Sunday, November 23, 2008

കറുപ്പ്‌....


കറുപ്പ്‌
..... എല്ലാ നിറങ്ങളും വര്‍ണ്ണങ്ങളും ഉള്‍ കൊള്ളുന്ന കറു കറു കറുത്ത കറുപ്പ്‌.... കറുപ്പിനെ സ്നേഹിയ്ക്കുന്നതെന്തു കൊണ്ടെന്നോ ?? കറുപ്പ് സ്നേഹമാകുന്നു..... ഒരു പ്രതീക്ഷകളും മനസ്സിനറകളില്ലേയ്ക്ക് വാരി വിതറാതെ നിതാന്തമായ നിശ്ശബ്ദതയോടെ അതു നമുക്കായി കാത്തു നില്‍ക്കുന്നു.... ഒന്നും നല്‍കാതെ, എന്നാല്‍, നമ്മുടെയുള്ളില്ലുള്ള എല്ലാത്തിനെയും ആവാഹിച്ച്‌ എടുക്കുന്ന, നമ്മെ ശൂന്യമായ ഒരു തലത്തില്‍ നിര്‍ത്തുന്ന, ഒരു മാന്ത്രികത്വം !! എല്ലാം അവിടെ സമര്‍പ്പിയ്ക്കപ്പെടുന്നു.....



നീ കറുപ്പാകുന്നു....
നിന്റെ ഉള്ളും കറുപ്പാകുന്നു....
എന്നെയും എന്റെ ചുറ്റിലുള്ളതും എല്ലാം വര്‍ണ്ണങ്ങള്‍ കൊണ്ടു നിറയ്ക്കാന്‍ നീ സ്‌വയം കറുപ്പാകുന്നു....
അവയിലെ കറുപ്പിനെ എല്ലാം നീ നിന്നിലേയ്ക്കു ചേര്‍ക്കുന്നു....
പിന്നെ, കറുപ്പില്ലാത്ത വര്‍ണ്ണങ്ങളും വെളുപ്പും മാത്രം ബാക്കി നിര്‍ത്തി നീയകലെ നിന്നു ചിരിയ്ക്കുന്നു,
ഈ ഞങ്ങളെ നോക്കി....
കാരണം, നീ അറിയുന്നു,
ഒരു നാള്‍, ഈ നിറങ്ങളെല്ലാം ഉപേക്ഷിച്ചു ഞങ്ങളിലെ കറുപ്പും തേടി ഞങ്ങള്‍ നിന്നരികിലെത്തുമെന്നു...
അന്നു നീ ഞങ്ങളെയും നീയാക്കുന്നു....
ഞങ്ങള്‍ കറുപ്പാകുന്നു...
ഞങ്ങളുടെയുള്ളും കറുപ്പാകുന്നു.... !


Thursday, November 20, 2008

ഓര്‍മ്മകള്‍ നനയുമ്പോള്‍ ...




മറവി ,ഒരര്‍ത്ഥത്തില്‍ വലിയൊരു അനുഗ്രഹം തന്നെയാണു..... മറക്കാന്‍ കഴിയാതെ ഓര്‍മ്മകളുടെ നടുവില്‍ കഴിയേണ്ടി വരുന്നത്‌ വലാത്തൊരവസ്ഥയാണു .... നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ, പണ്ട് പണ്ട്.... രണ്ടുവരയിട്ട പുസ്തകത്തില്‍ കടലാസ്‌ പെന്‍സിലിന്റെ മുനയൊടിയാതെ കുനു കുനുന്നനെ ഉരുട്ടിയുരുട്ടി " ഒന്നാനാംകൊച്ചൂതുമ്പി.. എന്റെ കൂടെ പോരുമൊ നീ..." എന്നൊക്കെ എഴുതിയിരുന്നത് എന്തിനായിരുന്നുവെന്നു...?? ഉണ്ടാവില്ല.... എനിയ്ക്കറിയാം... പക്ഷേ ഞാന്‍ അതിനെ കുറിച്ചൊക്കെ ഓര്‍ക്കുന്നു.... ഇപ്പഴും മഴ പെയ്യുമ്പോള്‍ ഞാനോര്‍ക്കുന്നത് അച്ഛന്റെ തറവാട്ടിലേയ്ക്കുള്ള വഴിയാണു..... അവിടെ മഴ പെയ്തു തോരുമ്പോള്‍ വെള്ളിയും സ്‌വര്‍ണ്ണവും ഇടക്കലര്‍ന്നു തുന്നിയ കസവു തുണി പോലെ പഞ്ചാര മണലുണ്ടാവും.... അതില്‍ പേരെഴുതി കളിയ്ക്കാന്‍ ഇനി ഞാനോ നീയോ വേറെയാരെങ്കിലുമോ ഉണ്ടാവില്ലെന്നത്‌ എന്നെ വല്ലാതെ വേദനിപ്പിയ്ക്കുന്നു....

Wednesday, November 19, 2008

സര്‍പ്പ സ്വപ്നങ്ങൾ











പതുങ്ങിയിഴഞ്ഞു പോകും നിന്നെ 
സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു...
ഭയം കൊണ്ടല്ല, മറിച്ചാഹ്ലാദചിത്തയായി...

ഞാന്‍ പോകും വഴികളില്‍,
ഞാന്‍ പാര്‍ക്കും ഇടങ്ങളില്‍...
ഞാന്‍ നീന്തും നദികളില്‍ ,
ഞാന്‍ മയങ്ങും തീരങ്ങളില്‍..

പൂര്‍വജന്മ സ്മൃതിയുണര്‍ത്തി
എനിയ്ക്ക് ചുറ്റുമായ്‌ ഇഴഞ്ഞിഴഞ്ഞ്...
നീയെന്നുമെന്‍  
സ്വപ്നങ്ങൾക്കു  കാവൽ !!

നീ കൊഴിച്ച പടങ്ങള്‍ ;
ചുവപ്പായി പച്ചയായി നീലയായി
വെള്ളയായി കറുപ്പായി
പല വര്‍ണ്ണങ്ങള്‍ , വരകള്‍
പൂണ്ടെന്‍ സ്‌വപ്നപഥം മുഴുക്കെ -
ഛായം പകര്ന്നു...

നിന്നെ പിന്തുടരാനായതില്ല ഒരുനാളും ..
നിന്‍ മാളങ്ങള്‍ തേടി എന്നും വിഫലശ്രമയായി
തിരിഞ്ഞുക്കിടന്നുറങ്ങി ഞാന്‍ ..!!

വേരുകള്‍ ...


എല്ലാം അപൂർണ്ണമായിരുന്നു ... എന്നും...!!! എല്ലാം തുടങ്ങിയതു അവസാനിയ്ക്കാന്‍, അവസാനിപ്പിയ്ക്കാന്‍ തന്നെയായിരുന്നു.... പക്ഷേ ഒന്നും അവസാനിച്ചില്ല... തായ് വേരിൽ നിന്നും അഗാധതകളിലേക്ക്‌ പടരുന്ന മറ്റു ചെറിയ ചെറിയ വേരുകളെ പോലെ ഓരോന്നും പടര്‍ന്നിറങ്ങുകയായിരുന്നു... പുതിയ പുതിയ വേരിൻ നാമ്പുകൾ പൊട്ടി മുളച്ചു കൊണ്ടേയിരുന്നു... ലക്ഷ്യമറിയാതെ മണ്ണില്‍ എവിടെയൊക്കെയോ ദാഹം തീര്‍ക്കാനായി അലഞ്ഞു നടക്കുന്നു അവയൊക്കെ തന്നെയും..... ചിലതു മുളച്ചതും കരിഞ്ഞു... ചിലതാരെല്ലാമൊ മുറിച്ചു മാറ്റി...... ചിലപ്പോള്‍ ഈ മരമാകുന്ന ഞാന്‍ അലറി വരുന്ന ഏതോ കൊടുംക്കാറ്റില്‍ നിലം പതിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ മൂര്‍ച്ചയേറൂന്ന വായ്‌തലയ്ക്കിരയാകുമ്പോള്‍, അതുമല്ലെങ്കില്‍ ആളിപടര്ന്നൊരഗ്നിയില് വെന്തു ഭസ്മമാകുമ്പോള്‍ എന്നോടു കൂടി ഇവയെല്ലാം പൂര്‍ണ്ണത നേടുമായിരിയ്ക്കും ..... പക്ഷേ അതുവരെ.... അതിനാണു ഉത്തരംകിട്ടാത്തത്.... അതാണു കിട്ടേണ്ടതും......... 

എന്റെ എഴുത്ത്...


എഴുതണമെന്നുണ്ട്‌..... എഴുതി തുടങ്ങിയതാണു പലവട്ടം... പക്ഷേ പലപ്പോഴും എഴുതി മുഴുമിയ്ക്കാൻ പറ്റാതെ വാക്കുകള്‍ക്കിടയില്‍ പെട്ടു ശ്വാസം മുട്ടി... മനസ്സ്‌ വെറുതെ അസ്വസ്ഥമായി കൊണ്ടിരിയ്ക്കുന്നു.... അതിനെ കുറച്ചെങ്കിലും ശാന്തമാക്കാൻ വാക്കുകൾക്ക് കഴിയുമെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും‌... ആ തോന്നല്‍ ആണു വീണ്ടും വീണ്ടും എന്നെ എഴുതുവാന്‍ പ്രേരിപ്പിയ്ക്കുന്നതും .... ഇതു തുടക്കമാണോ ഒടുക്കാമാണോ എന്നറിയില്ല... എങ്കിലും എന്റെ തോന്ന്യാക്ഷരങ്ങളെ എനിയ്ക്ക്‌ കൂടുതല്‍ അറിയുവാന്‍ ഞാൻ‌ ഇതില്‍ പകര്‍ത്തുന്നു... അതിന്‌ വേണ്ടി മാത്രം.....!!