട്ടത്തിലേയ്ക്കു മെല്ലെ ഞാൻ മറയട്ടെ  ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എന്റേതായിരുന്ന സ്വപ്‌നങ്ങൾ, മോഹങ്ങൾ, വാക്കുകൾ
എന്നോ പണയപ്പെടുത്തിയ ഭക്തിയും പ്രണയവും ആത്മാവും 
നിമിഷാർദ്ധമെങ്കിലും ഞാനപ്പോൾ തിരിച്ചെടുക്കട്ടെ ...
മറന്നു പോയതെല്ലാം, മാറാല പിടിച്ചതെല്ലാം 
പൊടി തട്ടിയുണർത്തട്ടെ....
വീണ്ടും വന്നെല്ലാം  നീ പിടിച്ചടക്കും മുൻപു,
മതി വരുവോളം ഞാനൊന്നു പൊട്ടിച്ചിരിയ്ക്കട്ടെ...
കൊതി തീരുവോളം ജല്പനങ്ങളുതിർക്കട്ടെ....
ഭ്രാന്തി... വെറുമൊരു ഭ്രാന്തി!!





Saturday, July 27, 2019

നടനസ്മൃതികൾ - 2


 ആ അടുത്ത പ്രദേശത്തുള്ള ഒട്ടുമിക്ക സ്ക്കൂളുകളിലും  സബ്‌ജില്ലാ-ജില്ലാ കലോത്സവങ്ങൾക്കു വേണ്ടി ഡാൻസു പഠിപ്പിക്കുന്നത് അപ്പു മാഷായിരുന്നു... വെരി ബിസി പേഴ്സൺ... അഞ്ചാംതരത്തിലേക്ക് പാസ്സായി ഞാൻ ചെന്ന് ചേരുന്നത് അങ്ങനെ ഒരു സ്ക്കൂളിലാണ് ... ഒറ്റയ്‌ക്കു സദസ്സിനെ മുഴുവൻ കൈയ്യിലെടുക്കാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിലും ആഗ്രഹം തീരെ ഇല്ലാത്തതു കൊണ്ടും അന്നേ ഒരു ടീം പ്ലേയർ ആയിരുന്നത്  കൊണ്ടും ഗ്രൂപ്പ് ഡാൻസുകൾക്കു മാത്രമാണ് ഡാൻസിന് താല്പര്യമുള്ളവർ പേരു കൊടുക്കാൻ പറഞ്ഞപ്പോൾ ചെയ്തത്.. അങ്ങനെ ഒരു ദിവസം, പേര് കൊടുത്തവരെ എല്ലാം ഉമ ടീച്ചർ വിളിപ്പിച്ചു... ടീച്ചർ ഒമ്പതാം ക്ലാസ്സിലെ ക്ലാസ് ടീച്ചറും ഏതോ വകയിൽ ഒരു ബന്ധുവും അതിലുപരി ഭയങ്കര സ്ട്രിക്റ്റ്‌ ആണെന്നുമുള്ള അറിവുകൾ ഉള്ളത് കൊണ്ട് അപ്പൊ തന്നെ പകുതി കിളി പോയ അവസ്ഥയായിരുന്നു...  പോയി നോക്കുമ്പഴോ, അതാ നിൽക്കുന്നു, നമ്മുടെ അപ്പു മാഷ്... അതോടെ കിളി മാത്രമല്ല, കാക്കയും പൂച്ചയും കോഴിക്കുഞ്ഞുമടക്കം എല്ലാം പോയി... എന്നാലും എന്റെ ചാത്തന്മാരെ... തമാശയ്ക്ക് ഞാനെന്തൊക്കെയോ പറഞ്ഞെന്നു വെച്ച്.... !!

ഒഴിഞ്ഞൊരു ക്ലാസ്സുമുറിയിൽ വെച്ചിട്ടായിരുന്നു തെരഞ്ഞെടുപ്പ്... തെരഞ്ഞെടുപ്പെന്ന് പറയുമ്പോ കൊറേ ഗ്രൂപ്പ് ഡാൻസ് ഐറ്റംസ് ഉണ്ടല്ലോ - തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗംകളി, സംഘനൃത്തം .... ഇതിൽ ഏതൊക്കെ കുട്ടികളെ ഏതിലൊക്കെ  ചേർക്കണം എന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്... മുൻ വർഷങ്ങളിൽ കളിച്ച കൊറേ പേരെ ആദ്യേ സെലക്റ്റ് ചെയ്തിരുന്നു, ബാക്കി എണ്ണം തികയ്ക്കാൻ മാത്രമാണ് പുതിയ പിള്ളേരുടെ തെരഞ്ഞെടുപ്പ്...  ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഐറ്റം സംഘനൃത്തമാണ്... അതിനു മുദ്രകളും ചുവടുകളും അറിഞ്ഞാ മാത്രം പോരാ, മുഖത്തു കുറച്ചു ഭാവം വരുത്താനും അഭിനയിക്കാനും അറിയണം, ചുരുക്കത്തിൽ നൃത്തത്തിൽ ഇത്തിരി ബോധം വേണം... സിമ്പിൾ...  പിന്നെ തിരുവാതിര, അതിനു ഇത്തിരി സ്റ്റാമിന വേണം... കാരണം അധികനേരവും അരമണ്ഡലത്തിൽ നിന്നാണ് കളിക്കേണ്ടത്.. പിന്നെ കൊറേ ചാടി ഇരുന്നും, തിരിഞ്ഞു മറിഞ്ഞും ഒക്കെ കുമ്മിയടിക്കണം.. ചെറിയ തോതിൽ കളരിപ്പയറ്റാണെന്നു എനിയ്ക്കു തോന്നാറുണ്ട്... പവർഫുൾ... പിന്നെയുള്ളത്, മാർഗ്ഗംകളിയും ഒപ്പനയും... രണ്ടിനും കുറച്ചധികം തലയാട്ടണം, പക്ഷെ അത്യാവശ്യം താളത്തിനൊപ്പിച്ചു സ്‌റ്റെപ്പ്സ് അങ്ങട്ടും ഇങ്ങട്ടും മാറാതെ പഠിച്ചെടുത്താൽ കളിച്ചൊപ്പിയ്ക്കാം ... രണ്ടും റോബസ്റ്റാ  ....


എന്തായാലും മാഷെ കണ്ടപ്പോ തന്നെ ഏകദേശം നമ്മുടെ കാര്യത്തിൽ ഒരു തീരുമാൻ ആയതാണ്, പക്ഷെ മാഷ് നമ്മളെ പരിചയമുള്ളതായേ കാണിക്കുന്നില്ല... അത് ഇപ്പോഴായാലും ഉണ്ടാവില്ല, വെളിച്ചപ്പാടിന് എല്ലാരേം ഓർക്കാൻ പറ്റില്ലാലോ, വാളിൽ കുറച്ചധികം കാശ് വെയ്ക്കാത്തവരുടെ കാര്യം പിന്നെ പറയേം വേണ്ടാ എന്ന പോലെയാണ് നമ്മളൊക്കെ.... എന്തായാലും വന്നവരെ ഒക്കെ തരം തിരിച്ചു നിർത്തി, മാഷ് ചില സ്‌റ്റെപ്സ്  കാണിച്ചു തന്നിട്ട് അത് പോലെ ചെയ്യാൻ പറഞ്ഞു.. പറ്റുന്ന പോലെയൊക്കെ എല്ലാവരും ചെയ്തു.. ഞാൻ അടുത്തായി കൂട്ടുക്കാരി ലിസ്റ്റിൽ ചേർത്ത എന്റെ ക്ലാസ്സിലെ ടീന(ആ കുട്ടിയും സ്ക്കൂളിൽ അപ്പൊ പുതിയതായി ചേർന്നതാണ്) കളിച്ചു തകർത്ത് പെട്ടെന്ന് തന്നെ  ഉമ ടീച്ചറുടെയും അപ്പു മാഷിൻറേം പ്രിയങ്കരിയായി...അതോടെ മെല്ലെ കൂട്ടുക്കാരി ലിസ്റ്റിൽ നിന്ന് മാറ്റി കുശുമ്പ് ലിസ്റ്റിൽ കേറ്റാൻ ആലോചിച്ചു നിൽക്കുമ്പോഴാണ് മാഷ് എന്നെ അടക്കം കൊറച്ചു കുട്ടികളെ 'നമുക്ക് അടുത്ത കൊല്ലം നോക്കാം..' എന്ന് പറഞ്ഞു ഒഴിവാക്കുന്നത്... പ്രതീക്ഷിച്ച പോലെ ദാസാ എന്നും വിചാരിച്ച് മാറി നിന്നു... ടീനയെ സംഘനൃത്തത്തിലും തിരുവാതിരയ്ക്കും സെലക്റ്റ് ചെയ്തു, മറ്റു ഐറ്റംസിനു കൂടി ചേർക്കണമെന്ന് മാഷിന് നല്ല ആഗ്രഹമുണ്ട്... പക്ഷെ ഉമ ടീച്ചർ ആ കുട്ടിയുടെ ഒറ്റയ്ക്കുള്ള ഐറ്റംസ്, നാടോടി നൃത്തവും മോണോ ആക്റ്റും ഒക്കെയുള്ളതു കൊണ്ട് ഒരുപാട് സ്‌ട്രെയിൻ ആവണ്ടാ പാവം കുട്ടിയ്‌ക്കെന്നു പറഞ്ഞു വേണ്ടാന്നു വെച്ചു...  കഴിവുള്ളവരുടെ ഗതിക്കേട്‌ , എന്താ ല്ലേ...!! അങ്ങനെ ഒരുവിധം എല്ലാ ഐറ്റംസിനും എണ്ണം തികഞ്ഞു, നോക്കുമ്പോ മാർഗ്ഗംകളിയ്ക്കും ഒപ്പനയ്ക്കും ഒരാള് കുറവുണ്ട്... ആ പോസ്റ്റിലേക്ക്, ഒഴിവാക്കി നിർത്തിയവരെ വെച്ച് മാഷ് വീണ്ടും കൊറച്ചു ചുവടുകൾ കളിപ്പിച്ചു...  അറിയാതെ ചവറുകളിലേയ്ക്ക് വലിച്ചെറിഞ്ഞ മാണിക്യമായിരുന്നു ഞാനെന്നു മാഷ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.... അതെന്തായാലും എന്നെ സെലക്റ്റ് ചെയ്തു ...!

അങ്ങനെ ആ വർഷം  സബ്‌ജില്ലയ്‌ക്ക്‌ മുണ്ടും ചട്ടയും കുണുക്കും തളയുമൊക്കെയിട്ട്  മാർഗ്ഗംകളിയും ചുവന്ന തട്ടവും കാതിൽ നിറയെ സ്വർണ്ണ അലുക്കുകളുമിട്ടു ഒപ്പനയും കളിയ്ക്കാൻ ഭാഗ്യം കിട്ടി... ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിലെ ഏറ്റവും വലിയ സന്തോഷം എപ്പഴാണെന്നറിയോ, പ്രാക്ടീസിനു ക്ലാസ്സിന്റെ ഇടയിൽ നിന്നും വിളിച്ചോണ്ട് പോകുമ്പോ.. ഹോ, നമ്മളൊക്കെ പൊങ്ങി പൊങ്ങി ആകാശം മുട്ടും.. പ്രാക്ടീസിന് പോകുന്നത്, സ്‌റ്റെപ്സ്  കിട്ടാതെ വെള്ളം കുടിക്കാനും മാഷിൻ്റെ വായിൽ നിന്നുള്ള സരസ്വതി കേക്കാനും നായ കെതയ്ക്കുന്ന പോലെ നിന്ന് കെതയ്ക്കാനുമൊക്കെ  ആണെന്ന് നമ്മൾക്കല്ലേ അറിയുള്ളൂ...

എങ്കിലും, എന്തൊക്കെ പറഞ്ഞാലും സബ്ജില്ലാ, ജില്ലാ കലോത്സവങ്ങൾ ഒരു വേറിട്ട അനുഭവം തന്നെയാണ്... വീട്ടുകാരുടെ കൂടെയല്ലാത്ത യാത്രകൾ.. കലാമത്സരങ്ങളുടെയും ചെസ്റ്റ് നമ്പർ വിളികളുടെയും ജയതോൽവികളുടെയും  ആരവങ്ങളും ആഘോഷങ്ങളുമുള്ള പൊടിക്കാറ്റടിക്കുന്ന  ദിവസങ്ങൾ... ഉച്ചഭക്ഷണത്തിനായി വരികളിൽ സ്ക്കൂൾ  പാസ്സും കയ്യിൽ പിടിച്ചു കൂട്ടുകാരൊത്തുള്ള കാത്തുനിൽപ്പുകൾ.... മേക്കപ്പിട്ട് മണിക്കൂറുകളോളം ചെസ്റ്റ് നമ്പർ വിളിക്കുന്നതും കാത്തു ഉറങ്ങാതെ ഇരിയ്ക്കുന്ന രാത്രികൾ.. കളിച്ചു ക്ഷീണിച്ചു വരുമ്പോ വലിയ ക്ലാസ്സുകളിലെ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും വക ചായേം വടേം ഡയറിമിൽക്കും പിന്നെ തല ചായ്ക്കാൻ ഷേർളി  ടീച്ചറെ പോലെയുള്ളവരുടെ മടിത്തട്ടും.... സ്ക്കൂളിൽ നമ്മൾ ടീച്ചറും കുട്ടിയും സീനിയറും-ജൂനിയറും ഒക്കെ ആവുമ്പോഴും, ഇങ്ങനെയുള്ള സമയത്തു അതൊക്കെ പോയി സ്ക്കൂളിന്റെ പ്രതിനിധികളാവും എല്ലാരും .... ഒരു പ്രത്യേക  സ്നേഹവും കരുതലും ആണ് എല്ലാർക്കും പരസ്പരം... അതൊരു കാലം... ഇപ്പഴും അങ്ങനെയൊക്കെ ആണോ അറിയില്ല, ആവട്ടെ എന്ന് കരുതുന്നു..


അതിനടുത്ത വർഷം ഒപ്പനയിൽ നിന്നും തിരുവാതിരക്കളിയിലേക്കു പ്രൊമോഷൻ കിട്ടി... സംഘനൃത്തം അപ്പോഴും കിട്ടാക്കനി, എന്നാലും ഉള്ളത് കൊണ്ടോണം... ആറാം ക്ലാസ്സിൽ ചേരുമ്പോ തന്നെ അച്ഛൻ പറഞ്ഞിരുന്നു, ഇക്കൊല്ലം ഡാൻസും പാട്ടും എന്നൊന്നും പറഞ്ഞു പേര് കൊടുക്കാൻ നിക്കണ്ടാ എന്ന്... നല്ല അനുസരണ ആയതു കൊണ്ട് ഞാൻ ആദ്യേ പേരു കൊടുത്തു... പക്ഷേ വീട്ടിൽ പറയാൻ ധൈര്യമില്ല... വരുന്നിടത്തു വെച്ച് കാണാമെന്നു കരുതി..  ഈ തിരുവാതിര ഞാൻ നേരത്തെ പറഞ്ഞപ്പോലെ ഒരു കളരി ഐറ്റം ആണലോ... കുമ്മി പഠിയ്ക്കാൻ തുടങ്ങിയപ്പോഴാണ് മേലനങ്ങാൻ മടിയുള്ള നമ്മളെ പോലുള്ളവരൊക്കെ കാലിലെയും  തുടയിലെയും പേശികളെ ഒക്കെ പരിചയപ്പെടുന്നത്... വേദന കാരണം അനങ്ങാൻ പറ്റാതെ റോബോട്ടിനെ പോലെ നടക്കാൻ ശ്രമിയ്ക്കുന്ന സമയം...

അച്ഛനാണ് ദിവസവും രാവിലെ, നിലത്തു കിടക്ക വിരിച്ചു കിടന്നുറങ്ങുന്ന ഞങ്ങളെ(എന്നേം അനിയനേം), വിളിച്ചുണർത്താറുള്ളത് ... വിളിച്ചുണർത്തുക എന്ന് പറയുമ്പോ, ഉമ്മറത്തിരുന്നു പത്രം വായിക്കുന്നതിനിടയിൽ, "ന്നീം എണീയ്ക്കാറായില്ലേ, പോത്തു  പോലെ ഉറങ്ങാണ്ട്  ണീറ്റു പോവിൻ ..." എന്ന കളമൊഴിയിൽ തുടങ്ങും.... അതിൻ്റെ അടുത്ത അവസ്ഥാന്തരങ്ങൾ ഭയാനകമായിരുന്നത് കൊണ്ടു  മിക്കവാറും ഇവിടെ വെച്ച് ഞങ്ങൾ എഴുന്നേൽക്കും... അന്നെനിയ്ക്ക് റോബോട്ട് കാലുകൾ വെച്ചെഴുന്നേൽക്കാൻ നല്ല സമയമെടുത്തു, എന്നിട്ട് പതുക്കെ വടുക്കോറത്തേയ്ക്ക് പല്ലു തേയ്ക്കാൻ ഓരോ ചുവടായി 'ആവ്വോ, അമ്മോ' എന്നുള്ളിൽ വിളിച്ചു നടക്കാണ്... രാവിലെ തന്നെയുള്ള എന്റെ ഉന്മേഷം കണ്ടിട്ടുള്ള സന്തോഷം കൊണ്ട് അച്ഛൻ ചെറുതായൊന്നു താങ്ങി... ഞാൻ ഫുട്ബോൾ  പോലെ വീണ്ടും കിടക്കയിലെത്തി... എഴുന്നേറ്റതും കിടക്ക മടക്കി വെയ്ക്കുന്ന ദുഃശീലം ഇല്ലാതിരുന്നതു കൊണ്ട് സാരമായൊന്നും പറ്റാതെ വീണ്ടും മെല്ലെയെണീറ്റ് ഞാനെന്റെ പ്രയാണം തുടർന്നു... കാലു വേദനയാണെന്ന് മിണ്ടാൻ പറ്റില്ലാലോ... എന്തായാലും, ഞാനിങ്ങനെ പെട്ടെന്ന് തെറിച്ചുപോകുമെന്നു പ്രതീക്ഷിയ്ക്കാതിരുന്ന അച്ഛൻ പിന്നെ രണ്ടു ദിവസം വിളിച്ചുണർത്താനുള്ള സാഹസം കാണിച്ചില്ല... നൃത്തത്തിന് വേണ്ടിയുള്ള ത്യാഗങ്ങളുടെ പട്ടികയിലിതു ചെറിയൊരു ചുവടു(ചവിട്ടു) മാത്രം!!!


Thursday, June 20, 2019

നടനസ്മൃതികൾ - 1


എന്താന്നറിയില്ലാ, ആഗ്രഹിയ്ക്കാനും അസൂയപ്പെടാനും  പ്രത്യേക  കഴിവൊന്നും വേണ്ടാത്തത് കൊണ്ട്, ഓർമ്മ വെച്ച കാലം തൊട്ടുള്ളതാണ് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹവും  നല്ല ഡാൻസുകാരോടുള്ള  അടങ്ങാത്ത കുശുമ്പും... ഇവിടുത്തെ മലയാളീ അസോസിയേഷൻ കുടുംബസംഗമത്തിൻ്റെ തിരുവാതിരക്കളിയ്ക്ക്‌ പരിചയമുള്ള കുട്ടി വെറുതെ കൂടുന്നോ എന്ന് ചോദിച്ചപ്പോ തുറന്നതാണ് ഓർമ്മകളുടെ ഭണ്ഡാരം ...   എത്ര എത്ര ഡാൻസ് ഓർമ്മകൾ... ഇത്രമാത്രമൊക്കെ ഈ പണ്ടാരപ്പെട്ടിയ്ക്കു അകത്തുണ്ടായിരുന്നോ എന്ന് കാണുമ്പോൾ അതിശയം, എന്തെന്നില്ലാത്ത സന്തോഷം..

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ കിട്ടിയ ഒരു കിളിപ്പച്ച പട്ടുപാവാടയിൽ നിന്നാണ് ഓർമ്മകളുടെ  തുടക്കം... അധികൊന്നൂല്യാ, ആദ്യായിട്ട് ക്യാമറ മേടിച്ച സന്തോഷത്തിൽ പിതാശ്രീ കുട്ട്യോളുടെ ഫോട്ടോ എടുക്കാൻ ധൈര്യപ്പെട്ടപ്പോൾ, ചട്ടി കമഴ്ത്തി വെട്ടിയമാതിരി മുടിയിൽ 'റ' പോലെ മുല്ലപ്പൂ വെച്ച്, പട്ടു പാവാടയുമിട്ട്, വളരെ ഗൗരവഭാവത്തിൽ സലിംകുമാർ സിനിമയിൽ പറയുമ്പോലെ 'ഇത് ഏകമുദ്ര, ഇത് ദ്വിമുദ്ര' എന്ന കണക്കിൽ പല പോസും ചെയ്ത്  അത് അവസാനിയ്ക്കുന്നു...


പിന്നെ ഉള്ളതും ഒരു പട്ടുപാവാട ഓർമ്മ തന്നെയാണ്... പിങ്ക് നിറത്തിൽ കരിനീല ബോർഡറുള്ള പാവാട... രണ്ടാം ക്ലാസ്സിലെ ആന്വൽ ഡേയ്ക്ക്, ടീച്ചർമാർ കിട്ടിയ പിള്ളേരെയെല്ലാം പട്ടു പാവാടയുടുപ്പിച്ച്  താലം പിടിപ്പിച്ച് നിരത്തി നിർത്തി ചെയ്യിച്ച 'രംഗപൂജ' ഡാൻസ്... ഇതായിരുന്നു ആദ്യായിട്ടുള്ള സ്റ്റേജ് പെർഫോമൻസ്... ഡാൻസിൻ്റെ...   അതിനു മുൻപ് "നീലാകാശം പീലികൾ വിടരും പച്ചതെങ്ങോല" ആക്ഷൻ സോങ്‌സ് ഒക്കെ എൽ.കെ.ജി ക്ലാസ്സ് മുതലേ അവതരിപ്പിച്ചു മടലൊന്നും കിട്ടാണ്ട്  ആനന്ദാശ്രു പൊഴിച്ച കൊറേ പരിചയസമ്പത്തുണ്ട്.... അല്ലെങ്കിലും പങ്കെടുക്കുന്ന സന്തോഷം മതി നമുക്ക് ......  ഗപ്പൊക്കെ മേടിച്ചുകൂട്ടുന്ന വഷളത്തരം നമ്മള് ചെയ്യില്ല... പക്ഷേ രംഗപൂജയേയും ഡാൻസ് വിഭാഗത്തിൽ പൂർണ്ണമായി ചേർക്കാൻ പറ്റില്ല.. കാരണം ഇത് വെറുതെ താലം പിടിച്ചു തേരാ പാരാ സ്റ്റേജിലൂടെ തട്ടി മറിയാതെ നടന്നു സദസ്സിനോട് നമസ്തേ പറഞ്ഞു വന്നാ മതി...

അടുത്തകൊല്ലം ലിസി ടീച്ചറാണ് ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് .. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ കൂടിയായിരുന്ന ടീച്ചർ, ക്‌ളാസ്സിന്റെ അഭിമാനം വാനോളമുയർത്താൻ വേണ്ടിയോ എന്തോ ഡാൻസിന് പേരുകൊടുത്തവരെ എല്ലാരേം പഠിപ്പിക്കാൻ  തീരുമാനമായി.... ഒറ്റ കണ്ടീഷൻ - സ്വന്തമായി ചിലങ്ക കൊണ്ട് വരണം... അത് കേട്ടതോടെ,  നാളത്തെ മൃണാളിനി സാരാഭായീസ് ആവാൻ ആക്രാന്തം മൂത്തു ഓടിവന്നവരൊക്കെ,  "ഏഏഹ് .... ഞങ്ങളെ വിളിച്ചോ..." എന്ന മട്ടിൽ തിരിച്ചു ക്ലാസ്സിലെത്തി വിക്രം സാരാഭായീസ് ആവാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടു... പിന്നെ ഭായും ബെഹനും ഒന്നും ആവണ്ടാത്ത നമ്മളെ പോലെ ചിലർ മാത്രം ബാക്കിയായി... ചിലങ്കയൊക്കെ ഇട്ടു ഭരതനാട്യം ആയിരിക്കോ മോഹിനിയാട്ടം ആയിരിക്കോ ടീച്ചർ പഠിപ്പിക്കാ എന്നും കരുതി നിൽക്കുമ്പോളാണ്, ടീച്ചർ കാസ്സറ്റിട്ട് ടേപ്പ് ഓണാക്കിയത്... അതാ വരുന്നു, വന്ദനത്തിലെ "അന്തിപൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ....."  സിനിമാറ്റിയ്ക് ഡാൻസ് എങ്കിൽ അത്, നമ്മൾക്ക് എന്തായാലും കളിച്ചാ മതി എന്നുള്ളത് കൊണ്ട് ചിലങ്ക പ്രശ്നം വീട്ടിലവതരിപ്പിച്ചു...  ഈ വക കാര്യങ്ങളിൽ പ്രോത്സാഹനം അധികമുള്ള മാതാപിതാക്കളായതു കൊണ്ട് ചിലങ്ക പുതിയത് കിട്ടില്ലെന്ന്‌ അപ്പോൾ തന്നെ ഗ്യാരണ്ടി പറഞ്ഞു... അമ്മടെ പിന്നാലെ നടന്ന് ശല്യം സഹിക്കാൻ വയ്യാഞ്ഞപ്പോ, അമ്മടെ വീട്ടിൽ തട്ടിൻപുറത്ത് ഒരു  ചിലങ്കയുണ്ട്, അത് വേണമെങ്കിൽ കൊണ്ട് പൊയ്‌ക്കൊള്ളാൻ  പറഞ്ഞു... ഇത്ര കാലം ഞാനറിയാത്ത ചിലങ്കയോ അമ്മമ്മടെ അവിടെ എന്ന് അന്തംവിട്ടു നിക്കുമ്പോഴാണ് പണ്ട് കുട്ടിക്കാലത്തു ഇത് പോലെ ആഗ്രഹം മൂത്ത് ആറു മാസം ഡാൻസ് പഠിച്ച വകയിൽ മേടിച്ചതാണ് ചിലങ്കയും അരപ്പട്ടയും മുടി തിരുപ്പനും ഒക്കെ എന്ന് അമ്മ മൊഴിയുന്നത്... ആ ശനിയാഴ്ച തന്നെ അതവിടുന്നു പൊക്കി... നല്ല രാജാപാർട്ട് സംഭവം... മണികൾ അവിടേം ഇവിടേം കൊഴിഞ്ഞ ആ ചിലങ്ക കെട്ടി നൃത്തമാടി അതും അങ്ങനെ ഓർമ്മയാക്കി ...



അടുത്ത കൊല്ലം എന്റെ പെർഫോമൻസിൽ മതി മറന്നിട്ടോ എന്തോ ക്ലാസ്സ് ടീച്ചർ ഡാൻസിന് ചേർത്തില്ല... ആ വാശിയ്ക്കും സങ്കടത്തിനും വീട്ടിൽ കരഞ്ഞു നെലോളിച്ചു ഒരു മാഷേ വെച്ച് ഡാൻസ് പഠിപ്പിക്കാൻ തീരുമാനാക്കി... അപ്പു മാഷ്... കഷ്ട്ടിച്ചു മൂന്ന് ക്ലാസ്സ് തികച്ചെടുക്കാതെ പാവം ജീവനും കൊണ്ടോടി രക്ഷപ്പെട്ടു... പക്ഷെ മാഷിനറിയില്ലാലോ, കൊല്ലം കൊല്ലം ചാത്തന്മാർക്കു ദോശേം ചിക്കനും ഉണ്ണിയപ്പോം അവിലും നേദിക്കുന്ന തറവാട്ടിലെ, അതൊക്കെ പൊടി പോലും ബാക്കി വെക്കാതെ മത്സരിച്ചു ഭോജിക്കുന്ന കുട്ടിപട്ടാളത്തിലെ അംഗമാണ് നോം എന്ന്... അങ്ങനെ ചാത്തന്മാര്  വീണ്ടും മാഷിനെ എന്റെ മുൻപിൽ കൊണ്ടു വന്നു... കഥ തുടരും... പിന്നല്ലാ... :)

Thursday, April 25, 2019

അക്കരപ്പച്ചകൾ ...

കണ്ണടച്ചിരുളാക്കുന്നതെന്തിനെന്നോ -
കനവുകളിലെ കാലങ്ങളിൽ കൺത്തുറക്കാൻ ..
ആയിരം കാതങ്ങൾ സഞ്ചരിയ്ക്കാൻ 
ആധിയും അഴലും വിസ്മരിയ്ക്കാൻ....

മലമുകളിലെ കാവിലൊരു തിരി കൊളുത്താൻ 
മഴതണുപ്പേറ്റു മനം കുളിർക്കാൻ ....
താരാപഥങ്ങളെ നോക്കി മൗനം കൊള്ളാൻ 
താളത്തിൽ, തഞ്ചത്തിലൊരു പാട്ടു മൂളാൻ...

ചിലുചിലെ ചിരിയ്ക്കും കുപ്പിവളയണിയാൻ 
ചിഞ്ചിലം ചിലമ്പും വെള്ളിക്കൊലുസ്സൊന്നിടാൻ ...
തുടുസിന്ദൂരപ്പൊട്ടൊന്നീ  നെറ്റിയിൽ തൊടാൻ 
തുളസിക്കതിരൊന്നീ  മുടിത്തുമ്പിലൊളിപ്പാൻ ....



ഉമ്മറത്തിണ്ണയിലിരുന്നു കലപില കൂട്ടാൻ 
ഉയർക്കെ കയർക്കാൻ , പിന്നെയാർത്തു ചിരിയ്ക്കാൻ....
എന്തിനെന്നെന്നറിയാതെ വിതുമ്പി കരയാൻ, പിന്നെ 
എവിടേയ്ക്കെന്നറിയാതെ പോയി മറയാൻ....

അക്കരപ്പച്ചകളാവാം ഇവയെങ്കിലും 
അത്രമാത്രം മോഹം ഇതിനോടൊക്കെയും...
ഒടുക്കമില്ലൊരീ ആശകൾക്കെങ്കിലും -
ഒടുങ്ങും വരെയുള്ളിൽ ആഘോഷമിതൊക്കെയും !!



Wednesday, December 23, 2015

ഒരു കള്ളക്കഥ ...


ഇഞ്ചിനീര് പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെയായി തലസ്ഥാന നഗരിയിൽ സസുഖം വാഴുന്ന കാലം...  മണിക്കൂറിനു മണിക്കൂറിനു രാമുവിന്റെ കടയിൽ പോയി അരമണിക്കൂർ കത്തിവെച്ച്, കാപ്പിയും പഴംപൊരിയും തിന്ന് മാനേജറുടെ കണ്ണിൽപ്പെടാതെ സീറ്റിൽ തിരിച്ചെത്തുക എന്നൊരു വേവലാതി ഒഴിച്ച് മറ്റു വേവലാതികളും പ്രാരാബ്ധങ്ങളും ഇല്ലാത്ത സുവർണ്ണ കാലം....



താമസം സുഹൃത്തുക്കളുടെ കൂടെ പേയിംഗ് ഗസ്റ്റ് ആയിട്ടാണ്.. സാധാരണ ഗതിയിൽ പേയിംഗ് ഗസ്റ്റ് ആവുമ്പോ വീടിന്റെ ഒരു നിലയിൽ ഉടമസ്ഥരും മറ്റു നിലയിൽ / നിലകളിൽ ഇങ്ങനെയുള്ള ഗോസ്റ്റുകളും ആയിരിക്കും. പക്ഷെ ഞങ്ങൾ താമസിയ്ക്കുന്നവിടെ സംഭവം ഇത്തിരി വ്യത്യസ്തമായിരുന്നു... വീടിന്റെ ശരിയ്ക്കുള്ള ഉടമസ്ഥർ പുറംരാജ്യത്തെവിടെയോ ആയിരുന്നതിനാൽ വീട് മുഴുവൻ ഇങ്ങനെ ജോലിയ്ക്കു പോകുന്ന പെണ്‍ക്കുട്ടികൾക്ക് താമസിയ്ക്കാൻ കൊടുത്തിരിയ്ക്കാണ് ... മേൽനോട്ടം നടത്തുന്നത്, അതെ വളപ്പിൽ വേറൊരു വീട്ടിൽ താമസിയ്ക്കുന്ന അവരുടെ അച്ഛനും അമ്മയും ആയിരുന്നു...

സംഭവം വീട് മുഴുവൻ നമ്മുടെ കൈയ്യിൽ ആവുന്നതിന്റെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും, രാത്രി ആവുമ്പോ എല്ലാ വാതിലും ജനലും കുറ്റി ഇട്ടിട്ടില്ലേ നോക്കണം, ഓരോ നേരത്ത് ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്നവർക്കോ പോകുന്നവർക്കോ വാതിൽ തുറന്നു കൊടുക്കാനും, ഉറക്ക പിച്ചിൽ അത് ഭദ്രമായി തിരിച്ചു വീണ്ടും പൂട്ടാനും ഓർത്തിരിയ്ക്കണം എന്നീ ചെറിയ ബുദ്ധിമുട്ടുകളുണ്ട്... മാത്രമല്ല, ആ വീടിനാണെങ്കിൽ പുറത്തേയ്ക്ക് കടക്കാൻ വാതിലുകൾ അവിടെയും ഇവിടെയുമൊക്കെയുണ്ട്... ഏറ്റവും വയ്യാവേലി ഉണ്ടാക്കിയിരുന്നത്, മുകളിൽ മൂന്നാമത്തെ നിലയിൽ പുറത്തു തുണി ഉണക്കാൻ  റ്റെറസിലേയ്ക്കുള്ള വാതിലാണ് ..... അതിനു നാലഞ്ചു സാക്ഷകളും കൊളുത്തും വിലങ്ങനെ ഇരുമ്പു വടിയും ഒക്കെയുണ്ട്... മാത്രമല്ല, ആ വീട് തിരക്കുള്ള ഒരു കവലയുടെ അടുത്തായിരുന്നു... തൊട്ടപ്പുറം ഒരമ്പലവും !!  അതോണ്ട് എപ്പഴും ആൾക്കാരും വണ്ടികളും ഒക്കെയായി ബഹളമയമാണ് ..

വേറൊരു വീട്ടിലുള്ള ആന്റിയായിരുന്നു ഞങ്ങളുടെ ഭക്ഷണ കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്... സാധാരണ വീടുകളിലെ പോലത്തെ ഭക്ഷണമൊക്കെ ഉണ്ടാക്കി  മൂന്നു നേരം തന്നിരുന്നെങ്കിലും വടക്കൻ രുചി മാത്രം പഥ്യമുള്ള നാവിനെ തൃപ്തിപ്പെടുത്താൻ ഒരു ദിവസം ആര്യഭവൻ, ഒരു ദിവസം കലവറ, ചിലപ്പോ ധാബ അല്ലെങ്കിൽ തട്ടുകട അങ്ങനെ പോകും കാര്യങ്ങൾ... അന്ന് പിന്നെ ഷൈനിയുടെ പിറന്നാൾ കൂടിയായിരുന്നു... അപ്പൊ പിന്നെ, ഓഫീസ് വിട്ടു വന്നു ഞങ്ങൾ സഹമുറിയത്തികൾ മൂവരും ചേർന്ന് പുറത്തു കറങ്ങാനുള്ള പരിപാടിയിട്ടു.. അമ്പലത്തിൽ പോവുക, ഷൈനിയ്ക്കു  ഗിഫ്റ്റ് മേടിയ്ക്കുക,  കൊറച്ചു ഷോപ്പിംഗ്‌, പിന്നെ കൊറേ ഭക്ഷണം... ലളിതം സുന്ദരം.. !!

പിറന്നാൾ സമ്മാനം ആദ്യമേ തീരുമാനിച്ചിരുന്നു... ഡാൻ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' എന്ന പുസ്തകം... അതൊന്നു വായിക്കാൻ സത്യത്തിൽ മൂന്ന് പേരും കാത്തിരിയ്ക്കായിരുന്നു .. ഇതാവുമ്പോ സമ്മാനവും ആയി, എല്ലാർക്കും വായിക്കേം ആവാം ...ഒരേറിന് മൂന്ന് മാങ്ങാ :) കറക്കമൊക്കെ കഴിഞ്ഞ് വീടെത്തിയപ്പോ സമയം ഒമ്പതര... കത്തിയടി കൊറച്ചു കൂടി നീണ്ടു പോയി കെടക്കയിൽ എത്തിയപ്പോഴേയ്ക്കും സമയം പതിനൊന്നു കഴിഞ്ഞു കാണും... (എന്നെ ഇപ്പഴും അതിശയിപ്പിയ്ക്കുന്ന കാര്യം ഇതാണ്... അന്ന് ദിവസവും കാണുന്ന ഞങ്ങൾ എന്താണ്‌ ഇങ്ങനെ വിഷയദാരിദ്ര്യമില്ലാതെ ബോറടിയ്ക്കാതെ മണിക്കൂറുകളോളം പറഞ്ഞു തീർത്തിരുന്നതെന്ന് ...)

എന്തായാലും, എല്ലാരും ഉറങ്ങാൻ തീരുമാനിച്ചു... എന്റെ കണ്ണ് അപ്പോഴും ഡാവിഞ്ചിയിലാണ് ... ഷൈനി പ്രാർത്ഥന ചൊല്ലി കിടക്കാൻ തുടങ്ങുന്നതിനു മുൻപ്, ഞാൻ കയറി ചോദിച്ചു..
"ഷൈനി മോളെ, ഞാൻ നമ്മുടെ പുസ്തകം ഉല്ഘാടിയ്ക്കട്ടെ  ??"

ഷൈനി  പറഞ്ഞു, "ഉല്ഘാടിയ്ക്കുന്നതൊക്കെ കൊള്ളാം... നാളെ ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലെത്തുമ്പോൾ, സാധനം എന്റെ കൈയിലുണ്ടാവണം ... അപ്പൊ പിന്നെ 'നാല് ചാപ്റ്റരെ ഉള്ളൂ', 'രണ്ടു പേജും കൂടി', എന്നൊന്നും പറഞ്ഞു വന്നേയ്ക്കരുത് ..."

"ഓ, അതിനെന്താ, ഉറപ്പിച്ചു.. ഞാൻ അങ്ങനെയൊക്കെ പറയോ.. "

"ഹേയ്, ഇല്ലേയില്ല, പുസ്തകം കിട്ടിയാ നിനക്ക് പ്രാന്താ... ഹാരി പോട്ടറിന്റെ അഞ്ചാമത്തെ ബുക്കിന്റെ അനുഭവം ഓർമയുണ്ടല്ലോ ... അതോണ്ട് നീ അങ്ങനെ പറയേ ഇല്ലാ.. "

"ശ്ശോ, ഇതൊക്കെ ഇപ്പഴും ഓർത്തിരിയ്ക്കാ ? പിറന്നാളായിട്ട് എന്റെ മോള് വേഗം കിടന്നുറങ്ങിയെ .. ഇന്നലെ വിഷ് പറഞ്ഞുള്ള കോളുകളും മെസ്സേജുകളും കാരണം പന്ത്രണ്ടു മണിയ്ക്കെണീറ്റ ആളല്ലേ .."

"ഉം.. ശരി ശരി... ഗുഡ് നൈറ്റ് .."

റൂമിൽ ലൈറ്റിട്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കണ്ടാ എന്ന് കരുതി  ഞാൻ മെല്ലെ പൂമുഖത്ത് പോയിരുന്നു വായന തുടങ്ങി... അവിടെ എപ്പഴും ചെറിയൊരു ലൈറ്റുണ്ടാവും ... അങ്ങനെ വായിച്ചു വായിച്ചു സമയം പോണതറിഞ്ഞേയില്ലാ... ഓരോ ഭാഗം കഴിയുമ്പഴും വിചാരിയ്ക്കും, ഇത് കഴിഞ്ഞാ മടക്കി വെയ്ക്കും എന്ന്.. എവിടെ?? കഥയിൽ അവര് ഓരോ സാഹസികതകളുമായി മുന്നോട്ടു പോവുമ്പോ ഞാനും അവരുടെ കൂടെ ശ്വാസമടക്കിപ്പിടിച്ച് വായന തുടരാണ് ... (മുഴുവൻ നേരവും ശ്വാസമടക്കി പിടിച്ചില്ലാ... അല്ലെങ്കിൽ പിന്നെ പണി തീരില്ലേ ) അങ്ങനെ രസം പിടിച്ച വായനയുടെ ഇടയിലാണ് ഒരു ശബ്ദം കേൾക്കാൻ തുടങ്ങിയത്... എങ്ങനെയാ അതിപ്പോ പറയാന്ന് വെച്ചാൽ, ഒരു മെറ്റൽ ഉരയ്ക്കുന്ന പോലത്തെ ശബ്ദാണ് ... ഇടയ്ക്ക് ചെറുതായി നിൽക്കും , പിന്നെയും തുടരും... ഇതിപ്പോ എവിടുന്നാ വരുന്നതെന്ന് കൃത്യമായിട്ട് പറയാനും പറ്റണില്ല ... സമയം നോക്കിയപ്പോ പുലർച്ചെ മൂന്നുമണി ...

ഇതിപ്പോ എന്താവും ഈശ്വരാ എന്ന് വിചാരിയ്ക്കുമ്പഴാണ്, പെട്ടെന്ന് ബൾബ്‌ കത്തിയത്... മുറിയിൽ അല്ലാ .. തലയിൽ!! റ്റെറസിൽ നിന്നുമുള്ള വാതിൽ ഏതോ കള്ളൻ കുത്തി തുറക്കാൻ നോക്കാണ് ... അതിന്റെ വിലങ്ങനെയുള്ള ഇരുമ്പുവടിയിൽ കത്തിയോ വടിവാളോ ഏതോ മാരകായുധമോ കൊണ്ട് മുറിച്ചെടുക്കാൻ നോക്കുന്നതായിരിയ്ക്കും ... ഇപ്പൊ ശരിയ്ക്കും ശ്വാസം നിന്ന് പോയി.. 



മെല്ലെ ഷൈനീ , മായേ ..എന്നൊക്കെ വിളിച്ചു നോക്കി ... ശബ്ദം പുറത്തു വരുന്നില്ലാ... പേടിച്ചു പോയാൽ ശബ്ദം വരാത്തതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുന്നതാണെന്ന് അന്നറിഞ്ഞു... പതുക്കെ നടന്നു മുറിയിലെത്തി അവരെ തോണ്ടി വിളിച്ചു .. ഷൈനിയെ വിളിച്ചിട്ടും വിളിച്ചിട്ടും ഉണരുന്നില്ല... അവസാനം മായ ചാടി എണീറ്റു ...

"എന്താ , എന്താ ??"

എനിയ്ക്കാണെങ്കിൽ ശബ്ദം ശരിയ്ക്കു വരാതെ പകുതി ആംഗ്യവും പകുതി ശ്വാസവും ആയിട്ട് കഥകളി ആണ്...

"എന്താ വയ്യേ? എവിടെയെങ്കിലും വീണോ?"  മായ പേടിച്ചു.. മണിച്ചിത്രത്താഴില്  മന്ത്ര തകിട് കെട്ടാൻ ശ്രമിയ്ക്കണ ഇന്നസെന്റ്റിനോട്‌ കെ.പി.എ.സി ലളിത ചോദിയ്ക്കണ പോലെ...

"ഇല്ല്യാ.. ശബ്ദം.. ശബ്ദം.. കള്ളൻ..."

"കള്ളനോ? എന്തൊക്കെയാ പറയണേ.. എന്ത് ശബ്ദം?" ആൾ ആകെ പരിഭ്രാന്തിയിലായി...

ഞാൻ മെല്ലെ കൊറച്ചു ജീവൻ തിരിച്ചുവരുത്തി പറയാൻ നോക്കി ..
"ശ്രദ്ധിച്ചു നോക്ക്, ഒരു ശബ്ദം കേക്കുന്നില്ലേ... മെറ്റലിന്റെ കറ കറാ എന്ന് പറഞ്ഞ് .. ഞാൻ ബുക്ക്‌ വായിച്ചോണ്ടിരിയ്ക്കായിരുന്നു ... ഇതിപ്പോ ഒരു രണ്ടു മിനിട്ടായി കേക്കുന്നു .."

"ആഹ് , കേക്കുന്നുണ്ട് ... പക്ഷെ എന്തിന്റെ സൌണ്ട് ആണത്? "

" എനിയ്ക്ക് തോന്നണത്, നമ്മുടെ റ്റെറസിന്റെ വാതിൽ വല്ല കള്ളന്മാരും തുറക്കാൻ നോക്കാണ് എന്നാ.."

"ഹേയ്, അതൊന്നും ആവില്ല... ആണോ?"

"അല്ലാതിപ്പോ എന്താവും ? "

"ഭഗവാനെ.. ഇനി ഇപ്പൊ എന്താ ചെയ്യാ, ഉറക്കെ തൊള്ളയിട്ടാലോ ... മുകളിലെ മുറിയിലുള്ളവരെ എങ്കിലും അറിയിക്കണ്ടേ ..?"

"മുകളിലേയ്ക്ക് പോണ വഴിയ്ക്കാണ് കള്ളൻ ഉള്ളിൽ കേറണതെങ്കിലോ ...പുറത്തെ വാതിൽ തുറന്നോടാം എന്ന് വെച്ചാൽ, കള്ളന്റെ കൂടെയുള്ള ആരെങ്കിലും അവിടെ നിക്കുന്നുണ്ടെങ്കിലോ ..."

"അയ്യോ, ഇനി ഇപ്പൊ എന്താ ചെയ്യാ.. ഷൈനീ, ഷൈനീ.."

ഷൈനി ഇതൊന്നും അറിയണേ ഇല്ലാ.."നമുക്കാരെയാ ഒന്ന്  വിളിയ്ക്കാ "

"ഉം.. നമുക്ക് അങ്കിളെ വിളിയ്ക്കാം..."

"നമ്പറുണ്ടോ അങ്കിൾടെ ? ഈ നേരത്ത് വിളിച്ചാ എടുക്ക്വോ ആവോ .. അതോ ചീത്ത കേക്ക്വോ ..."

"പക്ഷെ വിളിയ്ക്കാതിരിയ്ക്കാൻ പറ്റില്ലാലോ... "

അങ്ങനെ ആ  വീട് നോക്കുന്ന അങ്കിൾടെ ഫോണ്‍നമ്പർ തെരഞ്ഞ് പിടിച്ചു വിളിച്ചു .. രണ്ടു പ്രാവിശ്യം റിംഗ് മുഴുവൻ അടിച്ചു, മൂന്നാമത്തെ പ്രാവിശ്യം അങ്കിൾ എടുത്തു ..

"അങ്കിളെ,  ഇത് ഞാനാ ദേവി.. ഇവിടെ പേയിംഗ് ഗസ്റ്റ്‌ ആയി നിക്കുന്ന കുട്ടിയാ "

"ആഹ് മോളെ.. എന്താ ഈ നേരത്ത്? മോളെവിടെയാ ഇപ്പൊ?"

"ഞാൻ ഇവിടെ വീട്ടിൽ തന്നെയാണ്.. ഒരു ശബ്ദം കേക്കുന്നുണ്ട് ... കള്ളനാണോ എന്ന് പേടിച്ചിട്ടു വിളിച്ചതാ.."

"കള്ളനോ,  ശബ്ദമോ??"

"ആ, ഒരു മെറ്റൽ കൊണ്ട് കര കരാ എന്നൊരയ്ക്കുന്ന പോലെ ... ഇനി മുകളിലെ വാതിൽ എങ്ങാനും വല്ല കള്ളന്മാരും തുറക്കാൻ നോക്കുവാണോ എന്ന് സംശയം... ഇടയ്ക്ക് നിക്കും, പിന്നെയും തുടങ്ങും... ഇതിപ്പോ കൊറച്ചായി .."

പിന്നെ കൊറച്ചു നേരത്തേയ്ക്ക് അങ്കിൾടെ ശബ്ദം കേക്കുന്നില്ലാ.. ഇനി പാവം ഇരുട്ടത്ത് ഒറ്റയ്ക്ക് എന്ത് ചെയ്യും എന്നാലോചിച്ചു നിക്ക്വാണോ ആവോ  ...

പെട്ടെന്ന് അങ്കിൾ ചോദിച്ചു, "ഇതാ ഇപ്പൊ കേക്കുന്ന സൌണ്ട് ആണോ .."

"ആഹ് , അതെ.. അപ്പൊ അങ്കിളിനും കേക്കുന്നുണ്ടോ ?"

"ഇതാണോ... ഇത് അമ്പലം തൂക്കുന്നതാ..."

അങ്കിൾ പറയുന്നത് കേട്ട ഞാനാണ് ഇപ്പൊ മിണ്ടാതായെ...  അമ്പലം തൂക്കാ എന്ന് പറഞ്ഞാ?? ഇനി ഇപ്പൊ കള്ളൻ അല്ലാ, ഹനുമാൻ ആവോ അമ്പലം ഒക്കെ തൂക്കിയെടുക്കാൻ ... "അങ്കിളെ, പറഞ്ഞത് മനസ്സിലായില്ല.."

"അത് അമ്പലത്തിന്റെ മുറ്റം തൂക്കുന്നതാ... അതിനു ഇരുമ്പ് ചൂല് പോലത്തെ ഇല്ലയോ... അതാ ഉപയോഗിയ്ക്കുന്നെ ... ദിവസവും പുലർച്ചെ ഒരു സ്ത്രീ വന്നു ചെയ്യുന്നതാ..."

ഓഹ്ഹ്ഹ് .... ഉള്ളിൽ ബോധോദയവും ചമ്മലും വെഷമവും സന്തോഷവും സമാധാനവും എല്ലാം കൂടി ലഡ്ഡുകൾ കുറെ പൊട്ടി... "അയ്യോ, അങ്കിളെ സോറി ട്ടോ... ഈ നേരത്ത് വിളിച്ചു ബുദ്ധിമുട്ടിച്ചതിന് ..."

"അത് സാരമില്ല മോളെ... ശരി എന്നാൽ.." എന്ന് പറഞ്ഞു അങ്കിൾ ഫോണ്‍ വെച്ചു ... പാവത്തിന്റെ ഉറക്കം ഞാനായിട്ട് കളഞ്ഞു...

ആകെമൊത്തം ചമ്മലും ചിരിയുമായി നിക്കുന്ന എന്നെ കണ്ടിട്ട് മായയ്ക്ക് ആകെ വട്ടായി... "എന്തുവാടെയ് അങ്കിൾ പറഞ്ഞത്...?"

"അതേയ്, അത് അമ്പലത്തിന്റെ മുറ്റമടിയ്ക്കുന്ന ശബ്ദാ .. ഈ റോഡൊക്കെ അടിച്ചുവാരണ വലിയ മെറ്റൽ ചൂല് കണ്ടിട്ടില്ലേ... അത് ഉപയോഗിയ്ക്കുന്നതിന്റെ സൌണ്ടാ നമ്മൾ കേക്കുന്നത്..."

"ഓഹ് ... അതാണോ... ന്റമ്മോ... വെറുതെ കൊറേ പേടിച്ചു..." എന്ന് പറഞ്ഞു ചിരി തുടങ്ങി..

"ഉം.. ഇപ്പഴാ സമാധാനായേ ... ചെലപ്പോ രാവിലെ അങ്കിളിന്റെ വായിൽ നിന്നും വല്ലതും കേട്ടാൽ, ഒരു കമ്പനിയ്ക്ക് നീയും കൂടി വരില്ലേ .."

"അയ്യടാ.. അത് മോള് സ്വയം മേടിച്ചാ മതി... പക്ഷെ ഇതെല്ലാവരെയും അറിയിക്കുന്ന കാര്യം ഞാൻ എറ്റു ... ആ ചമ്മൽ കാണാലോ കൊറേ ദിവസത്തേയ്ക്ക്..."

"ഈശ്വരാ.. ഇതിലും ഭേദം ശരിയ്ക്കും കള്ളൻ വരുന്നതായിരുന്നു..."

"ഇനിയെങ്കിലും ആൾക്കാരെ വട്ടാക്കാതെ പോയി കെടക്ക്വോ പ്ലീസ് ..."

"ഉം.. ഓക്കേ ഓക്കേ .." എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് എട്ടുമണിയ്ക്ക് അലാം വെച്ച് പുതപ്പിനുള്ളിലേയ്ക്ക് മെല്ലെ കേറി... ഇപ്പൊ നടന്നതിന്റെ ഒക്കെ എക്ക്സൈറ്റ്മെന്റ്  കൊണ്ട് ഉറക്കം വരില്ലെന്നുറപ്പുണ്ടായിരുന്നെങ്കിലും ...!!

രാവിലെ പുറപ്പെട്ടു ഓഫീസിലേയ്ക്കു പോകുന്ന വഴി അമ്പലത്തിന്റെ അടുത്ത് നിന്ന് പൂജാരിയും പിന്നെ വേറൊരു വയസ്സായ മനുഷ്യനും ഇങ്ങനെ സംസാരിയ്ക്കുന്നത് കേൾക്കാനിടയായി ... "എന്നാലും രണ്ടു ദിവസായിട്ട് അമ്പലം തൂക്കാത്തത് കഷ്ട്ടമായി.. വിജയമ്മയ്ക്കു ചിക്കൻ ഗുനിയ ആണത്രേ... നാളത്തേയ്ക്കെങ്കിലും വേറെ ആളെ കിട്ടിയാ മതിയാരുന്നു... !!"

അപ്പൊ ഞാൻ കേട്ട ശബ്ദം?? അമ്പലം തൂക്കിയത്‌ ആര് ???





Wednesday, October 07, 2015

കുഞ്ഞൻ ബോംബുകൾ ...


എപ്പോഴാണ് ഇങ്ങനെയൊരു അനിഷ്ടം  ഈ കുഞ്ഞൻ കറുപ്പ്‌ മണികളോട് തോന്നിയതെന്ന് ഒരു പിടിയുമില്ല.. പറഞ്ഞുവരുമ്പോൾ, ഭക്ഷണ കാര്യങ്ങളിലുള്ള പ്രത്യേക താല്പര്യം കൊണ്ടും ഒരു ഒന്നൊന്നൊര രണ്ടാൾക്കുള്ള ഭക്ഷണം നല്ല വൃത്തിയും വെടിപ്പുമായി കഴിയ്ക്കുന്ന ആളായത് കൊണ്ടും ഇങ്ങനെയൊരു അനിഷ്ടം ചില്ലറ പണിയൊന്നുമല്ല എനിയ്ക്ക് തരുന്നത്... കാരണം കറികളായ കറികളിലെല്ലാം കാക്കത്തൊള്ളായിര കണക്കിനെന്നു തോന്നുംവിധമാണീ ഇത്തിരി കുഞ്ഞന്മാർ ആണ്ടു പൂഴ്ന്നു സ്ഥാനം പിടിച്ചിരിയ്ക്കുന്നത് .... പറഞ്ഞു വരുന്നത്, ചൂടായ പച്ചവെള്ളിച്ചെണ്ണയിലേയ്ക്കു യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ എടുത്തെറിയുന്ന കുഞ്ഞൻ ബോംബുകൾ കടുകുമണികൾ തന്നെ!!



അവയൊക്കെയും പെറുക്കി പ്ലേയ്റ്റിന്റെയോ ഇലയുടെയോ അരികിൽ പ്രതിഷ്ഠിച്ച് സമാധാനമായി ഒന്ന് കഴിയ്ക്കാൻ പറ്റണ്ടേ ?? എങ്ങനെ പോയാലും ഒന്നോ രണ്ടോ എണ്ണം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ പോലെ വായിൽ കയറി പറ്റും ... തട്ടും തടവുമില്ലാതെ  പോകുന്ന മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച്, ഇവയൊക്കെയും പല്ലിന്റെ ഇടയിൽ പെട്ട് പൊട്ടിത്തെറിയ്ക്കുകയും, "ആരാ ഈ വൃത്തിക്കെട്ടവന്മാരെ കണ്ടു പിടിച്ചേ ദൈവമേ..." എന്നോ, "അടുക്കളയിലുള്ളവർക്ക് കടക്കാരാൻ ഫ്രീ ആയിക്കൊടുക്കുന്നതാണോ ഇത്ര മാത്രം കടുക് .." എന്നോ ഉള്ള പ്രാക്ക് നാവിന്റെ തുമ്പിൽ വന്നു നിറയുകയും ചെയ്യും.. പിന്നെ, വയറെന്റെ ആയിപ്പോയില്ലേ , നമ്മള് തന്നെ കഷ്ട്ടപ്പെടണ്ടേ എന്നോർത്ത് സമാധാനിച്ചു അശ്രാന്ത പരിശ്രമത്തിൽ ഏർപ്പെടും ...

വീട്ടിൽ അമ്മയോടോ അമ്മമ്മയോടോ അമ്മായിമാരോടോ ഈ കടുകെടപ്പാട്‌ ഒന്ന് നിർത്തലാക്കിക്കൂടേ എന്ന് ചോദിച്ചാൽ, ഞാൻ അവരോടു അരിയിടാണ്ട് ചോറുണ്ടാക്കാൻ പറഞ്ഞ പോലെ നോക്കും.. 

ചെറിയമ്മായി ചോദിച്ചു, "വറുത്തിടാണ്ട് എങ്ങനെയാ കുട്ടാ ചട്ട്ണിയും കൂട്ടാനും ഉണ്ടാക്ക്വാ?? ഇവിടേയ്, ആണുങ്ങൾക്ക് വെളമ്പണ്ടതല്ലേ .."

"അപ്പൊ ഞാൻ എന്താ ഈ 'ആണുങ്ങളുടെ' ലിസ്റ്റിൽ പെടില്ലേ?"

"നീയോ, നീ ചെറിയ ചെക്കനല്ലേ , കോളേജ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ... ജോലിയൊക്കെ ആയി പെണ്ണൊക്കെ കെട്ടി കുട്ടികളൊക്കെ ആയിട്ട് ഭാര്യയോട് പറഞ്ഞു നോക്ക്, കടുകിടാണ്ട് വെച്ച് വെളമ്പി തരാൻ ട്ടോ ..."

"ഇതാ കെടക്കണു, ഒരു കടുക് മണിയിൽ നിന്നും കുട്ടികളിലേയ്ക്ക് .. അമ്പമ്പോ , ഒന്നും വേണ്ടായേയ് .. ഞാൻ പെറുക്കിക്കോളാം .."

'കടുകുപെറുക്കി !!' - അപ്പുറത്ത് നിന്നും അനിയത്തി പുതിയ ഇരട്ടപ്പേരു കണ്ടുപിടിച്ച സന്തോഷത്തിൽ ബാക്കി കുട്ടി പട്ടാളങ്ങളെ അറിയിക്കാൻ ഓടി! ഭഗവാനേ ... നീ ഇതൊന്നും കാണുന്നില്ലേ ..!

അങ്ങനെ താമസിയാതെ ഞാൻ കൂട്ടുകാരുടെയും സ്വന്തക്കാരുടെയും വീട്ടിലും 'കടുക്കുപെറുക്കി'യായി വാഴ്ത്തപ്പെട്ടു! ഒരിയ്ക്കൽ, അച്ഛന്റെ തറവാട്ടിൽ പോയപ്പോൾ അവിടത്തെ വല്യമ്മായിടെ നല്ല ഒന്നാന്തരം സ്പെഷ്യൽ ഇഞ്ചിക്കറിയുണ്ടായിരുന്നു ഊണിന്.. അതിൽ സാധാരണയിലധികം കടുക് കണ്ട് അതിനെ  ഇഞ്ചിക്കറി എന്നതു മാറ്റി കടുകുക്കറിയെന്ന് പേരിട്ടാലോ എന്നാലോചിച്ച് പല്ല് കടിച്ചു പിടിച്ചു കടുകുകളെ ഫിൽറ്റർ ചെയ്തു ആസ്വദിയ്ക്കുമ്പോൾ, പിന്നിൽ നിന്നും വല്യമ്മായി പറഞ്ഞു, " നിന്റെ അച്ഛമ്മയ്ക്കും കടുക് തീരെ ഇഷ്ട്ടല്ലായിരുന്നു... മരിയ്ക്കണ വരെ വറുത്തിടണതിന് മുൻപ് കൂട്ടാനൊക്കെ കൊറച്ചു മാറ്റി വെയ്ക്കാൻ പറയ്വായിരുന്നു ... നീ ഇങ്ങനെ പെറുക്കണ കാണുമ്പോ അമ്മയെ ആണ് ഓർമ വരണേ .... "

കേട്ടപ്പോ പെട്ടെന്ന് സന്തോഷം തോന്നിയെനിയ്ക്ക്‌...എന്നിട്ട് പറഞ്ഞു, "ആഹ് ഹാ , അപ്പൊ ഞാൻ പാരമ്പര്യം നില നിർത്താണ് ... അതിനും വേണ്ടേ ഒരാള് ... ഞാൻ അച്ഛമ്മടെ കുട്ടിയാണേയ് !!"

വല്യമ്മായി അടുത്ത കസേരയിലിരുന്നിട്ടു പറഞ്ഞു, " വീടിനോടും വീട്ടുകാരോടും വല്യ ഇഷ്ടണ്ടായിരുന്നോര് മരിച്ചു കഴിഞ്ഞാൽ അവരെ അടക്കിയിട്ടു പോരുമ്പോ കൊറച്ചു കടുകെറിയുമായിരുന്നു, ത്രേ പണ്ടുള്ളോര്.. അപ്പൊ അവരുടെ ആത്മാവ് തിരിച്ചു വീട്ടിലേയ്ക്ക് വരാൻ തുടങ്ങുമ്പോ ഈ കടുക് കണ്ടിട്ട് അത് പെറുക്കാൻ ഇരുന്നോളും ... പെറുക്കിയിട്ടും പെറുക്കിയിട്ടും തീരാത്തോണ്ട്, വീട്ടിലേയ്ക്ക് ആത്മാവ് വരില്ല്യ ... അവരുടെ പിന്നെയുള്ള ജന്മത്തിലും അതോണ്ട് കടുക് ഇഷ്ടണ്ടാവില്ല..."

"അപ്പൊ വല്യമ്മായി പറയണത്, ഞാൻ കഴിഞ്ഞ ജന്മത്തിൽ മരിച്ചപ്പോ എന്റെ ദുഷ്ടന്മാരായ ബന്ധുക്കൾ കടുകെറിഞ്ഞത് കൊണ്ടാണ് ഞാൻ ഇപ്പൊ ഇരുന്നീ പെടാപാട് പെടണത് എന്നാണോ ...?"

"ആവ്വായിരിയ്ക്കും .. ആർക്കാ നിശ്ശം !!.."

അതിങ്ങനെ ഓർത്തോണ്ടിരുന്നിട്ടു കൊറച്ചു കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, "ഇപ്രാവശ്യം അച്ഛമ്മ മരിച്ചപ്പോ കടുക് എറിഞ്ഞ്വോ ആരെങ്കിലും?"

"ഹേയ് .. ഇല്ലാ ..അതൊക്കെ പണ്ട് ചെയ്തിരുന്നു എന്ന് പറയണ കാര്യങ്ങളല്ലേ, ഇപ്പൊ ആരെങ്കിലും ചെയ്യ്വോ ??"

"ഉം ...നന്നായി ... അടുത്ത ജന്മത്തിലെങ്കിലും അച്ഛമ്മ സമാധാനായിട്ട് ഭക്ഷണം കഴിയ്ക്കട്ടെ..!!" മനസ്സില് ഇതും കൂടി കുറിച്ചു... അച്ഛമ്മടെ ആത്മാവിന് ഞങ്ങളെ കാണാൻ വരണംന്ന് തോന്നിയാ കടുകു പെറുക്കി ബുദ്ധിമുട്ടണ്ടാലോ വഴിയില്ലിരുന്ന് ... പാവം പോന്നോട്ടെ...!!!