Friday, August 14, 2015

പാതകൾ ...


എവിടെ നിന്നോ എനിയ്ക്കെപ്പോഴോ കിട്ടിയ ചിന്ത..(ഭഗവദ് ഗീതയിൽ നിന്നാണെന്നു തോന്നുന്നു) ...."ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും, ഹിതപ്രകാരം നമ്മൾ തിരഞ്ഞെടുക്കുന്നതാണ് നാം സഞ്ചരിയ്ക്കേണ്ട പാത  എന്നു കരുതുന്നതിനെക്കാൾ നല്ലത്, അവയോരോന്നിലേയ്ക്കും ഈശ്വര നിശ്ചയമെന്നോ വിധിയെന്നോ പറയുന്ന മായ കൊണ്ട് നമ്മൾ എത്തിപ്പെടുന്നു എന്നു കരുതുന്നതാണത്രേ ...അപ്പോൾ പിന്നെ നമ്മൾ എവിടെയാണോ അവിടെ ആയതിന്റെ കാരണം നമ്മൾ അല്ലാതാവുന്നു...  തിരഞ്ഞെടുക്കാതെ പോയതിനെ കുറിച്ചുള്ള പശ്ചാത്താപമോ  തിരഞ്ഞെടുത്തത് ഞാൻ ആണെന്ന അഹങ്കാരമോ ഇല്ലാതെ പോകുന്നു .. ഒന്നും നമ്മുടേതല്ലാതാകുന്നു ..." ഇത് പ്രാവർത്തികമാക്കാൻ എത്രത്തോളം കഴിയുന്നുവെന്നതു ചെറുതല്ലാത്ത തമാശ.. :) 



അങ്ങനെ, 'ഇത് തന്നെയാണോ വേണ്ടത്?' എന്നു മുഴുക്കെ നിശ്ചയമില്ലാഞ്ഞിട്ടും, ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കൊണ്ടു നിറഞ്ഞതാവുന്നു ജീവിതം... ഒരു വഴി തിരഞ്ഞെടുത്തു നടക്കുമ്പോൾ, സമാന്തരമായി പോകുന്ന വഴികളെങ്ങാനും തിരഞ്ഞെടുത്തിരുന്നെങ്കിൽ അവയിലെ കാഴ്ചകൾ എന്തായിരുന്നേനെ എന്നോർത്ത് ദിവാസ്വപ്നങ്ങൾ നെയ്യുന്നു മനസ്സും...

ഒന്നു കിട്ടുമ്പോൾ, മറ്റൊന്നിനു കൊതിയ്ക്കുന്ന, അക്കരപ്പച്ചകൾ മാത്രം കാണുന്ന, ഒന്നും തികയാതെ വരുന്ന, ദുര പിടിച്ച മനസ്സായി പോകാതിരിയ്ക്കുവാൻ കൊച്ചു ശ്രമങ്ങൾ നടത്തുന്നു ഇടയ്ക്കെപ്പോഴോ... എൻ വഴിയിലെ യാഥാർത്യങ്ങളുടെ ചൂടിൽ നിന്നും തണുവാർന്ന ഇടവഴികളിലേയ്ക്കു ഒളിച്ചോടുവാൻ നോക്കുമ്പോൾ, മറ്റു സഹയാത്രികരുടെ യാഥാർത്യതീമഴകളിൽ  അവർ നീറുന്നതു കാണുന്നു.... എന്റെ കാലിലെ ചെറിയ ചൂടും കുളിർമയാകുന്നു... അവരുടെ അതിജീവനം എന്നെ അത്ഭുതപ്പെടുത്തുന്നു.... സുരക്ഷിതത്തിന്റെ, സമൃദ്ധിയുടെ, സ്നേഹത്തിന്റെ തണൽമരം എന്റെ ആകാശങ്ങളിൽ കുട നിവർത്തിയിരിയ്ക്കുന്നതു കാണുന്നു... എന്റെ  വഴി നേർത്തതാകുന്നു ..നിറയുന്ന അലിവിൽ ഞാൻ ഒന്നുമല്ലാതാകുന്നു.....!!



Friday, January 30, 2015

ഇങ്ങനെ കരുതുവാൻ ഇഷ്ടം ....






പുഴയെടുത്തുപ്പോയൊരു ഉണ്ണിക്കൈയിൽ
അപ്പോഴും മുറുകെപിടിച്ച,
കളിതോണിയിൽ കയറി കണ്ണെത്താ - 
കരപറ്റിയെന്നു കരുതുവാൻ ഇഷ്ടം 

ദൂരെ മുഴങ്ങുന്ന വെടി-
യൊച്ചകളാരോ അറിയാതെ 
തിരികൊടുത്തുപ്പോയൊരു
മാലപ്പടക്കമെന്നു കരുതുവാൻ ഇഷ്ടം 

എന്നും വൈകിവരും വണ്ടി 
ഒട്ടേറെ വൈകുന്നതാണ്, ഇന്നെന്നെ 
കാണുവാൻ നീയെത്താ-
തിരുന്നതെന്ന് കരുതുവാൻ ഇഷ്ടം 

പൊള്ളുന്ന ഭൂമിയും മനസ്സുകളും 
പെയ്തിറങ്ങാനിരിയ്ക്കും മഴയ്ക്കു -
കയറിയൊളിയ്ക്കുവാൻ  
വിണ്ടതാണെന്നു കരുതുവാൻ ഇഷ്ടം 

ചുളി വീണു തൂങ്ങിയ കണ്ണിൽ 
നിറയും നീർത്തുളി മക്കളുടെ -
സ്നേഹാധിക്യത്താലുള്ള  
സന്തോഷാശ്രുവെന്നു കരുതുവാൻ ഇഷ്ടം 

സൂചിപ്പഴുതില്ലാതെ തിങ്ങിനിറച്ച 
മിണ്ടാപ്രാണികളെ കൊണ്ടോടും വണ്ടി -
പച്ചപ്പുൽമേടുകൾ തിരഞ്ഞു 
നടപ്പാണെന്നു കരുതുവാൻ ഇഷ്ടം 

കുഞ്ഞുമകളുടെ മുറിയിലേയ്ക്കു 
പതിയെ നടക്കുമാ അച്ഛന്റെ -
മുഖത്തു കാമമില്ല, വെറും കരുണ 
മാത്രമെന്നു കരുതുവാൻ ഇഷ്ടം 

ആകാശം ചുംബിയ്ക്കുവാൻ മോഹം 
കൊണ്ടതാണീ, തീരവും അതിലെ
സർവ്വവും കൊണ്ടു പോകാൻ വരുന്ന -
തിരകൾക്കെന്നു കരുതുവാൻ ഇഷ്ടം 

ലോകത്തെ മുഴുവൻ 
വെറുക്കാതിരിയ്ക്കാൻ ;
നാളെയൊരു പുലരി വീണ്ടും
സ്വപ്നം കണ്ടുറങ്ങുവാൻ ;

ഇങ്ങനെ കരുതുന്നതൊക്കെയും 
കൊണ്ടീ,  കാണുന്നതും കേൾക്കുന്നതും -
അറിയുന്നതും, സ്നേഹ-
മാക്കാമെന്നു കരുതുവാൻ ഇഷ്ടം !!


Tuesday, December 02, 2014

രാരീ രാരോ...

രാരീ രാരോ രാരിരാരോ...
രാരീ രാരീരം രാരിരാരോ.....

കടലോളം സ്നേഹം എന്നുണ്ണിക്കണ്ണന്,
കാൽതള കരിവള കൊഞ്ചി പറയും...
കള്ള ചിരിയും കുസൃതിയുമായി  -
ഉണ്ണാൻ വിളിയ്ക്കുമ്പോൾ മറയുവതെങ്ങോ ....

രാരീ രാരോ രാരിരാരോ...
രാരീ രാരീരം രാരിരാരോ.....

ചെറുപൂ വിരിയും ആർദ്രവുമായി,
പിച്ചവെച്ചു മെല്ലെ നീ, അരികിൽ വരുമ്പോൾ;
അമ്മ നെഞ്ചു മിടിയ്ക്കും താളമുണ്ടല്ലോ -
അമ്പിളിക്കുഞ്ഞേ, നിനക്കുറങ്ങീടുവാൻ ......




രാരീ രാരോ രാരിരാരോ...
രാരീ രാരീരം രാരിരാരോ.....

പൂമരം പൂത്തുലഞ്ഞ പോലെ,
കുടുകുടാ ചിരിച്ചെന്നെ മയക്കിടുമ്പോൾ ;
ജന്മ സാഫല്യ, മിതെന്നറിവൂ ഞാൻ -
ജന്മാന്തര പുണ്യവും നീ തന്നെയെന്നും ...

ജന്മ സാഫല്യ, മിതെന്നറിവൂ ഞാൻ -
ജന്മാന്തര പുണ്യവും നീ തന്നെയെന്നും ...

രാരീ രാരോ രാരിരാരോ...
രാരീ രാരീരം രാരിരാരോ.....

Friday, November 28, 2014

തനിച്ച്‌...

തനിച്ച്‌... തലക്കെട്ട്‌ വായിച്ചിട്ടു വിഷയം ഒറ്റയ്ക്കാവുന്നതിന്റെ സങ്കടങ്ങളെ കുറിച്ചും ഏകാന്തതയുടെ അപാരത്തീരങ്ങളെ കുറിച്ചുമൊക്കെയാണെന്നു വിചാരിച്ചു പോകല്ലേ.. വല്ലപ്പോഴും എഴുതുന്നതാണീ എഴുത്തെങ്കിലും ഇപ്പോൾ വളരെയധികം കാലമായി എഴുതിയിട്ട്... ഈ പേജിലൂടെ കണ്ണോടിച്ചിരുന്നിട്ട് പുതിയതെന്തെങ്കിലും എഴുതണമല്ലോ എന്നൊക്കെ വിചാരിയ്ക്കും .. പിന്നെ എന്താ എഴുതാ, എന്തിനെ കുറിച്ചാ എഴുതാ എന്നൊക്കെ ആലോചിയ്ക്കുമ്പോൾ മനസ്സും ബുദ്ധിയുമൊക്കെ മരവിച്ചു പോകും.. എന്താണ് കാരണമെന്ന് ആലോചിച്ചിട്ടൊന്നും പിടികിട്ടിയതുമില്ല..

അങ്ങനെയിരിക്കെ, ഇന്നാളൊരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഓഫീസിനു പുറത്തിട്ടിട്ടുള്ള കസേരകളിൽ ഒന്നിൽ പോയിരുന്നു.. അത്യാവശ്യം മരങ്ങളും കാഴ്ച്ചകളുമൊക്കെയുള്ള തിരക്കു കുറഞ്ഞൊരു സ്ഥലമായിരുന്നു അത്.. അപ്പുറത്തും ഇപ്പുറത്തുമുള്ള മേശകളിൽ ആളുണ്ടായിരുന്നെങ്കിലും കൂടെയാരുമില്ലായിരുന്നു.. ചുറ്റുപാടും ഇങ്ങനെ നോക്കിയിരിയ്ക്കെ പെട്ടെന്ന് മനസ്സിലൊരു സന്തോഷം.. അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്, ഞാൻ തികച്ചും തനിച്ചാണെന്ന്.. കൂട്ടിനൊരു മനുഷ്യജീവിയുടെ അഭാവമല്ല എന്നെ അത്ഭുതപ്പെടുത്തിയത്, ഞാനെന്റെ ഫോണ്‍ എടുക്കാൻ മറന്നു പോയിരിയ്ക്കുന്നു...



വിളികളോ സന്ദേശങ്ങളോ ഇമെയിലുകളോ ഫേസ്ബുക്കോ വാർത്തകളോ ചിത്രങ്ങളോ ബ്ലോഗുകളോ ഒന്നുമില്ലാതെ തികച്ചും തനിച്ച്.. ഹായ് .. എന്തൊരു പുതുമ.. മനസ്സ് തണുക്കുന്ന പോലെ.. ലോകത്തും മറ്റുള്ളവരുടെ ജീവിതത്തിലും എന്ത് നടക്കുന്നുവെന്നറിയേണ്ടാത്ത, അതിനെ കുറിച്ച് വേവലാതിപ്പെടെണ്ടാത്ത കുറച്ചു നിമിഷങ്ങൾ !! ചുറ്റുപാടുമുള്ള മരങ്ങളും പൂക്കളും കിളികളും കാറ്റും വെളിച്ചവും എല്ലാം മനോഹരം..

അപ്പോഴുണ്ട്, ഭയങ്കരമായി കലപില കലപില പറഞ്ഞ് രണ്ടു കുഞ്ഞു കുരുവികൾ.. രണ്ടിനേം കാണാനൊരേ നിറവും രൂപവുമൊക്കെയാണെങ്കിലും അതൊരു അമ്മക്കുരുവിയും കുഞ്ഞുക്കുരുവിയുമാണെന്നാണ്‌ എനിയ്ക്കു തോന്നിയത്.. കാരണം ഒന്നിനു മറ്റതിനേക്കാളും കുറച്ചു വലുപ്പമുണ്ടായിരുന്നു.. സാധാരണ ഇത്തരം കുഞ്ഞിപക്ഷികൾക്ക് ഒരേ വലുപ്പമാണ് തോന്നാറുള്ളത്.. മാത്രമല്ല, എനിയ്ക്കത് അമ്മയും കുഞ്ഞുമാണെന്ന് തോന്നിയത് ചെറിയ ആൾടെ പ്രകടനം കണ്ടിട്ടു കൂടിയാണ്..

അതൊരു നിമിഷാർദ്ധം പോലും ഒതുങ്ങിയിരിയ്ക്കുന്നുണ്ടായിരുന്നില്ല.. (പൊതുവെ, കിളികൾ അങ്ങനെയാണെങ്കിലും, ഇതിങ്ങനെ നിലത്ത് അങ്ങട്ടുമിങ്ങട്ടും പെട്ടെന്ന് പെട്ടെന്ന് ചാടിക്കൊണ്ടിരിയ്ക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു..) അമ്മക്കിളി അതിന്റെ അടുത്തെത്താൻ നോക്കുമ്പോഴേയ്ക്കും അതു വേറൊരു സ്ഥലത്തെത്തി കാണും.. അവസാനം കലപില കലപില പറഞ്ഞ് രണ്ടുപേരും ഒരു സ്ഥലത്തെത്തി.. അമ്മക്കിളി കൊക്കിൽ നിന്നും കുഞ്ഞിക്കിളിയുടെ വായിലേക്കു ഭക്ഷണം കൊടുത്തു.. അത് കിട്ടിയ പാടെ, കുഞ്ഞിക്കിളി വീണ്ടും പറന്ന് വേറൊരിടത്ത് പോയി.. അമ്മക്കിളി മണ്ണിൽ എന്തൊക്കെയോ ചികഞ്ഞെടുത്ത് വീണ്ടും പിന്നാലെ പായുക തന്നെ.. വീണ്ടും ഒരു വായ കൂടി ഭക്ഷണം കുഞ്ഞുക്കുരുവിയ്ക്ക്.. വീണ്ടും ഓട്ടം തന്നെ.. "ഇവിടെ വാ.. ഇവിടെ വാ.. " എന്ന് കിളി ഭാഷയിൽ പിന്നാലെ അമ്മയും.. അതിങ്ങനെ കുറച്ചു നേരം തുടർന്നു .. പിന്നെ എനിയ്ക്കു കാണാൻ പറ്റാത്ത എവിടെയ്ക്കോ പറന്നു പോയി രണ്ടാളും..




ഇതിലെന്തിരിയ്ക്കുന്നു, ഇതിത്ര വിസ്തരിയ്ക്കാൻ മാത്രമെന്തുണ്ട്, എന്നൊക്കെ ചിലർ കരുതുന്നുണ്ടാവും.. ലോകത്തെമ്പാടും അമ്മയോ അച്ഛനോ (ഏതു വർഗ്ഗത്തിലാണെങ്കിലും ) കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം കൊടുക്കുന്നുണ്ടാവും.. കൊടുത്തു കൊണ്ടെയിരിയ്ക്കുന്നുമുണ്ടാവും.. തികച്ചും സാധാരാണമാണിതെങ്കിലും ആ കുഞ്ഞുക്കുരുവിയുടെ കുസൃതി കണ്ടപ്പോൾ ഞാനെൻറെ ഉണ്ണിയെക്കുറിച്ചുമാലോചിച്ചു ... ഓരോ വായ കഴിച്ചിട്ട് കുസൃതികളൊപ്പിച്ചു  അടങ്ങിയൊതുങ്ങി ഇരിയ്ക്കാത്ത അവന്റെയും, ഭക്ഷണം കഴിപ്പിയ്ക്കാൻ പിന്നാലെ പാഞ്ഞിരുന്ന എന്റെയും ചിത്രം മനസ്സിൽ കണ്ടു....  ഉള്ളിൽ വീണ്ടുമൊരു സന്തോഷം.. ഒരു കുളിർമ.... ഒരു ആർദ്രത ... മനസ്സിങ്ങനെ തനിച്ച്...

യാദൃശ്ചികമെന്നെനിയ്ക്കു തോന്നിയ ഈ കാഴ്ച്ച എന്റെ കൈയ്യിൽ ഫോണ്‍ ഉണ്ടായിരുന്നെങ്കിൽ ഞാൻ കാണില്ലായിരുന്നുവെന്നത് നൂറു ശതമാനം സത്യം.. അപ്പോഴാണ്‌ ഓർത്തത്‌ ഞാനിങ്ങനെ തനിച്ചിരുന്നിട്ടു കാലമെത്രയായി എന്ന്.. ഇന്നത്തെ കാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും കൂടെയല്ലാത്തപ്പോൾ പോലും നമ്മൾ ഒറ്റയ്ക്കാവുന്നില്ല.. എല്ലാവരും ഇങ്ങനെയായിരിയ്ക്കില്ലാ,  എങ്കിലും ചുറ്റുപാടും കാണുമ്പോൾ മിക്കവാറും പേർ ഇങ്ങനെയല്ലേ എന്ന് തോന്നി പോവുന്നു..

എന്റെ തന്നെ ഉദാഹരണം എടുക്കുകയാണെങ്കിൽ, പണികളൊന്നും ചെയ്യാനില്ലാതെ, സംസാരിയ്ക്കാൻ ആരുമില്ലാത്ത നേരത്താണെങ്കിൽ, ഒന്നല്ലെങ്കിൽ ടി.വി.യുടെ മുന്നിലായിരിയ്ക്കും.. അല്ലെങ്കിൽ കമ്പ്യുട്ടർ, ടാബ്ലെറ്റ്‌, ഫോണ്‍, എന്നിങ്ങനെ എന്തെങ്കിലും ഞെക്കിക്കൊണ്ടിരിയ്ക്കുകയായിരിയ്ക്കും... യാത്ര ചെയ്യുമ്പോൾ പോലും പാട്ടുകൾ, റേഡിയോ അങ്ങനെയെന്തെങ്കിലും കേട്ടുക്കൊണ്ടിരിയ്ക്കും.. വളരെ വിരളമായി പുസ്തകങ്ങളും  ഈ ലിസ്റ്റിൽ എവിടെയെങ്കിലും ഇടം പിടിയ്ക്കും... (ബോധപൂർവ്വം ചെയ്യുന്നതല്ല  ഇതെങ്കിൽ കൂടിയും, വല്ലാതെ ഈ ഉപകരണങ്ങൾക്കു ആശ്രിതരായി പോകുന്നു, അല്ലേ ?? ) ഫേസ്ബുക്കിൽ ഒരു പൂച്ചക്കുട്ടിയുടെ പടം കണ്ടിട്ട് ഇഷ്ടപ്പെടുന്നവരും അഭിപ്രായം പറയുന്നവരും അടുത്തുക്കൂടെ ഒരു ആനക്കുട്ടി പോയാൽ പോലും അറിയുന്നുണ്ടാവില്ലാ എന്നു തോന്നും ചിലപ്പോൾ ... അതിനൊക്കെ സമയമെവിടെ എന്നാണു ഒഴികഴിവ്....

ഞാൻ, എന്റെ മനസ്സും ബുദ്ധിയും, എന്റെ വിചാരങ്ങളും വികാരങ്ങളും മാത്രമായിട്ടിരിയ്ക്കുക എന്നതുണ്ടാവുന്നതെയില്ല.... പറഞ്ഞു വരുന്നത്, ഇങ്ങനെ ഒട്ടും ഒറ്റയ്ക്കാവത്തപ്പോൾ, പിന്നെയെങ്ങനെ പുതിയ ചിന്തകൾ ഉണ്ടാവും.. മനസ്സ് പറയുന്നത് കേൾക്കാൻ എപ്പോൾ സമയമുണ്ടാവും.... ആശയങ്ങൾക്ക് പിറവി കൊടുക്കാനൊരു പഴുതുപോലും കൊടുക്കാതിരിയ്ക്കുമ്പോൾ, പിന്നെയെങ്ങനെ എഴുതാൻ വിഷയം കിട്ടും... ???

ഇങ്ങനെയൊരു വെളിപാട് സിദ്ധിച്ച സ്ഥിതിയ്ക്കു ചെറിയൊരു തീരുമാനമെടുത്തേയ്ക്കാം എന്ന് കരുതുന്നു.. തനിച്ചിരുന്ന്, ആലോചിച്ചുണ്ടാക്കി പേജായ പേജെല്ലാം എഴുതി തീർക്കും എന്നൊന്നുമല്ല (ആരും പേടിയ്ക്കണ്ടാ.. ), ചെറിയ ചെറിയ സന്തോഷങ്ങൾ മനസ്സിൽ നിറയ്ക്കാൻ, ഇനിയും പുതിയ കാഴ്ചകൾ കാണാൻ, ചെറുതായി കൌതുകം കൊള്ളാൻ, ഒരു ദിവസം  കുറച്ചു നിമിഷങ്ങൾ ഞാനിനിയെന്നും തനിച്ച് ......!!!



Tuesday, October 30, 2012

ഇത്തിരി നേരം ഒറ്റയ്ക്കിങ്ങനെ ....


ഈ കാറ്റിനെയും സന്ധ്യകളെയും അതു കഴിഞ്ഞാല്‍ വരുന്ന ഇരുട്ടിനേയും ഒളിപ്പിച്ചു വെയ്ക്കാന്‍ ഒരു മണ്‍കുടം വേണമെനിയ്ക്ക്....
എന്നിട്ട് ഇടയ്ക്കെല്ലാം ചെപ്പു തുറന്നു എനിയ്ക്കും അതിനുള്ളില്‍ കയറി പതുങ്ങിയിരിയ്ക്കണം...
ആ നിശ്ശബ്ദതകള്‍ക്കുള്ളില്‍ ഇരുന്നു എനിയ്ക്ക് എന്നോടു സംവദിയ്ക്കണം...
എന്നിലെ പഴയ എന്നെ കാണണം.. ഞാന്‍ ഇത്രമാത്രം മാറിയിരിയ്ക്കുന്നുവെന്ന് ചെറിയ ഞെട്ടലോടെ തിരിച്ചറിയണം...
ചില സാമ്യതകള്‍ ഇപ്പോഴും അവശേഷിയ്ക്കുന്നതില്‍ ഇത്തിരി സന്തോഷിയ്ക്കണം...




നിറപൊലിമകളും പൊട്ടിച്ചിരികളും നിറഞ്ഞ ദിവാസ്വപ്നങ്ങള്‍ കണ്ടു രസിയ്ക്കണം....
പിന്നെ കുറെ ഇരുന്നു തേങ്ങി തേങ്ങി കരയണം....
യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചം വേദനിപ്പിച്ചു കൊണ്ട് ഈ ഇരുള്‍ക്കുടത്തിലേയ്ക്ക് അരിച്ചെത്തുമ്പോള്‍, ഓരോ ദിനവും കഴിഞ്ഞതിനേക്കാള്‍ ആയാസം നിറഞ്ഞതാവുന്നതെന്തു കൊണ്ടെന്നു ആരായണം...
ഒടുവില്‍, ആറടി താഴ്ച്ചയിലുള്ള മോക്ഷത്തിലേയ്ക്ക് കാല്‍വെപ്പുകള്‍ അടുക്കുന്നുവെന്നോര്‍ത്ത് സമാധാനിയ്ക്കണം...


Thursday, August 23, 2012

ധര്‍മ്മസങ്കടങ്ങള്‍................... ...!!




നിശ്ശബ്ദതകളിലേയ്ക്കു വഴുതി വീഴുമ്പോള്‍, എപ്പോഴോ -
നിന്‍ ഹൃദയതാളം ഞാന്‍ കേള്‍ക്കുന്നു ...

നിദ്രയുടെ ഇടനാഴികകളിലെങ്ങും, എന്തിനോ -
നിന്‍ വരവും കാത്തു ഞാന്‍ നില്‍ക്കുന്നു ....

കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍
കാലമെന്നും പക്ഷെ; വിഡ്ഢി വേഷമണിയിക്കുന്നു ...

മറവിക്കും ഭ്രാന്തിനും മരണത്തിനുമിടയില്‍
കര്‍മ്മബന്ധങ്ങള്‍ സദാ, മുറവിളി കൂട്ടുന്നു ....

അഭയസ്ഥാനങ്ങളില്ലേയ്ക്കു ഓടിയെത്തുവാന്‍,
പാതയും പാഥേയവും
മാത്രം മറന്നിങ്ങു ഞാന്‍ വൃഥാ..... !!

Friday, May 25, 2012

പറയണമെന്നാശിപ്പതും... പറയാതെ പോവുന്നതും...

ദൂരം കൂടുന്നുവോ..?
ചിന്തകള്‍ക്കും വാക്കുകള്‍ക്കും  മനസ്സുകള്‍ക്കുമിടയില്‍...
എന്നെ അറിയാതെ പോവുന്നുവോ നീ ..
അല്ലെന്നാശിയ്ക്കാനാണെനിയ്ക്കിഷ്ട്ടം ...

എന്‍ സ്വരവ്യതിയാനങ്ങളില്‍
എന്‍ മനമളക്കുന്നവള്‍ നീ ..
അതിനാല്ലെന്നു  തോന്നുന്നു
പലനേരം പറയാതെ പോവതു
എന്‍ ദു:ഖമത്രയും ...
നാഴികകള്‍ക്കപ്പുറമിരുന്നു നീ
നിസ്സഹായയായി വിഷമിപ്പതു കാണ്‍ക വയ്യല്ലോ ..

എങ്കിലും അമ്മേ...
പിടയുന്നു  ഹൃദയം
നിന്നരികില്ലേയ്ക്കോടി അണയാന്‍
നിന്‍ മടിയില്‍ തലവെച്ചു  പയ്യാരം പറയാന്‍ ..
"എല്ലാം ശരിയാവും " എന്നു  നീ  -
മൊഴിയുമ്പോള്‍, ആശ്വസിയ്ക്കാന്‍...
ഒറ്റയ്ക്കല്ല ഒരിയ്ക്കലും, എന്നു വിശ്വസിയ്ക്കാന്‍ ..

പക്ഷെ, ഇതു തന്നെയാവുമോ 
നിനക്കെന്നോടും   പറയാനുള്ളതെന്തോ.... ??
പരസ്പരം  പറഞ്ഞു  തീര്‍ത്താലും
പറയാതെ  പോവുന്നതെന്തോ .... ??